'രാത്രി ഇറങ്ങുന്ന മൂങ്ങയെ പോലെയാണ് മഹാസഖ്യം പുറത്തിറങ്ങാത്തത് കൊണ്ടാണ് ബിഹാറിലെ വികസനം കാണാത്തത്'; കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി
രാഹുലിന്റെ വോട്ട് കൊള്ള ആരോപണം ഗിമ്മിക്കെന്നും വിഷയം ഇൻഡ്യ മുന്നണി പോലും ഏറ്റെടുക്കുന്നില്ലെന്നും ജിതൻ റാം മാഞ്ചി മീഡിയവണിനോട് പറഞ്ഞു
കേന്ദ്രമന്ത്രി ജിതിൻ റാം മാഞ്ചി Photo| MediaOne
റാഞ്ചി: രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണം തള്ളി കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാൻ അവാം മോർച്ച പാർട്ടി അധ്യക്ഷനുമായ ജിതൻ റാം മാഞ്ചി. രാഹുലിന്റെ ആരോപണം ഗിമ്മിക്കെന്നും വിഷയം ഇൻഡ്യ മുന്നണി പോലും ഏറ്റെടുക്കുന്നില്ലെന്നും കേന്ദ്രമന്ത്രി മീഡിയവണിനോട് പറഞ്ഞു.ഡബിൾ എൻജിൻ സർക്കാർ നിരവധി വികസനപദ്ധതികൾ ബിഹാറിൽ നടപ്പിലാക്കി. രാത്രി ഇറങ്ങുന്ന മൂങ്ങയെ പോലെയാണ് മഹാസഖ്യമെന്നും അവർ പുറത്തിറങ്ങാത്തതുകൊണ്ടാണ് വികസനം കാണാത്തതെന്നും ജിതൻ റാം മാഞ്ചി പറഞ്ഞു..
'ഡബിൾ എൻജിൻ സർക്കാരാണ് നിലവിൽ ബിഹാറിൽ.20 വർഷമായി നിതീഷ് കുമാറും 11 വർഷമായി നരേന്ദ്രമോദിയും ഭരണത്തിലുണ്ട്.മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായുമൊക്കെ 40 വർഷമായി ഞാൻ രാഷ്ട്രീയ രംഗത്ത് ഉണ്ട്.ഇവിടെ വൈദ്യുതി ഇല്ലായിരുന്നു, റോഡ് ഇല്ലായിരുന്നു, നിയമവ്യവസ്ഥയില്ലായിരുന്നു.അടിസ്ഥാന സൗകര്യ വികസനങ്ങൾ ഒന്നുമില്ലായിരുന്നു.ആ അവസ്ഥ ഇപ്പോൾ മാറി.റോഡുകളും പാലങ്ങളും സ്കൂളുകളും ആശുപത്രികളും ഒക്കെ ആയി. വികസനം എത്താത്ത മേഖലകളിൽ പോലും എൻഡിഎ സർക്കാർ വികസനം കൊണ്ടുവന്നു.യാത്രാസമയം കുറയ്ക്കുന്നതിനായി പുതിയ പാലങ്ങളും ഫ്ലൈ ഓറുകളുമായി'. ജിതൻ റാം മാഞ്ചി പറഞ്ഞു.
'ബിഹാറിൽ വികസനം ഒന്നുമില്ലെന്ന് പറയുന്ന പ്രതിപക്ഷം വികസന വിരോധികളാണെന്നും അദ്ദേഹം പറഞ്ഞു.അവരെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല, സംസാരം മാത്രമാണ്.രാത്രി ഇറങ്ങുന്ന മൂങ്ങയെ പോലെയാണ് മഹാസഖ്യം. അവർ പുറത്തിറങ്ങാത്തതുകൊണ്ടാണ് ഇവിടുത്തെ വികസനം കാണാത്തത്. നേരത്തെ നാലും അഞ്ചും മണിക്കൂർ യാത്ര ചെയ്ത് എത്തേണ്ട ഗയയിലും പൂർണിയലും ഇപ്പോൾ വേഗത്തിൽ എത്താൻ കഴിയുന്നുണ്ട്. നാലു മണിക്കൂർ മാത്രമായിരുന്നു നേരത്തെ വൈദ്യുതി ലഭിച്ചിരുന്നത്.ആ അവസ്ഥയും മാറി'. ജിതൻ റാം മാഞ്ചി പറഞ്ഞു.