അഖ്ലാഖ് വധക്കേസ് പ്രതികൾക്കെതിരായ കേസുകൾ പിൻവലിക്കാനൊരുങ്ങി യോഗി സർക്കാർ; കോടതിയിൽ അപേക്ഷ നൽകി
പ്രതികളിൽ ദാദ്രിയിലെ പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകൻ വിശാൽ റാണയും ഉൾപ്പെടുന്നു.
Photo| Special Arrangement
ലഖ്നൗ: ബീഫ് കൈവശം വച്ചെന്നാരോപിച്ച് ദാദ്രിയിൽ മുഹമ്മദ് അഖ്ലാഖ് എന്ന 52കാരനെ തല്ലിക്കൊന്ന പ്രതികൾക്കെതിരായ കേസുകൾ പിൻവലിക്കാനൊരുങ്ങി യുപി ബിജെപി സർക്കാർ. സിആർപിസി സെക്ഷൻ 321 പ്രകാരമാണ് 10 പ്രതികൾക്കെതിരായ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയുള്ള കേസ് പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഗവർണറുടെ രേഖാമൂലമുള്ള അനുമതിയോടെയുള്ള കേസ് പിൻവലിക്കൽ അപേക്ഷ യോഗി ആദിത്യനാഥ് സർക്കാർ ഗൗതം ബുദ്ധ നഗറിലെ അപ്പർ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. പ്രതികൾക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ. രാജ്യമാകെ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ, പത്ത് വർഷത്തിന് ശേഷം പ്രതികളെ രക്ഷപെടുത്താനാണ് ബിജെപി സർക്കാരിന്റെ നീക്കം.
പ്രതികളിൽ ദാദ്രിയിലെ പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകൻ വിശാൽ റാണയും ഉൾപ്പെടുന്നു. പ്രതികൾക്കെതിരെ ഐപിസി 302 (കൊലപാതകം), 307 (കൊലപാതക ശ്രമം), 323 (മനഃപൂർവം പരിക്കേൽപ്പിക്കുക), 504 (സമാധാന അന്തരീക്ഷം തകർക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള മനഃപൂർവമായ അപമാനം), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.
സംസ്ഥാന സർക്കാർ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ, ഗൗതം ബുദ്ധ നഗറിലെ അസിസ്റ്റന്റ് ജില്ലാ ഗവൺമെന്റ് കൗൺസൽ ഭാഗ് സിങ്ങാണ് കോടതിയിൽ കേസ് പിൻവലിക്കൽ അപേക്ഷ സമർപ്പിച്ചത്. രാജ്യമാകെ ഏറെ പ്രതിഷേധത്തിനും ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിതുറന്ന സംഭവമായിരുന്നു അഖ്ലാഖ് വധം. ബീഫിന്റെ പേരിലുൾപ്പെടെ രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുത ചൂണ്ടിക്കാട്ടി എഴുത്തുകാരും കലാകാരന്മാരും തങ്ങളുടെ സംസ്ഥാന അവാർഡുകൾ തിരികെ നൽകി പ്രതിഷേധിച്ചിരുന്നു.
അഖ്ലാഖിനെ തല്ലിക്കൊന്ന പ്രതികൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിയില്‍ മുന്‍നിരയില്‍ നിന്ന് ആര്‍പ്പുവിളിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 2019ൽ ദാദ്രിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയുടെ മുന്‍നിരയിലാണ് യോഗിയുടെ പ്രസംഗം കേട്ട് പ്രതികൾ ആർപ്പുവിളിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. കേസിലെ മുഖ്യപ്രതി വിശാല്‍ റാണയുള്‍പ്പെടെ നാലു പേരെയാണ് മുന്‍നിരയില്‍ കണ്ടത്. മേഖലയിലെ ബിജെപി സ്ഥാനാര്‍ഥി മഹേഷ് ശര്‍മയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു യോഗി എത്തിയത്.
2015 സെപ്തംബർ 28നാണ് ഗൗതം ബുദ്ധ നഗർ ജില്ലയിലെ ദാദ്രിയിൽ ബീഫ് കൈവശം വച്ചെന്നാരോപിച്ച് അഖ്ലാഖിനെ ഒരു കൂട്ടം ഹിന്ദുത്വ അക്രമികൾ തല്ലിക്കൊന്നത്. ബിസാര ഗ്രാമത്തിലെ താമസക്കാരനായ അഖ്‌ലാഖിനെ ബീഫ് റഫ്രിജറേറ്ററിൽ സൂക്ഷിച്ചതായി ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ പ്രഖ്യാപിച്ചതിനെത്തുടർന്ന് അക്രമികൾ വീട്ടിൽ നിന്ന് വലിച്ചിഴച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. അഖ്‌ലാഖും കുടുംബവും പശുവിനെ കൊന്നതായി സോഷ്യൽമീഡിയയിൽ പ്രചരിച്ച അഭ്യൂഹങ്ങൾ ഉച്ചഭാഷിണിയിലൂടെ വിളിച്ചറിയിക്കുകയായിരുന്നു. ഗോവധത്തിനു പ്രതികാരം ചെയ്യാനായിരുന്നു ആഹ്വാനം. ആഹ്വാനം ഏറ്റെടുത്ത് എത്തിയ ആൾക്കൂട്ടമായിരുന്നു രാത്രി അഖ്‌ലാഖിന്റെ വീട്ടിലെത്തി കൊലപാതകം നടത്തിയത്.
ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ മകൻ ദാനിഷിന് ഗുരുതരമായി പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന തയ്യൽ മെഷീൻ കൊണ്ടായിരുന്നു അഖ്‌ലാഖിന്റെ 29കാരനായ മകന്റെ തലയ്ക്ക് അതിശക്തമായി അടിച്ചത്. ദാനിഷ് മരിച്ചെന്ന് കരുതിയ സംഘം, വീണ്ടും അഖ്‌ലാഖിനു നേരെ തിരിയുകയായിരുന്നു. കൈയിലുണ്ടായിരുന്ന ഇരുമ്പുദണ്ഡുകളും വടികളും ഉപയോഗിച്ച് തലങ്ങും വിലങ്ങും പൊതിരെ തല്ലി. അഖ്‌ലാഖും രക്തത്തിൽ കുളിച്ച് നിലത്തുവീണു. ഇതിനിടെ തൊട്ടടുത്തുള്ള മകൾ ശായിസ്തയെ അക്രമികൾ പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും, 27കാരി അക്രമിയെ ധീരയായി നേരിട്ടു.
തുടർന്ന് അക്രമികൾ അഖ്‌ലാഖിനെ പിടിച്ച് നിലത്തുകൂടി വലിച്ചിഴച്ച് പുറത്ത് കൂടിനിന്നവരുടെ നടുവിലേക്ക് ഇട്ടുകൊടുത്തു. അവിടെയും ആൾക്കൂട്ടം ക്രൂരപീഡനം തുടർന്നു. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും അഖ്‌ലാഖ് മരണത്തിനു കീഴടങ്ങിയിരുന്നു. തലയോട്ടി തകർന്ന് രക്തംവാർന്നുകൊണ്ടിരുന്ന ദാനിഷിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. രാജ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ ആറ് വർഷത്തിന് ശേഷമായിരുന്നു വിചാരണ ആരംഭിച്ചത്.
ഇതിനിടെ, ഇരകൾക്കെതിരെ ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് കേസെടുക്കാനും നീക്കമുണ്ടായി. കേസ് നടപടികൾ വൈകിപ്പിക്കാനും അന്വേഷണം വഴിതെറ്റിക്കാനും പലതവണ ഇടപെടലുമുണ്ടായി. 2016 ജൂണിൽ അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ ഗോവധം ആരോപിച്ച് കേസെടുത്തു. സുരാജ്പാൽ സ്വദേശിയായ ഒരാളുടെ പരാതിയിൽ ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി. എന്നാൽ, കുടുംബത്തിനെതിരെ നടപടി സ്വീകരിക്കുന്നത് പിന്നീട് അഹലബാദ് ഹൈക്കോടതി തടയുകയായിരുന്നു. അഖ്‌ലാഖും കുടുംബവും പശുവിനെ കൊന്നതിന് തെളിവില്ലെന്ന് പിന്നീട് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. അഖ്ലാഖിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ആട്ടിറച്ചിയാണെന്ന് ഉത്തർപ്രദേശ് വെറ്ററിനറി വകുപ്പ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
ഇതിനിടെ, 10 പ്രതികൾ അറസ്റ്റിലായെങ്കിലും പിന്നീട് കേസന്വേഷണം വഴിമുട്ടി. വൈകാതെ മതിയായ തെളിവുകൾ ഹാജരാക്കാനാകാതെ അലഹബാദ് ഹൈക്കോടതി മുഴുവൻ പ്രതികൾക്കും ജാമ്യം നൽകി. ഇതിനിടെ മറ്റൊരു കൊലയും നടന്നു. അഖ്‌ലാഖ് കേസ് അന്വേഷിച്ചിരുന്ന സുബോധ് സിങ്ങിനെ 2018 ഡിസംബർ മൂന്നിന് ബജ്രംഗ്ദൾ, ബിജെപിയുടെ യുവമോർച്ച അടക്കമുള്ള ഹിന്ദുത്വസംഘം കൊലപ്പെടുത്തി. യുപിയിലെ ബുലന്ദ്ഷഹറിൽ പശുക്കൊല ആരോപിച്ച് നടന്ന സംഘർഷത്തിനിടെയായിരുന്നു സംഭവം.