വിവാഹം ചെയ്യണമെന്ന് സമ്മർ‍ദം; യുപിയിൽ 60കാരിയെ കഴുത്തുഞെരിച്ച് കൊന്ന് യുവാവ്

സംഭവത്തിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Update: 2025-11-23 16:57 GMT

ലഖ്നൗ: തന്നെ വിവാഹം ചെയ്യാൻ സമ്മർദം ചെലുത്തിയ 60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ഹാഥ്റസ് ജില്ലയിലെ ചന്ദ്പയിലാണ് സംഭവം. സംഭവത്തിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

നവംബർ 14നാണ് നാഗ്ല ഭൂസ് ട്രൈസെക്ഷനിലെ റോ‍‍ഡരികിൽ തിരിച്ചറിയപ്പെടാത്ത ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, കൊല്ലപ്പെട്ടയാളെയും പ്രതിയേയും തിരിച്ചറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. പശ്ചിമ ബംഗാൾ സ്വദേശിനിയായ ജോഷിന എന്ന സ്ത്രീയാണ് മരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.‌

പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ആ​ഗ്രയിലെ താജ്​ഗഞ്ച് സ്വദേശിയായ 45കാരൻ ഇമ്രാനാണ് പ്രതിയെന്ന് കണ്ടെത്തുകയും ചെയ്തെന്ന് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു‌. തുടർന്ന്, ഞായറാഴ്ച ഹാഥ്റസിലെ ഹതിസ പാലത്തിന് സമീപത്തു നിന്നും ഇമ്രാനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി അറിയിച്ചതിനുസരിച്ച്, കൊല്ലപ്പെട്ട സ്ത്രീയുടെ ഫോൺ പൊലീസ് കണ്ടെടുത്തു.

Advertising
Advertising

ഇമ്രാനാണ്, ആ​ഗ്ര സ്വദേശിയുമായി ജോഷിനയുടെ മകളുടെ കല്യാണം നടത്താൻ സഹായിച്ചതെന്ന് പൊലീസ് സൂപ്രണ്ട് ചിരഞ്ജീവ് നാഥ് സിൻഹ പറഞ്ഞു. പശ്ചിമ ബംഗാളിലെ ജോഷിനയുടെ വസതിക്ക് സമീപമാണ് ഇമ്രാന്റെ ഭാര്യാവീട്ടുകാർ താമസിച്ചിരുന്നത്. അതിനാൽ, ഇരുവരും പലപ്പോഴും കണ്ടുമുട്ടുകയും ബന്ധം വളരുകയും ചെയ്തിരുന്നു.

നവംബർ 10ന് തന്റെ പേരക്കുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കൊൽക്കത്തയിൽ നിന്ന് ജോഷിന ആ​ഗ്രയിൽ എത്തിയിരുന്നുവെന്നും ഇമ്രാന്റെ വീട് സന്ദർശിച്ചതായും തന്നെ വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തിയതായും ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, തനിക്ക് ഭാര്യയും മക്കളും ഉള്ളതിനാൽ ഇമ്രാൻ ആവശ്യം നിരസിച്ചു.

നവംബർ 13ന് ജോഷിനയെ കൊൽക്കത്തയിൽ തിരികെ വിടാനായി താൻ അവരോടൊപ്പം പോയെന്ന് ഇമ്രാൻ പൊലീസിനോട് പറഞ്ഞു. ആഗ്രയിലേക്കുള്ള ഒരു ബസിൽ കയറിയെങ്കിലും ഹാഥ്റസിലെ നാഗ്ല ഭൂസ് ട്രൈസെക്ഷനിൽ ഇറങ്ങി. ജോഷിനയെ ഒഴിവാക്കാൻ ഇവിടെവച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി ഇമ്രാൻ സമ്മതിച്ചതായും പിന്നീട് അവരുടെ വസ്ത്രങ്ങൾ കീറിമുറിച്ച് മറ്റാരോ കുറ്റകൃത്യം ചെയ്തുവെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News