മരം മുറിച്ചുമാറ്റുന്നതിനെ എതിര്‍ത്തു; ദലിത് യുവാവിന്റെ ജനനേന്ദ്രിയം അറുത്ത് സവര്‍ണ ജാതിക്കാര്‍, ഗര്‍ഭിണിയായ ഭാര്യയ്ക്ക് ക്രൂരമര്‍ദനം

സവര്‍ണ ജാതിക്കാര്‍ യുവാവിന്റെ ജനനേന്ദ്രിയതിന്റെ പകുതിയില്‍ കൂടുതല്‍ ഭാഗം മുറിച്ചുവെന്നും, ഗര്‍ഭിണിയായ ഭാര്യയെ മഴുകൊണ്ട് ക്രൂരമായി അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും പരാതിയിലുണ്ട്

Update: 2023-06-19 11:44 GMT
Editor : vishnu ps | By : Web Desk
Advertising

ആഗ്ര: സ്വന്തം സ്ഥലത്തെ മരം മുറിച്ചുമാറ്റുന്നതിനെ ചോദ്യം ചെയത ദലിത് യുവാവിന്റെ ജനനേന്ദ്രിയം അറുത്ത് സവര്‍ണ ജാതിക്കാര്‍ യു.പി ഇറ്റ സ്വദേശിയായ സതേന്ദ്ര കുമാറിനെയും നാല് മാസം ഗര്‍ഭിണിയായ ഭാര്യ പൂജയെയുമാണ് സവര്‍ണ ജാതിക്കാരായ സംഘം മര്‍ദിച്ചത്.

ജൂണ്‍ 14 നാണ് സംഭവം നടന്നത്. അക്രമി സംഘം ഇയാളുടെ ജനനേന്ദ്രിയതിന്റെ പകുതിയില്‍ കൂടുതല്‍ ഭാഗം മുറിച്ചുവെന്നും, ഗര്‍ഭിണിയായ ഭാര്യയെ മഴുകൊണ്ട് ക്രൂരമായി അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നും പരാതിയിലുണ്ട്.

സംഭവത്തില്‍ പ്രതികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിക്രം സിങ് താക്കൂര്‍, സതേന്ദ്ര ഏലിയാസ് ബുറേ താക്കൂര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.സി/എസ്.ടി ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

എന്നാല്‍ കേസിലെ മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണ്. അവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

''സവര്‍ണ ജാതിക്കാരായ സംഘം എന്റെ സ്ഥലത്തെ ഒരു മരം മുറിച്ചുമാറ്റാനായി എത്തി. ഞാനതിനെ എതിര്‍ത്തപ്പോള്‍ അവരെന്നെ തെറി വിളിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. പിന്നാലെ വിക്രമും ബുറേയും എന്നെ പിടിച്ച് മാറ്റുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് വിക്രം ഒരു കത്തിയെടുത്ത് എന്റെ ജനനേന്ദ്രിയം മുറിക്കുകയും ചെയ്തു.

എന്റെ നിലവിളി കേട്ട് എത്തിയ നാല് മാസം ഗര്‍ഭിണിയായ ഭാര്യയേയും അവര്‍ മഴുകൊണ്ട് ക്രരമായി അടിച്ച് പരിക്കേല്‍പ്പിച്ചു. അക്രമത്തില്‍ ഭാര്യയുടെ ഇടത് കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പേടിച്ച് കുതറിയോടിയ ഞങ്ങളെ പിന്തുടര്‍ന്ന അവര്‍ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം വീണ്ടും ക്രൂരമായി മര്‍ദിച്ചു. പൊലീസില്‍ വിവരമറിയിച്ചാല്‍ കൊല്ലുമെന്നും അവര്‍ ഞങ്ങളോട് പറഞ്ഞു.'' മര്‍ദനമേറ്റ സതേന്ദ്ര കുമാര്‍ പറഞ്ഞു.

പരാതി നല്‍കാനായി പൊലീസിനെ സമീപിച്ചപ്പോള്‍ അവരത് തള്ളിക്കളഞ്ഞെന്നും പിന്നീട് വക്കീലുമായി വന്നപ്പോഴാണ് പരാതി സ്വീകരിച്ചതെന്നും സതേന്ദ്ര കുമാറിന്റെ ഭാര്യ പൂജ ആരോപിച്ചു.

അക്രമത്തിന്റെ നടുക്കത്തില്‍ നിന്ന് ഇതുവരെ മുക്തമാകാന്‍ കഴിഞ്ഞില്ലെന്നും, അക്രമികളുടെ ബന്ധിക്കള്‍ പരാതി പിന്‍വലിക്കാനായി ഭീഷണിപ്പെടുത്തുന്നതിനാല്‍ ഇപ്പോള്‍ സ്വന്തം ഗ്രാമത്തില്‍ നിന്ന് മാറിയാണ് താമസിക്കുന്നതെന്നും പൂജ പറഞ്ഞു.

അതേസമയം, പ്രതികള്‍ യുവാവിന്റെ ജനനേന്ദ്രിയം കത്തികൊണ്ട് മുറിച്ചെന്നത് വ്യാജ ആരോപണമാണെന്ന് ഡിവൈ.എസ്.പി വിക്രാന്ത് ദ്വിവേദി പറഞ്ഞു. ജനനേന്ദ്രിയത്തിലുണ്ടായ പരിക്ക് ചെറുതാണെന്നും, വൈദ്യ പരിശോധനയില്‍ ജനനേന്ദ്രിയത്തിന് പ്രശ്‌നങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - vishnu ps

Multimedia Journalist

Editor - vishnu ps

Multimedia Journalist

By - Web Desk

contributor

Similar News