'എൽടിടിഇയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരും'; വേലുപിള്ള പ്രഭാകരന്റെ 'മകളുടെ' വീഡിയോ പുറത്ത്

ഒരു ദിവസം, ഈഴം സന്ദർശിച്ച് എന്റെ ജനങ്ങളെ സേവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുവതി വീഡിയോയിൽ പറയുന്നു

Update: 2023-11-28 13:17 GMT
Editor : Lissy P | By : Web Desk
Advertising

കൊളംബോ: കൊല്ലപ്പെട്ട  ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽ.ടി.ടി.ഇ) തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ 'മകൾ' ദ്വാരകയുടെ വീഡിയോ പുറത്ത്. എൽ.ടി.ടി.ഇക്കാര്‍ 'മാവീരർ നാൾ' (വീരന്മാരുടെ ദിനം) ആയി  ആഘോഷിക്കുന്ന നവംബർ 27 നാണ്  പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെടുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

ദ്വാരക പ്രഭാകരൻ എന്നാണ് യുവതി സ്വയം പരിചയപ്പെടുത്തുന്നത്. ' നിരവധി പ്രതിസന്ധികളും വഞ്ചനകളും തരണം ചെയ്താണ് ഞാൻ ഇവിടെ നിൽക്കുന്നത്. ഒരു ദിവസം, ഈഴം സന്ദർശിച്ച് എന്റെ ജനങ്ങളെ സേവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നെന്നും യുവതി വീഡിയോയിൽ പറയുന്നു. 12 മിനിറ്റ് ദൈർഘ്യമുള്ളതാണ് വീഡിയോയില്‍ ശ്രീലങ്കന്‍ തമിഴിലാണ് യുവതി സംസാരിക്കുന്നത്.

2009 -ലെ അവസാനഘട്ട യുദ്ധത്തിൽ എൽടിടിഇയെ നേരിട്ട് നേരിടാൻ കഴിയാതെ വന്നപ്പോൾ ശ്രീലങ്കൻ സർക്കാർ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടി.അതാണ് ഞങ്ങളുടെ സൈനിക പോരാട്ടം മുള്ളിവയ്ക്കലിൽ അവസാനിച്ചത്. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല.  എൽടിടിഇയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമെന്നും യുവതി വീഡിയോയിൽ പറഞ്ഞു. തമിഴ് സമരം സിംഹള ജനതയ്ക്കെതിരെയല്ലെന്നും തങ്ങൾക്കെതിരെ നിരപരാധികളെ കൈയേറ്റം ചെയ്ത സർക്കാരിനും അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കുമെതിരെയാണെന്നും യുവതി വ്യക്തമാക്കി.

പ്രഭാകരനും കുടുംബവും മരിച്ചതായി ശ്രീലങ്കൻ സൈന്യം പ്രഖ്യാപിച്ച് ഏകദേശം 14 വർഷങ്ങൾക്ക് ശേഷമാണ് മകളെന്ന് അവകാശപ്പെടുന്ന യുവതിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

അതേസമയം, ദ്വാരക പ്രഭാകരന്‍റേതെന്ന്  അവകാശപ്പെടുന്ന വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യറാക്കിയതെന്നാണ് ഉയരുന്ന ആരോപണം. എ.ഐ ഉപയോഗിച്ച് വീഡിയോ സംപ്രേക്ഷണം ചെയ്യുന്നതായുള്ള വിവരം നേരത്തെ ലഭിച്ചതായി ശ്രീലങ്കൻ സർക്കാരുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇക്കാര്യം കാര്യം സർക്കാർ പരിശോധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ.

2009 മെയിലാണ് വേലുപ്പിള്ള പ്രഭാകരന്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അന്ന് അദ്ദേഹത്തിന്റെ 12 വയസ്സായ മകന്റെ ശവശരീരം പ്രഭാകരന്റെ മൃതദേഹത്തിനടുത്ത് കണ്ടെത്തിയതായും  മകള്‍ ദ്വാരക ലണ്ടനിലേക്ക് രക്ഷപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News