Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗുജറാത്ത്: നിയമ പോരാട്ടങ്ങളെ അതിജീവിച്ച് വൈദ്യശാസ്ത്രം പഠിക്കാനും ഡോക്ടറാകാനുമുള്ള തന്റെ സ്വപ്നം സാക്ഷാത്കരിച്ച ഗുജറാത്തിലെ ഗണേഷ് ബരയ്യ എല്ലാവർക്കും പ്രചോദനമായി നിലകൊള്ളുന്നു. 2018ൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) എംബിബിഎസ് പ്രോഗ്രാമിന് പ്രവേശനം നിഷേധിച്ചതോടെയാണ് നിയമപ്രശ്നങ്ങൾ നിറഞ്ഞ ഗണേഷിന്റെ യാത്ര ആരംഭിച്ചത്.
മൂന്ന് അടി മാത്രം ഉയരവും 20 കിലോയിൽ താഴെ ഭാരവുമുള്ള ബരയ്യയ്ക്ക് 72 ശതമാനം ലോക്കോമോട്ടീവ് വൈകല്യവുമുണ്ട്. ഒരു ഡോക്ടറായി ജോലി ചെയ്യാനുള്ള ഗണേഷിന്റെ കഴിവിനെ അദ്ദേഹത്തിന്റെ ശാരീരിക പരിമിതികൾ തടസപ്പെടുത്തുമെന്നാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ തുടക്കത്തിൽ വാദിച്ചിരുന്നത്. തലജയിലെ നീലകാന്ത് വിദ്യാപീഠിൽ നിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ ഗണേഷ് നിരാശപ്പെടാതെ ഈ തീരുമാനത്തെ ചോദ്യം ചെയ്തു.
ഭാവ്നഗറിലെ തന്റെ കർഷക കുടുംബത്തിന് താങ്ങാനാവാത്ത നിയമപരമായ ചെലവുകൾ വഹിക്കാൻ സഹായിച്ച സ്കൂൾ പ്രിൻസിപ്പൽ ഡോ. ദൽപത്ഭായ് കതാരിയയുടെ പിന്തുണയോടെ അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു. എംസിഐയുടെ വിസമ്മതം ഹൈക്കോടതി ആദ്യം ശരിവച്ചെങ്കിലും തന്റെ മെഡിക്കൽ സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ ഗണേഷ് തയ്യാറായിരുന്നില്ല. ഒടുവിൽ കേസുമായി സുപ്രിം കോടതിയിലെത്തി.
സുപ്രിം കോടതിയിൽ കേസുമായി മുന്നോട്ട് പോകുംമ്പോൾ തന്നെ അദ്ദേഹം താൽക്കാലികമായി ബിഎസ്‌സി പ്രോഗ്രാമിൽ ചേർന്നു. സുപ്രിം കോടതിയെ സമീപിച്ച നാല് മാസങ്ങൾക്ക് ശേഷം മൂന്നടി ഉയരം കാരണം ഗണേഷിന് പ്രവേശനം നിഷേധിക്കാൻ കഴിയില്ലെന്ന് സുപ്രിം കോടതി വിധിച്ചു. കോടതിയുടെ പിന്തുണയോടെ 2019ൽ ഗണേഷ് ഭാവ്‌നഗർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ ഗണേഷ് വിദ്യാഭ്യാസം പൂർത്തിയാക്കി ഡോക്ടറായി പരിശീലനം ആരംഭിച്ചു.
'ഗ്രാമപ്രദേശങ്ങളിലെ ദരിദ്രരെ ചികിത്സിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവിടെയാണ് ഏറ്റവും കൂടുതൽ ആവശ്യം," ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടർ എന്ന പദവിക്ക് അർഹനായ ഗണേഷ് പറഞ്ഞു. ഉയരം മൂലമുള്ള ദൈനംദിന വെല്ലുവിളികളെക്കുറിച്ച് ബരയ്യ പറഞ്ഞത്, രോഗികൾ തുടക്കത്തിൽ അദ്ദേഹത്തിന്റെ ഉയരം നോക്കിയാണ് വിലയിരുത്തുന്നതെങ്കിലും, കാലക്രമേണ അവർ സുഖം പ്രാപിക്കുകയും അദ്ദേഹത്തെ ഡോക്ടറായി അംഗീകരിക്കുകയും ചെയ്യുന്നു എന്നാണ്.