'ഇസ്‌ലാമിക് സ്റ്റേറ്റിന് പിന്തുണ നൽകുന്നു, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം'; പോപുലർ ഫ്രണ്ടിനെതിരെ എൻ.ഐ.എ

സായുധ പരിശീലനം നൽകുന്നതിന് പി.എഫ്.ഐ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും നിരോധിത സംഘടനകളിൽ ആളുകളെ ചേർക്കുന്നുണ്ടെന്നും ആരോപണം

Update: 2022-09-22 16:18 GMT

ന്യൂഡൽഹി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ). സംഘടന ഇസ്‌ലാമിക് സ്റ്റേറ്റിന് പിന്തുണ നൽകുന്നുണ്ടെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നുണ്ടെന്നും എൻ.ഐ.എ റെയ്ഡ് വിവരങ്ങൾ പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ പറഞ്ഞു. സായുധ പരിശീലനം നൽകുന്നതിന് പി.എഫ്.ഐ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും നിരോധിത സംഘടനകളിൽ ആളുകളെ ചേർക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നുണ്ടെന്നും പറഞ്ഞു. പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ട് സംഭവവും കുറിപ്പിൽ പരാമർശിച്ചു.

Advertising
Advertising


രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ പോപ്പുലർ ഫണ്ടിന്റെ 93 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയതായി എൻഐഎ അറിയിച്ചു. 45 പേരെ അറസ്റ്റ് ചെയ്തതായും അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തതായും അവർ വ്യക്തമാക്കി. കേരളത്തിൽ രണ്ട് കേസുകളിൽ 19 പേരെ അറസ്റ്റ് ചെയ്തതായും പറഞ്ഞു.

ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ പട്യാല ഹൗസ് കോടതിയിലാണ്‌ ഹാജറാക്കുക. ഈ മാസം 19 നാണ് ആർ.സി 2/ 2022 നമ്പറിൽ കൊച്ചി എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്. യുഎപിഎയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. യുഎപിഎ 13.18. 18 ബി. 38.39 വകുപ്പുകളും ഐപിസി 120 ബി. 153 എയുമാണ് ചുമത്തിയത്. കൊച്ചിയിലെ കേസിൽ ആകെ 13 പ്രതികളാണുള്ളത്. ഇതിൽ രണ്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം, സംസ്ഥാനത്ത് നാളെ പോപുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി എന്നിവര്‍ സംയുക്ത റെയ്‌ഡ്‌ സംഘടിപ്പിച്ചിരുന്നു. ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻ.ഐ.എ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച നടത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പോപുലർ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

National Investigation Agency (NIA) has made serious allegations against the Popular Front of India.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News