പെൺകുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു ; രണ്ടാനച്ഛനും അമ്മയ്ക്കും 180 വർഷം കഠിന തടവും 11.75 ലക്ഷം രൂപ പിഴയും
തലയില്‍ കാമറ വെച്ചിട്ടുണ്ടെന്നും പീഡനവിവരം പുറത്ത് പറയരുതെന്നും കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു
representative image
മഞ്ചേരി:പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയ്ക്കും 180 വർഷം കഠിന തടവ്.1175000 രൂപ പിഴയും അടക്കണം.മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. ഐപിസി, പോക്സോ, ജുവനയിൽ ജസ്റ്റിസ് വകുപ്പുകൾ ചേർത്താണ് ശിക്ഷ.
മദ്യം നൽകി ആയിരുന്നു പെണ്‍കുട്ടിയെ പീഡിച്ചത്.പീഡന വിവരം പുറത്തു പറയാതിരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തി.2019 മുതൽ 2021 വരെ രണ്ട് വർഷം പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്.
2019 ലാണ് തിരുവനന്തപുരം സ്വദേശിയായ ആയ ഭർത്താവിനെ ഉപേക്ഷിച്ച് പാലക്കാട് സ്വദേശിക്കൊപ്പം പോയത്. തുടര്‍ന്ന് മലപ്പുറത്ത് വാടകക്ക് താമസിക്കുകയായിരുന്നു ഇവര്‍.കുട്ടിയുടെ സ്വന്തം അച്ഛന്‍റെ പിതാവ് കാണാനെത്തിയപ്പോഴാണ് ക്രൂര പീഡനത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. കുട്ടിയെ മുത്തശ്ശനെ കാണിക്കാന്‍ അനുവദിക്കില്ലെന്ന് അമ്മയും രണ്ടാനച്ഛനും വാശി പിടിച്ചു.ഇതോടെ മുത്തശ്ശനുമായി വാക്ക് തര്‍ക്കമുണ്ടാകുകയും നാട്ടുകാര്‍ ഇടപെടുകയും ചെയ്തു.
നാട്ടുകാരാണ് കുട്ടിയെ ഭക്ഷണം പോലും നല്‍കാതെ മാതാവും രണ്ടാനച്ഛനും പീഡിപ്പിക്കുന്ന വിവരം മുത്തശ്ശനോട് പറയുന്നത്.പലപ്പോഴും വാടക വീടിന്‍റെ ഉടമയായിരുന്നു കുട്ടിക്ക് ഭക്ഷണം നല്‍കിയിരുന്നത്. തുടര്‍ന്ന് മുത്തശ്ശന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്തു.തന്‍റെ തലയില്‍ കാമറ വെച്ചിട്ടുണ്ടെന്നും പീഡനവിവരം പുറത്ത് പറയരുതെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും കുട്ടി തുറന്ന് പറഞ്ഞു. പിന്നാലെയാണ് മലപ്പുറം വനിതാപൊലീസ് കേസെടുത്ത് രണ്ടാനച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്തത്.