കോൺഗ്രസിലെ തർക്കം; എല്ലാ നേതാക്കളെയും കാണും, പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് താരിഖ് അൻവർ

ഇതൊരു വലിയ പ്രശ്‌നമല്ല. ചർച്ചയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ.

Update: 2023-06-12 16:14 GMT
Advertising

കൊച്ചി: സംസ്ഥാന കോൺഗ്രസിൽ ചേരിപ്പോര് തുടരുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് എല്ലാ നേതാക്കളെയും കണ്ട് സംസാരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ. ജനാധിപത്യ പാർട്ടിയിൽ ചിലപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കും. എല്ലാ നേതാക്കളെയും കണ്ട് പ്രശ്നപരിഹാരത്തിനായി സംസാരിക്കുമെന്നും അത് തന്റെ ചുമതലയാണെന്നും താരിഖ് അൻവർ കൊച്ചിയിൽ പറ‍ഞ്ഞു.

കൊച്ചിയിലും കോഴിക്കോട്ടുമായി നടക്കുന്ന ബ്ലോക്ക് അധ്യക്ഷന്മാരുടെ പഠനശിബിരത്തിൽ പങ്കെടുക്കാനാണ് താരീഖ് അൻവർ കേരളത്തിലെത്തിയത്. നേതാക്കൾക്ക് അതൃപ്തിയുണ്ടെങ്കിൽ അറിയിക്കാം. ഇതൊരു വലിയ പ്രശ്‌നമല്ല. ചർച്ചയിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. ഏതൊരു ജനാധിപത്യ പാർട്ടിയിലും പ്രവർത്തകർ പലപ്പോഴും ചില പ്രശ്‌നങ്ങൾ ഉന്നയിക്കും. അതൊക്കെ ചർച്ചയിലൂടെ പരിഹരിക്കും.

ഇത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. കൃത്യമായി പരിഹരിക്കുക തന്നെ ചെയ്യും. എല്ലാവരേയും കേൾക്കാൻ ശ്രമിക്കും. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന നിലയ്ക്ക് എല്ലാവരെയും കേൾക്കുക എന്നത് തന്റെ ചുമതലയാണ്. ഒരു ജനാധിപത്യ പാർട്ടിയിലും എല്ലാവരേയും സംതൃപ്തരാക്കാൻ സാധിക്കില്ല.

ഇത്തരം വിവാദങ്ങൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമോ എന്ന ചോദ്യത്തിന് ഇതൊരു ചെറിയ സംഗതിയാണെന്നും പരിഹരിക്കുമെന്നും അദ്ദേഹം വിശദമാക്കി. അതേസമയം, ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയിൽ മാറ്റം ആവശ്യമെങ്കിൽ പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതൃപ്തിയുണ്ടെങ്കിൽ ബോധിപ്പിക്കാം, എന്നാൽ ചർച്ചയ്ക്ക് മുൻകൈയെടുക്കില്ല. 

ഗ്രൂപ്പ് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കില്ല. അംഗീകരിക്കുന്നില്ല. വിവാദങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു. അതേസമയം, ബ്ലോക്ക് പ്രസിഡന്റുമാരുടെ ക്യാമ്പില്‍ നാളെ താരീഖ് അന്‍വര്‍ പങ്കെടുക്കും. കോഴിക്കോട് നടക്കുന്ന ഉത്തരമേഖലാ ബ്ലോക്ക് അധ്യക്ഷന്‍മാരുടെ ക്യാമ്പിലും അദ്ദേഹമെത്തും.

കോണ്‍ഗ്രസ് പുനഃസംഘടനയെ ചൊല്ലി ഗ്രൂപ്പുകള്‍ കലാപക്കൊടി ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ പഠന ക്യാമ്പ് കൊച്ചിയിൽ തുടങ്ങിയത്. എഐ ഗ്രൂപ്പ് നേതാക്കള്‍ ക്യാമ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പാർട്ടിയിൽ അപശബ്ദങ്ങളില്ലാതെ നോക്കണമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് കെ. സുധാകരൻ പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News