Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: എംഡിഎംഎയുമായി യൂട്യൂബര്‍ അറസ്റ്റിലായ കേസില്‍ അന്വേഷണം സിനിമ മേഖലയിലേക്കും. യൂട്യൂബര്‍ റിന്‍സി മുംതാസ് വാടകയ്ക്ക് എടുത്തിരുന്ന ഫ്‌ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ലഹരി എത്തിക്കാന്‍ സുഹൃത്ത് യാസറിന് പണം നല്‍കിയിരുന്നത് റിന്‍സി ആയിരുന്നു. ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി പോലീസ് വിശദമായി ചോദ്യം ചെയ്യും. റിന്‍സി മുംതാസ് സിനിമ പ്രൊമോഷന്റെ മറവില്‍ ലഹരിമരുന്ന് കടത്തിയതായി സംശയം. ലഹരിയിടപാടുകള്‍ക്ക് സിനിമ ബന്ധങ്ങള്‍ ഉപയോഗിച്ചതായും അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചു.
പാലച്ചുവടിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചുവെന്ന സംശയവും പൊലീസിനുണ്ട്. സിനിമ മേഖലയിലെ പ്രമുഖരടക്കം ഫ്‌ലാറ്റില്‍ പതിവായി എത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇരുപത് ഗ്രാമിലേറെ എംഡിഎംഎയാണ് റിന്‍സി വാടകയ്ക്ക് താമസിച്ചിരുന്ന പാലച്ചുവടിലെ ഫ്‌ലാറ്റില്‍ നിന്ന് ഡാന്‍സാഫ് പിടികൂടിയത്.