'സര്‍വകലാശാലകളില്‍ കഴിഞ്ഞ ആറ് വര്‍ഷം നടന്ന നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണം'; ഗവര്‍ണര്‍ക്ക് കത്തയച്ച് വി.ഡി സതീശന്‍

സര്‍വകലാശാലകളില്‍ കഴിഞ്ഞ ആറ് വര്‍ഷം നടന്ന നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

Update: 2022-08-22 12:33 GMT
Advertising

സര്‍വകലാശാല നിയമന വിവാദം കത്തിനില്‍ക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ കത്ത്. സര്‍വകലാശാലകളില്‍ കഴിഞ്ഞ ആറ് വര്‍ഷം നടന്ന നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

'ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടന്ന ബന്ധുനിയമനങ്ങള്‍ അന്വേഷിക്കണം. സര്‍ക്കാര്‍ അവരുടെ ബന്ധുക്കളെ നിയമിക്കാനുള്ള കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് കേരളത്തിലെ സര്‍വകലാശാലകള്‍. കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്‍റെ നിലവാരത്തകര്‍ച്ച മൂലം വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോകുന്നത് ഗണ്യമായി വര്‍ധിക്കുകയാണ്'. വി.ഡി സതീശന്‍ കത്തിലൂടെ ഗവര്‍ണറോട് കാര്യങ്ങള്‍ വിശദീകരിച്ചു. 

അതേസമയം കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമത്തിന് ഹൈക്കോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കിയ നിയമനമാണ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞത്. ഹരജി 31 ന് വീണ്ടും പരിഗണിക്കും. അതുവരെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിയമനം തടഞ്ഞത്. യു.ജി.സിയെ ഹരജിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. സര്‍വകലാശാല ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസയക്കുകയും ചെയ്തു. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്കറിയയുടെ ഹരജിയിലാണ് നടപടി.

Full View

പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് സ്കറിയ കോടതിയെ സമീപിച്ചത്. അനധികൃതമായി നിയമനം നേടിയതാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തെ പ്രിയ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ നിയമിച്ചത് മാനദണ്ഡങ്ങൾ മറികടന്നെന്നു വ്യക്തമാക്കുന്ന രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. ഉയർന്ന റിസർച്ച് സ്‌കോർ പോയിന്റുള്ളവർക്ക് ഇന്റർവ്യൂവിന് കുറവ് മാർക്ക് നൽകിയെന്നാണ് വ്യക്തമാകുന്നത്. .വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ക്രമക്കേട് വ്യക്തമാക്കുന്നത്. ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള റിസർച്ച് സ്‌കോർ ഏറ്റവും കുറവ് പ്രിയ വർഗീസിനാണ്. ഇതോടൊപ്പം ഏറ്റവും കുറവ് അധ്യാപന പരിചയവും പ്രിയയ്ക്കാണ്. ജോസഫ് സ്‌കറിയ എന്നയാൾക്കാണ് ഏറ്റവും കൂടുതൽ പോയിന്റ്; 651. എന്നാൽ, പ്രിയയ്ക്ക് 156 പോയിന്റാണുള്ളത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News