കുവൈത്തില്‍ ചെറിയ റോഡപകടങ്ങള്‍ ഇനി പൊലീസ് സ്റ്റേഷനില്‍ തീര്‍പ്പാക്കും

ജൂണ്‍ മൂന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ നിയമ ഭേദഗതി വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യവ്യാപകമാക്കാന്‍ തീരുമാനിച്ചത്. ഇന്നു മുതല്‍ രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലും

Update: 2018-07-01 07:03 GMT
കുവൈത്തില്‍ ചെറിയ റോഡപകടങ്ങള്‍ ഇനി പൊലീസ് സ്റ്റേഷനില്‍ തീര്‍പ്പാക്കും

കുവൈത്തില്‍ ചെറിയ റോഡപകടങ്ങള്‍ പൊലീസ് സ്‌റ്റേഷനില്‍ തീര്‍പ്പാക്കുന്ന പദ്ധതി എല്ലാ ഗവര്‍ണറേറ്റുകള്‍ക്കും ബാധകമാക്കി. ജൂണ്‍ മൂന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ നിയമ ഭേദഗതി വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യവ്യാപകമാക്കാന്‍ തീരുമാനിച്ചത്. ജൂലായ് ഒന്ന് ഞായറാഴ്ച മുതല്‍ രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലും ഈ സംവിധാനം പ്രാബല്യത്തിലാകും.

മരണമോ ഗുരുതരമായ പരിക്കുകളോ ഇല്ലാത്ത ചെറിയ വാഹനാപകടങ്ങളില്‍ തെളിവെടുപ്പ് നടപടികള്‍ പൊലീസ് സ്‌റ്റേഷനില്‍ തീര്‍പ്പാക്കാം എന്ന നിയമമാണ് നാളെ മുതല്‍ രാജ്യവ്യാപകമായി നടപ്പാക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ നിയമ ഭേദഗതി വിജയകരമാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പുതിയ സംവിധാനമനുസരിച്ചു ചെറിയ വാഹനാപകടങ്ങളുണ്ടായാല്‍ പട്രോളിങ് വാഹനത്തെ കാത്തുനില്‍ക്കേണ്ടതില്ല. പകരം അപകടം പറ്റിയ വണ്ടിയുടെ ഫോട്ടോയുമായി അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് പോവുകയാണ് വേണ്ടത്.

Advertising
Advertising

Full View

വാഹന ഉടമകള്‍ പൊലീസ് സ്‌റ്റേഷനിലെത്തി 20 ദീനാറും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സത്യവാങ് മൂലവും നല്‍കിയാല്‍ പൊലീസ് സ്‌റ്റേഷനില്‍ സംഭവം തീര്‍പ്പാക്കുകയും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഉടന്‍ നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്യും. ഇത്തരം കേസുകളില്‍ തെളിവെടുപ്പ് എങ്ങനെയാണ് നടത്തേണ്ടതെന്ന കാര്യത്തില്‍ ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാവുന്നത് ഒഴിവാക്കാനാണു പരിഷ്‌ക്കാരം എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ചെറിയ അപകടങ്ങളില്‍ വാഹനം റോഡില്‍നിന്ന് മാറ്റാതെ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയാല്‍ പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ എല്ലാ തരം അപകടങ്ങളിലും ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റാണ് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. അതേസമയം, മരണത്തിനോ ഗുരുതരമായ പരിക്കിനോ ഇടയാക്കിയ അപകടമാണെങ്കില്‍ തുടര്‍ന്നും ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് തന്നെയാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കുക.

Tags:    

Similar News