ഞാനൊരു താരമല്ലെങ്കിലും പല താരങ്ങളും, താരങ്ങൾ ആവുന്നതിനു മുൻപ് എന്റെ സുഹൃത്തുക്കൾ ആയിരുന്നു
‘ശ്രീനിവാസൻ എന്ന മിന്നിത്തിളങ്ങുന്ന താരത്തെ കാണാൻ ആകാംക്ഷയോടെ കാത്തിരുന്ന നിങ്ങളുടെ മുന്നിലേക്ക് തീരെ തിളക്കമില്ലാത്ത എന്നെപ്പോലൊരു എളിയ കലാകാരനെ കൊണ്ട് വന്നു നിർത്തിയ സംഘാടകർക്ക് വേണ്ടി ഞാൻ നിങ്ങളോടു ക്ഷമ ചോദിക്കുന്നു”
ഒരു ദിവസം ഒരു ഫോൺ വരുന്നു ഖത്തറിൽ നിന്ന്. ഹബീബ് റഹ്മാൻ കീഴിശ്ശേരി എന്ന ആളാണ് വിളിക്കുന്നത്. ദോഹയിലെ ഫ്രണ്ട്സ് കൾച്ചറൽ സെന്റർ എന്ന മലയാളി സംഘടനയുടെ സെക്രട്ടറിയാണ് അദ്ദേഹം. ദോഹയിൽ നടക്കാൻ പോകുന്ന, സംഘടനയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ ക്ഷണിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ വിളി. എൻ്റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായ, തിരുവനന്തപുരത്തുകാരൻ എം.മെഹബൂബ് ആണ് എന്റെ നമ്പർ തന്നത് എന്നദ്ദേഹം പറഞ്ഞു. താമസിയാതെ ടിക്കറ്റും വിസയും വന്നു. ദോഹ എയർപോർട്ടിൽ ഞാനിറങ്ങുമ്പോൾ, സ്വീകരിക്കാൻ സംഘടനയുടെ ഭാരവാഹികൾ വന്നിട്ടുണ്ടായിരുന്നു. കോഴിക്കോട് നിന്നുള്ള ഫ്ളൈറ്റിൽ എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ വന്നു. കൂടാതെ അടുത്ത ഫ്ലൈറ്റിൽ നടനും സംവിധായകനുമായ ശ്രീനിവാസനുമെത്തി. ഞങ്ങൾക്ക് മൂന്ന് പേർക്കും ഒരേ ഹോട്ടലിൽ തന്നെ ആയിരുന്നു താമസം ഒരുക്കിയിരുന്നത്.
ഞങ്ങളുടെ ദോഹയിലെ ആദ്യത്തെ പരിപാടി ഒരു പത്രസമ്മേളനമായിരുന്നു. ദോഹയിലെ മലയാളി മാധ്യമ പ്രവർത്തകർ ആയിരുന്നു ഭൂരിഭാഗവും എങ്കിലും ചില ഇംഗ്ലീഷ് പത്രങ്ങളുടെ പ്രതിനിധികളും ഉണ്ടായിരുന്നു. ഞങ്ങൾ മൂന്ന് അതിഥികളിൽ ആദ്യം സംസാരിച്ചത് ശ്രീനിവാസൻ ആണ്. അദ്ദേഹം എന്നെക്കുറിച്ചു സംസാരിച്ചു തുടങ്ങുന്നത് കേട്ടപ്പോൾ എനിക്ക് അത്ഭുതവും മറ്റുള്ളവർക്കു കൗതുകവും തോന്നി. ശ്രീനിവാസൻ മദ്രാസിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ ജൂനിയർ ആയിരുന്നു. ഇൻസ്റ്റിറ്റിയൂട്ടിൽ ആദ്യ ദിവസത്തെ തന്റെ അനുഭവം ആയിരുന്നു ശ്രീനിവാസൻ വിവരിച്ചത്. അതിൽ അദ്ദേഹം സംസാരിച്ചത് മുഴുവൻ സീനിയർ ആയ എന്നെക്കുറിച്ചായിരുന്നു.സീനിയേഴ്സിന്റെ ക്ലാസ് കാണാനായി ജൂനിയേഴ്സ് വന്നപ്പോൾ, ഞാൻ ‘ഇമ്പ്രോവൈസേഷൻ’ ക്ലാസിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ അഭിനയത്തെക്കുറിച്ചു അദ്ദേഹം പുകഴ്ത്തി സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവിടെയിരുന്നു ഉരുകാൻ തുടങ്ങി. എന്നെക്കുറിച്ചു സംസാരിക്കാൻ വേണ്ടിയാണീ ഈ പത്ര സമ്മേളനം എന്ന മട്ടിലായിരുന്നു ശ്രീനിവാസൻ സംസാരിച്ചത്. പിന്നീടദ്ദേഹം തൻ്റെ അനുഭവങ്ങളും കാഴ്ചകളും, കാഴ്ചപ്പാടുകളും എല്ലാം വളരെ വിശദമായി പ്രതിപാദിച്ചു. പിന്നീട് ഞാനും കെ.ഇ.എന്നും സംസാരിച്ചു.
അന്ന് വൈകുന്നേരം ആയിരുന്നു സംഘടനയുടെ പതിനഞ്ചാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട പൊതുസമ്മേളന പരിപാടികൾ. വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ടിലായിരുന്നു പരിപാടി. ആയിരക്കണക്കിന് മലയാളികൾ പങ്കെടുത്ത ഒരു വലിയ സമ്മേളനമായിരുന്നു അത്. വേദിയിൽ ഖത്തർ സർക്കാരിന്റെ സാസ്കാരിക മന്ത്രാലയത്തിലെ ചില അറബി ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. കെ.ഇ.എൻ നല്ലൊരു പ്രസംഗം കാഴ്ച വെച്ചു. പൊതുവെ സരസമായി സംസാരിക്കുന്ന ശ്രീനിവാസൻ പക്ഷെ അന്ന് എന്ത് കൊണ്ടോ ഫുൾ ഫോമിൽ അല്ലായിരുന്നു. എന്നെ വേദിയിൽ വെച്ച് സദസ്സിനു പരിചയപ്പെടുത്തുകയും ആദരിക്കുകയും ഒക്കെ ചെയ്തെങ്കിലും പ്രസംഗിക്കാൻ ക്ഷണിച്ചില്ല. പ്രൗഢ ഗംഭീരമായ പരിപാടി ആയിരുന്നു അത്.പിന്നീട് ചില പൊതു പരിപാടികളിലും വിരുന്നു സൽക്കാരങ്ങളിലും ഞങ്ങൾ മൂന്നു പേരും ഒന്നിച്ചു പങ്കെടുത്തുവെങ്കിലും, അത് കഴിഞ്ഞു മൂന്നു പേരും വ്യത്യസ്ത പരിപാടികളിൽ വ്യാപൃതരായി. പല സംഘടനകളും മുൻകൂട്ടി ഓരോരുത്തരുടെയും സാന്നിധ്യം ബുക്ക് ചെയ്തിരുന്നു. അതനുസരിച്ചു കെ.ഇ.എൻ പ്രഭാഷണ പരമ്പരകളിൽ സജീവമായി. ശ്രീനിവാസന് പ്രധാനമായും കൃഷി വിഷയങ്ങളിലായായിരുന്നു താല്പര്യം. എന്നെ ക്ഷണിച്ചത് ചില കലാ സംഘടനകൾ ആയിരുന്നു.അതിനിടയ്ക്ക് ആതിഥേയ സംഘടന നടത്തിയ ഒരു ഷോർട് ഫിലിം മത്സരത്തിൽ ഞാൻ വിധി കർത്താവായി.
രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞു ശ്രീനിവാസനും കെ.ഇ.എന്നും തിരിച്ചു പോയി. ഷോർട് ഫിലിം മത്സരത്തിൽ ധാരാളം മത്സരാർത്ഥികൾ ഉണ്ടായിരുന്നു. ഷോർട് ഫിലിം നിർമ്മാണത്തിൽ താൽപര്യമുള്ള ഒരു പാട് മലയാളികൾ ദോഹയിൽ ഉണ്ടെന്നും അവർക്കായി രണ്ടാഴ്ചത്തെ ഒരു ഫിലിം വർക് ഷോപ് നടത്തണം എന്നും ഹബീബ് റഹ്മാൻ നേരത്തേ സൂചിപ്പിച്ചിരുന്നു. അങ്ങനെ ഷോർട് ഫിലിം നിർമ്മാണത്തിന്റെ എല്ലാ വശങ്ങളും അടങ്ങിയ ഒരു ശില്പശാല ഞാൻ തുടങ്ങി.പങ്കെടുക്കുന്നവർ എല്ലാം ജോലിക്കാരായതു കൊണ്ട് വൈകുന്നേരങ്ങളിലായിരുന്നു ക്ളാസ്. ശനിയും ഞായറും മാത്രമായിരുന്നു മുഴുദിന ക്ളാസ്സുകൾ. ക്യാമറയും മറ്റു സാങ്കേതിക വശങ്ങളും ഉൾപ്പെട്ട സമഗ്രമായ ഒരു ശില്പശാലയായിരുന്നു അത്. ഓരോ വിഷയത്തിലും പ്രായോഗിക പരിശീലനങ്ങളും നൽകി.
അവിടെ എന്റെ സന്തത സഹചാരി ആയിരുന്നത് ദോഹയിലെ കലാസാംസ്കാരിക രംഗത്ത് സജീവസാന്നിധ്യമായ അഷ്റഫ് കോരോത്ത് ആയിരുന്നു. അദ്ദേഹം ഖത്തറിലെ ഒരു മാധ്യമ ഇവൻറ് സ്ഥാപനത്തിന്റെ ചുമതലക്കാരൻ, voice of Kerala -Radio യുടെ മാർക്കറ്റിംഗ് ഹെഡ്, എന്നിവ കൂടാതെ വളരെ നല്ലൊരു ഫോട്ടോഗ്രാഫർ കൂടി ആയിരുന്നു. കൂടാതെ ഒരു പത്രപ്രവർത്തകനും ആയിരുന്നു അദ്ദേഹം. അദ്ദേഹമാണ് എന്റെ നിരവധി ഫോട്ടോകൾ എടുത്തു അവിടത്തെ മാധ്യമങ്ങൾക്കു നൽകുകയും ഗൾഫ് മാധ്യമം ഉൾപ്പടെ പല മലയാള-ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും എന്റെ ഇന്റർവ്യൂ ഏർപ്പാട് ചെയ്തതും. അദ്ദേഹം എടുത്ത എന്റെ പല ഫോട്ടോകളും പിന്നീട് പല പ്രസിദ്ധീകരണങ്ങളിലും സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. റേഡിയോയിൽ അദ്ദേഹം തന്നെ എന്നെ അഭിമുഖം നടത്തി.
ഒരു ദിവസം ഫ്രണ്ട്സ് കൾച്ചറൽ സെന്ററിന്റെ പ്രെസിഡണ്ട് ആയ ഖുതുബ് പറഞ്ഞു -
‘ഇന്ന് ക്ലാസ് അല്പം നേരത്തേ നിർത്തണം. നമുക്ക് ഒരു പരിപാടിയിൽ പങ്കെടുക്കാറുണ്ട്’.
‘ശരി’ ദോഹയിലെ എന്റെ പരിപാടികളുടെ മുഴുവൻ ചുമതല ആതിഥേയർക്കായതു കൊണ്ട്, ഞാൻ പരിപാടിയുടെ വിശദാംശങ്ങൾ ഒന്നും ചോദിച്ചില്ല. വൈകുന്നേരം ഞാൻ ക്ളാസ് നേരത്തെ അവസാനിപ്പിച്ചു അദ്ദേഹത്തോടൊപ്പം പുറപ്പെട്ടു. ഞങ്ങൾ നേരെ പോയത് ഇന്ത്യൻ എംബസിയിലേക്കാണ്. അദ്ദേഹം എന്നെ റിസപ്ഷൻ ഏരിയയിൽ ഇരുത്തിയിട്ട് ഓഫീസിലേക്ക് കയറിപ്പോയി. അല്പം കഴിഞ്ഞു അദ്ദേഹവും എംബസ്സിയിലെ ഒരു ഉദ്യോഗസ്ഥനും കൂടി പുറത്തേക്കു വന്നു. അദ്ദേഹം എന്നെ പരിചയപ്പെടുത്തി. എന്നിട്ടു പറഞ്ഞു.
‘ഇവിടത്തെ സാംസ്കാരിക വിഭാഗത്തിന്റെ കീഴിൽ മലയാളി കുട്ടികളുടെ ഒരു കൂട്ടായ്മയുണ്ട്, ‘മില്ലേനിയം കിഡ്സ്” എന്ന പേരിൽ. അതിന്റെ വാര്ഷികാഘോഷമാണ് ഇന്ന്. കുട്ടികൾ മാത്രമല്ല, അവരുടെ പേരെന്റ്സും ഉണ്ട്’’.
അവർ രണ്ടു പേരും കൂടി എന്നെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. ഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു. സ്റ്റേജിനെ അഭിമുഖീകരിച്ചു ഹാളിന്റെ ഏറ്റവും പിറകിലുള്ള വാതിലിലൂടെയാണ് ഞങ്ങൾ പ്രവേശിച്ചത്. മുന്നിൽ ഉദ്യോഗസ്ഥനും, അതിനു പിന്നിൽ ഖുതുബും, ഏറ്റവും പിന്നിലായി ഞാനും സ്റ്റേജിലേക്ക് നടന്നു. കാണികൾ മുഴുവനും എഴുന്നേറ്റു നിന്നു. കൂടുതലും സ്ത്രീകൾ ആയിരുന്നു. എല്ലാവരുടെയും കണ്ണുകൾ ഞങ്ങൾ മൂന്നുപേരെയും കടന്നു എനിക്കു പിന്നിൽ മറ്റാരെയോ പ്രതീക്ഷയോടെ തിരയുന്നുണ്ടായിരുന്നു. എനിക്ക് പിന്നിൽ മറ്റാരെയും കാണാത്തതിൻറെ നിരാശ അവരുടെ മുഖങ്ങളിൽ പ്രകടമായിരുന്നു. ഞങ്ങൾ മൂന്നുപേരും
വേദിയിലെ കസേരകളിൽ ഉപവിഷ്ടരായി.സദസ്യരും ഇരുന്നു. എല്ലാവരുടെയും മുഖത്ത് നിരാശ പ്രകടം ആയിരുന്നു. ഉദ്യോഗസ്ഥൻ സ്വാഗത ഭാഷണത്തിനായി എഴുന്നേറ്റു. അദ്ദേഹം പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇതാണ്:-
‘നടൻ ശ്രീനിവാസൻ ആയിരുന്നു ഇന്നത്തെ പരിപാടിയിലെ മുഖ്യാതിഥി.അദ്ദേഹത്തിന് പെട്ടെന്ന് നാട്ടിലേക്കു തിരിച്ചു പോകേണ്ടി വന്നു.’
പിന്നീടദ്ദേഹം പകരക്കാരനായി വന്ന എന്നെക്കുറിച്ചു (ഖുതുബ് പറഞ്ഞു കൊടുത്ത കാര്യങ്ങൾ) പറഞ്ഞു. അടുത്ത ഊഴം ഖുതുബിന്റേതായിരുന്നു. എന്നെ സദസ്സിനു പരിചയപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു അദ്ദേഹത്തിന്. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകളൊന്നും, ശ്രീനിവാസനെ കാണാൻ ആകാക്ഷയോടെ കാത്തിരുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തുവാൻ പര്യാപ്തമായില്ല എന്ന് ഞാൻ കാണികളുടെ മുഖഭാവങ്ങളിൽ നിന്ന് വായിച്ചറിഞ്ഞു. പിന്നെ അമർഷം പൂണ്ടിരിക്കുന്ന കാണികളുടെ മുന്നിലേക്ക് എന്നെ ഇട്ടുകൊടുത്തുകൊണ്ടു ഖുതുബ് തന്റെ കസേരയിൽ അഭയം തേടി.
ഞാൻ സാവധാനം എഴുന്നേറ്റ് മൈക്കിന് മുന്നിൽ പോയി നിന്നു. എല്ലാവരുടെയും കണ്ണുകൾ എന്നിൽ ആയിരുന്നുവെങ്കിലും, ആരുടേയും മുഖത്ത് അനുകമ്പയുടെ ഒരു കണിക പോലും കണ്ടില്ല. മുരടനക്കിക്കൊണ്ടു ഞാൻ തുടങ്ങി:-
‘ശ്രീനിവാസൻ എന്ന മിന്നിത്തിളങ്ങുന്ന താരത്തെ കാണാൻ ആകാംക്ഷയോടെ കാത്തിരുന്ന നിങ്ങളുടെ മുന്നിലേക്ക് തീരെ തിളക്കമില്ലാത്ത എന്നെപ്പോലൊരു എളിയ കലാകാരനെ കൊണ്ട് വന്നു നിർത്തിയ സംഘാടകർക്ക് വേണ്ടി ഞാൻ നിങ്ങളോടു ക്ഷമ ചോദിക്കുന്നു” തികഞ്ഞ നിശബ്ദത ആയിരുന്നു സദസ്യരുടെ പ്രതികരണം.
“ഞാനൊരു താരമല്ലെങ്കിലും പല താരങ്ങളും ,താരങ്ങൾ ആവുന്നതിനു മുൻപ് എന്റെ സുഹൃത്തുക്കൾ ആയിരുന്നു.”
പിന്നീട് ഞാൻ , എറണാകുളം മഹാരാജാസ് കോളേജിൽ എൻ്റെ സഹപാഠി ആയിരുന്ന മമ്മൂട്ടിയെ കുറിച്ച് പറഞ്ഞു. മദിരാശിയിലെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ എൻറെ സഹപാഠിയും സഹമുറിയാനുമായിരുന്ന രജനീകാന്തിനെ കുറിച്ച് പറഞ്ഞു. ബസ് കണ്ടക്ടറിൽ നിന്നും താരപദവിയിലേക്കുയർന്ന രജനീകാന്തിന്റെ , എനിക്ക് നേരിട്ടറിയാവുന്ന അനുഭവകഥകൾ വിശദമായി പറഞ്ഞു. പിന്നെ എന്റെ ജൂനിയർ ആയിരുന്ന ശ്രീനിവാസന്, ‘മണിമുഴക്കം’ എന്ന സിനിമയിൽ ആദ്യമായി അഭിയനയിക്കാൻ അവസരം നൽകിയതിനെ കുറിച്ച് പറഞ്ഞു. ഞാൻ ആ സിനിമയുടെ സഹസംവിധായകൻ ആയിരുന്നു. അവസാനമായി , തിരുവനന്തപുരത്തെ ‘സതേൺ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ എന്റെ വിദ്യാർത്ഥി ആയിരുന്ന മനോജ് കെ.ജയനെക്കുറിച്ചു പറഞ്ഞു. മനോജിനെ അഭിനയം അഭ്യസിപ്പിച്ചതും, എന്റെ ‘കുമിളകൾ’ എന്ന സീരിയലിലൂടെ ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നായകനായി അവതരിപ്പിച്ചതും പറഞ്ഞു. ആ സീരിയൽ ആയിരുന്നു മനോജിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശനത്തിനു വഴി തെളിയിച്ചത്. ഇന്ന് മലയാള സിനിമാ-സീരിയൽ രങ്ങളിൽ പ്രശസ്തരായ എന്റെ പല വിദ്യാര്ഥികളെക്കുറിച്ചും പറഞ്ഞു.
‘കുമിളകൾ’ എന്ന എന്റെ സീരിയലിനെക്കുറിച്ചു പറഞ്ഞപ്പോൾ സദസ്സിൽ നിന്നും പല സ്ത്രീകളും വിളിച്ചു പറഞ്ഞു.
‘കുമിളകൾ ഞങ്ങൾ കണ്ടിട്ടുണ്ട്. നല്ല സീരിയൽ ആയിരുന്നു’
പിന്നീട് എന്റെ പല സീരിയലുകളുടെ പേരുകളും അവർ വിളിച്ചു പറഞ്ഞു.
ഇപ്പോഴാണ് സദസ്സിലെ പിരിമുറുക്കത്തിന് അയവു വന്നത്. എനിക്കും സന്തോഷമായി. എന്റെ പ്രസംഗം കഴിഞ്ഞപ്പോൾ എംബസി ഉദ്യോഗസ്ഥൻ എനിക്ക് ഹസ്തദാനം ചെയ്തിട്ട് പറഞ്ഞു,
‘നിങ്ങൾ വന്നത് നന്നായി. ശ്രീനിവാസൻ വരാത്തതിന്റെ കുറവ് നിങ്ങൾ ഭംഗിയായി നികത്തി’
പിന്നെ എന്നോടൊപ്പം ഫോട്ടോ എടുക്കാനുള്ള തിരക്കായിരുന്നു. ദീർഘമായ ഫോട്ടോ സെഷൻ എല്ലാം കഴിഞ്ഞു, കാറിൽ കയറിയപ്പോൾ ഖുതുബ് എന്നോട് പറഞ്ഞു. ‘നിങ്ങൾ ഇത്ര നന്നായിട്ടു സംസാരിക്കും എന്നറിഞ്ഞിരുന്നെങ്കിൽ ഉൽഘാടന ചടങ്ങിൽ നിങ്ങളെക്കൊണ്ടും പ്രസംഗിപ്പിക്കാമായിരുന്നു.‘
‘പക്ഷെ ജനങൾക്ക് താരങ്ങളെ കാണാനാണല്ലോ താല്പര്യം ’ ഞാൻ പറഞ്ഞു.
‘താരത്തിളക്കമില്ലെങ്കിലും ഇന്ന് നിങ്ങളാണ് തിളങ്ങിയത്‘ അദ്ദേഹം പറഞ്ഞു.