തെക്കേ ഇന്ത്യയില്‍ ബിജെപിക്ക് സര്‍ക്കാരുകളില്‍ പങ്കാളിത്തമില്ലാതായി
ടിഡിപി എന്‍ഡിഎ മുന്നണി വിട്ടതോടെ തെക്കേയിന്ത്യയില്‍ ബിജെപിക്ക് പങ്കാളിത്തമുണ്ടായിരുന്ന ഏകസര്‍ക്കാരാണ് ഇല്ലാതായത്.
ടിഡിപി എന്‍ഡിഎ മുന്നണി വിട്ടതോടെ തെക്കേയിന്ത്യയില്‍ ബിജെപിക്ക് പങ്കാളിത്തമുണ്ടായിരുന്ന ഏകസര്‍ക്കാരാണ് ഇല്ലാതായത്. ആന്ധ്യപ്രദേശില്‍ ടിഡിപിക്കൊപ്പം ചേര്‍ന്നായിരുന്നു ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാരിന് നിലവില്‍ ഭീഷണിയല്ലെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ ബിജെപിക്ക് പ്രതിസന്ധിയാകും.
വടക്കേയിന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം ഒരുപോലെ വെന്നിക്കൊടി പാറിച്ച ബിജെപിക്ക് തെക്കേയിന്ത്യയിലെ 6 സര്‍ക്കാരുകളില്‍ പങ്കാളിത്തമുണ്ടായിരുന്നത് ആന്ധ്രപ്രദേശില്‍ മാത്രമായിരുന്നു. നോമിനേറ്റഡ് അംഗമടക്കം 176 അംഗസഭയില്‍ ടിഡിപിക്കൊപ്പം മുന്നണിയുടെ പേരിലാണ് 4 സീറ്റ് മാത്രമുള്ള ബിജെപി അധികാരത്തില്‍ പങ്കാളിയായത്. രണ്ട് മന്ത്രിമാരും പാര്‍ട്ടിക്കുണ്ടായിരുന്നു. ടിഡിപി കൈവിട്ടതോടെ തെക്കേയിന്ത്യയില്‍ ഒരുസംസ്ഥാനത്തിലും അധികാരമില്ലാത്തപാര്‍ട്ടിയായി രാജ്യം ഭരിക്കുന്ന ബിജെപി.
ആന്ധ്രയിലെ പ്രതിപക്ഷമായ വൈ എസ് ആര്‍ കോണ്‍ഗ്രസും സംസ്ഥാനത്തിന്റെ പ്രത്യേകപദവിയുടെ പേരില്‍ ബിജെപിക്കെതിരെ രംഗത്തെത്തിയ സാഹചര്യത്തില്‍ അവരുമായും ഇനി സഖ്യമുണ്ടാക്കാവില്ല. ടിഡിപി മുന്നണിവിടുമ്പോള്‍ വൈഎസ്ആറുമായി സഖ്യമുണ്ടാക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. ഇതിന് പാര്‍ട്ടി അധ്യക്ഷന്‍ ജഗന്‍മോഹനെതിരെയുള്ള കേസുകളെ ആയുധമാക്കാമെന്നും ബിജെപി കരുതിയിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യതയും സംസ്ഥാനത്ത് മങ്ങുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഇതോടെ ബിജെപിക്ക് ആന്ധ്രപ്രദേശില്‍ വലിയ തിരിച്ചടിതന്നെ നേരിടേണ്ടിവരും.