'കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം, ഇരട്ടിപ്പിച്ചത് അദാനി-അംബാനിമാരുടേത് മാത്രം'
ബിജെപി സര്‍ക്കാരിനെ അധികാരത്തിന്‍റെ ലഹരി ബാധിച്ചിരിക്കുന്നു. മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങളും എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ്
പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് പ്രയോജനകരമാണെന്ന് ആവർത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ബിജെപി സര്‍ക്കാരിനെ അധികാരത്തിന്‍റെ ലഹരി ബാധിച്ചിരിക്കുന്നു. മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങളും എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
"കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദി സര്‍ക്കാരിന്‍റെ വാഗ്ദാനം. സര്‍ക്കാര്‍ വരുമാനം ഇരട്ടിപ്പിച്ചു, പക്ഷേ അദാനി-അംബാനിമാരുടേതാണെന്ന് മാത്രം. ഇപ്പോഴും കരിനിയമങ്ങളെ പിന്തുണക്കുന്നവര്‍ കര്‍ഷകര്‍ക്ക് അനുകൂലമായി എന്ത് പരിഹാരമാണ് നിര്‍ദേശിക്കാന്‍ പോകുന്നത്?"- രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
वादा था किसानों की आय दुगनी करने का, मोदी सरकार ने आय तो कई गुना बढ़ा दी लेकिन अदानी-अंबानी की!
— Rahul Gandhi (@RahulGandhi) November 29, 2020
जो काले कृषि क़ानूनों को अब तक सही बता रहे हैं, वो क्या ख़ाक किसानों के पक्ष में हल निकालेंगे?
अब होगी #KisaanKiBaat
62 കോടി കർഷകരെ ബാധിക്കുന്ന ഒരു കാര്യത്തിലെ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞതാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വിമര്‍ശിച്ചു. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് കർഷകർ ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തുമ്പോൾ ഈ മൂന്ന് നിയമങ്ങളും തികച്ചും ശരിയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അധികാരത്തിന്‍റെ മത്തുപിടിച്ചിരിക്കുകയാണ് മോദി സര്‍ക്കാരിനെന്നും അദ്ദേഹം വിമര്‍ശിച്ചു.
കർഷകരുടെ പ്രതിസന്ധി ഇല്ലാതാക്കുന്നതോടൊപ്പം പുതിയ അവകാശങ്ങളും അവസരങ്ങളും നൽകുന്നതാണ് കാർഷിക നിയമങ്ങളെന്നാണ് മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞത്. മതിയായ ചർച്ചകൾക്ക് ശേഷമാണ് നിയമങ്ങൾ കൊണ്ടുവന്നത്. വർഷങ്ങളായുള്ള കർഷകരുടെ ആവശ്യമാണ് നിയമം നടപ്പാക്കിയതിലൂടെ സാക്ഷാത്കരിച്ചതെന്നും പ്രധാനമന്ത്രി അവകാശപ്പെടുകയുണ്ടായി. പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ വിമര്‍ശനം.
കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാതെ ഹൈദരാബാദില്‍ രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുത്ത ആഭ്യന്തര മന്ത്രി അമിത് ഷായെയും സുര്‍ജേവാല വിമര്‍ശിച്ചു. ഒരു പരിപാടിയില്‍ പങ്കെടുക്കാനായി അമിത് ഷാക്ക് 1200 കിലോമീറ്റര്‍ സഞ്ചരിച്ച് ഹൈദരാബാദില്‍ പോകാമെങ്കില്‍ എന്തുകൊണ്ട് 15 കിലോമീറ്റര്‍ സഞ്ചരിച്ച് ഡല്‍ഹി അതിര്‍ത്തിയിലെത്തി കര്‍ഷകരുമായി ചര്‍ച്ച നടത്തിക്കൂടാ എന്നാണ് സുര്‍ജേവാലയുടെ ചോദ്യം.