കോവിഡിന്‍റെ പുതിയ വകഭേദം; നിയന്ത്രണങ്ങൾ നീട്ടി ബഹ്റൈന്‍

രാജ്യത്ത് മാർച്ച് 14 വരെയാണ് നിയന്ത്രണങ്ങൾ തുടരുവാനുള്ള തീരുമാനം അധികൃതർ പ്രഖ്യാപിച്ചത്.

Update: 2021-02-19 02:09 GMT

ബഹ്റൈനിൽ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. രാജ്യത്ത് മാർച്ച് 14 വരെയാണ് നിയന്ത്രണങ്ങൾ തുടരുവാനുള്ള തീരുമാനം അധികൃതർ പ്രഖ്യാപിച്ചത്. റസ്റ്റോറൻറുകളിൽ അകത്ത് ഭക്ഷണം നൽകുന്നതിനും വിലക്കുണ്ട്. ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളും അടച്ചിടും.

കോവിഡ് പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങൾ മൂന്നാഴ്ചക്കാലത്തേക്ക് കൂടി നീട്ടിയതായി നാഷണൽ മെഡിക്കൽ ടീമാണ് അറിയിച്ചത്. ഫെബ്രുവരി 21 മുതൽ മാർച്ച് 14 വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാവുക. ഇൻഡോർ സ്പോർട്സ് ക്ലാസുകളും നിർത്തിവെക്കും. സർക്കാർ, സ്വകാര്യ സ്കൂൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടെത്തിയുള്ള അധ്യയനം ഉണ്ടാകില്ല. ഓൺലൈൻ പഠനം പതിവുപോലെ തുടരും. സർക്കാർ ഓഫീസുകളിൽ 70 ശതമാനം വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി അനുവദിക്കും.

Advertising
Advertising

ഇൻഡോർ ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളും അടച്ചിടും. സ്വകാര്യ ജിംനേഷ്യങ്ങൾക്ക് പുറത്തുള്ള കായിക പരിശീലനങ്ങൾ 30 പേരിൽ അധികമാകാതെ നടത്താം. വീടുകളിലും സ്വകാര്യ സ്ഥലങ്ങളിലും 30 പേരിൽ അധികമുള്ള കൂടിച്ചേരലുകളും വിലക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന് ജനങ്ങൾ മുൻകരുതൽ നിർദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന് നാഷണൽ മെഡിക്കൽ ടീം ആഹ്വാനം ചെയ്തു. രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയർന്ന സാഹചര്യത്തിൽ ഫെബ്രുവരി ഏഴിനാണ് നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവന്നത്. അന്ന് ഫെബ്രുവരി 21 വരെയുള്ള കാലയളവിലേക്കായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളാണ് ഇപ്പോൾ വീണ്ടും മൂന്നാഴ്ച നീട്ടിയിരിക്കുന്നത്. രാജ്യത്ത് പുതിയ പോസിറ്റീവ് കേസുകൾ വർധിക്കുന്നത് പരിഗണിച്ചാണ് പ്രതിരോധ നടപടികൾ ശക്തമാക്കാനുള്ള തീരുമാനം.

Tags:    

Similar News