കോഹ്‌ലി സ്ഥിരം ഓപ്പണറാകുമോയെന്ന് ചോദ്യം; അപ്പോള്‍ ഞാന്‍ പുറത്തിരിക്കണോയെന്ന് രാഹുല്‍

ക്യാപ്റ്റന്‍ രോഹിതിന് വിശ്രമം അനുവദിച്ചതുകൊണ്ടാണ് സാധാരണ വണ്‍ഡൌണ്‍ പൊസിഷനില്‍ ഇറങ്ങിക്കൊണ്ടിരുന്ന കോഹ്‍ലിക്ക് ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചത്

Update: 2022-09-09 06:25 GMT

വിരാട് കോഹ്ലി സെഞ്ച്വറിയുമായി ഫോമിലേക്ക് തിരിച്ചുവന്നതോടെ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്കിത് ആഘോഷരാവാണ്. അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ ഓപ്പണിങ് പൊസിഷനിലിറങ്ങിയ കോഹ്ലി ഇന്ത്യന്‍ ഇന്നിങ്സ് പൂര്‍ത്തിയാകുമ്പോഴും 122 റണ്‍സുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ രോഹിതിന് വിശ്രമം അനുവദിച്ചതുകൊണ്ടാണ് സാധാരണ വണ്‍ഡൌണ്‍ പൊസിഷനില്‍ ഇറങ്ങിക്കൊണ്ടിരുന്ന കോഹ്‍ലിക്ക് ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചത്.

ഓപ്പണിങ് സ്ലോട്ടില്‍ കോഹ്‍ലി തന്‍റെ വിശ്വരൂപം പുറത്തെടുത്തു. അഫ്ഗാന്‍ ബൌളർമാരെ തലങ്ങും വിലങ്ങും തല്ലിയ കോഹ്ലി 12 ബൌണ്ടറിയും ആറ് സിക്സറുകളുമടക്കമാണ് 61 പന്തിൽ 122 റൺസുമായി പുറത്താകാതെ നിന്നത്.

Advertising
Advertising

സഹ ഓപ്പണറായ കെ.എല്‍ രാഹുലും കോഹ്‍ലിക്ക് ഉറച്ചപിന്തുണ നല്‍‌കി. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 119 റണ്‍സാണ് അടിച്ചെടുത്തത്. കഴിഞ്ഞ മത്സരങ്ങളില്‍ മെല്ലെപ്പോക്കിന് ഏറെ പഴികേട്ട രാഹുല്‍ ഇത്തവണ 41 പന്തില്‍ 62 റണ്‍സാണ് കണ്ടെത്തിയത്. മത്സരശേഷം കെ.എല്‍ രാഹുലിനോട് കോഹ്‍ലി ഇനി മുതല്‍ സ്ഥിരം ഓപ്പണറാകുമോയെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു.

അഫ്ഗാനിസ്താനെതിരായി ഓപ്പണിങ് വിക്കറ്റിലെ കോഹ്‌ലിയുടെ മിന്നും പ്രകടനവും ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സിനായി കോഹ്‌ലി ഓപ്പണിങ് പൊസിഷനില്‍ കാഴ്ചവെച്ച മികച്ച പ്രകടവും ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമപ്രവര്‍‌ത്തകന്‍റെ ചോദ്യം. അന്താരാഷ്ട്ര ടി20 യില്‍ ആദ്യ സെഞ്ച്വറി കണ്ടെത്തിയ കോഹ്‍ലി ഐ.പി.എല്ലില്‍ അഞ്ച് സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഈ സെഞ്ച്വറികളെല്ലാം ഓപ്പണറായിറങ്ങിയ മത്സരത്തിലായിരുന്നു താരം നേടിയതെന്ന പ്രത്യേകതയുമുണ്ട്.

കോഹ്‌ലിയെ ഇനിമുതല്‍ ഇന്ത്യന്‍ ടീമിന്‍റെ സ്ഥിരം ഓപ്പണറായി കാണാൻ കഴിയുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. "തോ ക്യാ മൈ ഖുദ് ബെത് ജാൻ?'' എന്നായിരുന്നു രാഹുലിന്‍റെ ഹിന്ദിയിലുള്ള മറുപടി. അപ്പോൾ ഞാനെന്താ ടീമിന് പുറത്തിരിക്കണം എന്നാണോ...? രാഹുൽ  ചോദിച്ചു. കോഹ്‌ലി ബാറ്റിങില്‍ താളം കണ്ടെത്തുന്നത് ടീമിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്, എന്നാൽ മൂന്നാം നമ്പറിൽ റണ്‍സ് കണ്ടെത്താനും അദ്ദേഹത്തിന് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. .

" വിരാട് വലിയ സ്കോര്‍ കണ്ടെത്തുന്നത് തീര്‍ച്ചയായും ടീമിന് വലിയ ബോണസാണ്, അഫ്ഗാനെതിരെ അദ്ദേഹം കളിച്ച രീതിയില്‍ എല്ലാവരും വളരെ സന്തുഷ്ടനാണെന്ന് എനിക്കറിയാം. ഒരു ടീമെന്ന നിലയില്‍ ഓരോ കളിക്കാരനും മധ്യനിരയിൽ സമയം കണ്ടെത്തേണ്ടത് പ്രധാനമാണ്." രാഹുൽ പറഞ്ഞു,

"നിങ്ങൾ രണ്ടോ മൂന്നോ ഇന്നിങ്സുകളില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ നിങ്ങൾക്ക് ആത്മവിശ്വാസം ലഭിക്കും, കോഹ്‍ലിക്ക് സ്ഥിരത കൈവരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങൾക്കെല്ലാവർക്കും കോഹ്‌ലിയെ അറിയാം, ഇത്രയും വർഷമായി അദ്ദേഹത്തെ കാണുന്നവരാണ് നമ്മളെല്ലാം... ബാറ്റിങ് ഓപ്പൺ ചെയ്താൽ മാത്രം സെഞ്ച്വറി നേടുന്ന താരമല്ല അദ്ദേഹം മൂന്നാം നമ്പറിൽ ബാറ്റ് ചെയ്താലും അദ്ദേഹത്തിന് സെഞ്ച്വറി നേടാന്‍ കഴിയും. ഒരോ താരത്തിനും ഓരോ ഉത്തരവാദിത്തമാണുള്ളത്, ഈ ടൂര്‍ണമെന്‍റില്‍ കോഹ്‍ലി അദ്ദേഹത്തിന്‍റെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു. അടുത്ത സീരീസിൽ, അദ്ദേഹത്തിന്‍റെ റോൾ വ്യത്യസ്തമായിരിക്കും''. കെ.എല്‍ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News