ആസ്ത്രേലിയന്‍ ഓപ്പണ്‍; പോരാടാന്‍ മുന്‍നിര താരങ്ങള്‍ എത്തും

വിവാദമായ യു.എസ് ഗ്രാൻഡ് സ്ലാമിന് ശേഷം സെറീന വില്യംസ് പങ്കെടുക്കുന്ന പ്രധാന ടൂർണമെന്റാണിത്

Update: 2018-12-07 08:35 GMT
Advertising

സീസണിലെ ആദ്യ ഗ്രാൻഡ് സ്ലാം ടൂര്‍ണമെന്റായ ആസ്ത്രേലിയൻ ഓപ്പണിന് സാന്നിധ്യം ഉറപ്പു വരുത്തി മുൻ നിര താരങ്ങൾ. സെറീന വില്ല്യംസ്, റോജർ ഫെഡറർ, പരിക്ക് മൂലം കളത്തിൽ നിന്നും വിട്ട് നിന്ന റാഫേൽ നദാൽ, ദ്യോകോവിച്ച്, ഇംഗ്ലീഷ് താരം ആൻഡി മറെ തുടങ്ങി ലോകത്തെ മികച്ച 102 വനിതാ താരങ്ങളും, മികച്ച 101 പുരുഷ താരങ്ങളും മെൽബണിൽ അണിനിരക്കുമെന്ന് സംഘാടകർ അറിയിച്ചു.

വിവാദമായ യു.എസ് ഗ്രാൻഡ് സ്ലാമിന് ശേഷം സെറീന വില്യംസ് പങ്കെടുക്കുന്ന പ്രധാന ടൂർണമെന്റാണിത്. ജപ്പാന്റെ നവോമി ഒസാക്കെയ്ക്കെതിരായ യു.എസ് ഓപ്പൺ ഫെെനലിൽ, അംപയറുമായുണ്ടായ ഉരസെലിനെ തുടർന്ന് വിവാദമായ മത്സരത്തിനൊടുവില്‍ സെറീന വില്യംസിന് കിരീടം നഷ്ടമാവുകയായിരുന്നു. നിലവിൽ ലോക പതിനാറാം റാങ്കുകാരിയായ താരം, ആസ്ത്രേലിയയിൽ കിരീടം ചൂടിയാൽ, 24 സിംഗിൾസ് ഗ്രാൻ‍ഡ് സ്ലാം നേടിയ മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പം എത്തും.

സൂപ്പർ താരം റോജർ ഫെഡററാണ് നിലവിലെ പുരുഷ വിഭാഗം ആസ്ത്രേലിയൻ ഓപ്പൺ ജേതാവ്. കന്നി ഗ്രാൻഡ് സ്ലാം നേടിയ ഡാനിഷ് താരം കരോളിൻ വോസ്നികിയാണ് വനിതകളില്‍ കിരീടം ചൂടിയത്. മേറ്റ് പവിക്-ഒലിവർ മറച്ച് സഖ്യം പുരുഷ വിഭാഗം ഡബിൾസ് സ്വന്തമാക്കിയപ്പോൾ, ഫ്രഞ്ച്-ഹങ്കേറിയൻ സഖ്യമായ ക്രിസ്റ്റീന മിയാഡെനോവിക്-ടിമിയ ബബോസ് വനിതാ ഡബിൾസ് കിരീടം സ്വന്തമാക്കി. ജനുവരി 15 മുതൽ 28 വരെയാണ് ആസ്ത്രേലിയൻ ഓപ്പൺ നടക്കുന്നത്.

Tags:    

Similar News