'താരങ്ങളും മനുഷ്യരാണ്, അവർക്കും വിശ്രമം വേണം'; കോഹ്‌ലിയേയും രോഹിത്തിനെയും പിന്തുണച്ച് ശിഖർ ധവാൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ താരങ്ങൾക്ക് വിശ്രമം ലഭിക്കണമെങ്കിൽ റൊട്ടേഷൻ അനിവാര്യമാണ്.

Update: 2022-08-06 13:04 GMT
Editor : Nidhin | By : Web Desk
Advertising

ഫോം കണ്ടെത്താൻ വിഷമിക്കുന്ന മുൻ ഇന്ത്യൻ വിരാട് കോഹ്‌ലിക്കും ഇപ്പോഴത്തെ നായകൻ രോഹിത് ശർമയ്ക്കും പിന്തുണയുമായി ശിഖർ ധവാൻ. താരങ്ങൾക്ക് വിശ്രമം നൽകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോഹ്ലി നിലവിൽ വിശ്രമത്തിലാണ്. രോഹിത്തും ചില പരമ്പരകളിൽ നിന്ന് മാറി നിന്നിരുന്നു.

ഇന്ത്യ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ ധവാൻ പറഞ്ഞത് ഇങ്ങനെ: 

'ഒരു കളിക്കാരൻ മികച്ച പ്രകടനം പുറത്തെടുക്കണമെങ്കിൽ അവർ എപ്പോഴും ഫ്രഷായിരിക്കണം. തുടർച്ചയായി മത്സരങ്ങൾ താരങ്ങളെ മാനസികമായി ക്ഷീണിതരാക്കും. അതുകൊണ്ട് ശാരീരികമായും മാനസികമായും വിശ്രമം നൽകേണ്ടത് അത്യാവശ്യമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ താരങ്ങൾക്ക് വിശ്രമം ലഭിക്കണമെങ്കിൽ റൊട്ടേഷൻ അനിവാര്യമാണ്. എല്ലായിടത്തേക്കും യാത്ര ചെയ്താൽ താരങ്ങളും തളരും, കാരണം അവരും മനുഷ്യരാണ്, വിശ്രമം അത്യാവശ്യമാണ്. ടീം മാനേജ്‌മെന്റുകൾ താരങ്ങൾക്ക് കൃത്യമായ വിശ്രമം നൽകി ടീം സെലക്ട് ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്'

ഈ വർഷം ആദ്യം ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിൽ കോഹ്ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. കൂടാതെ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി-20 ഐയും കോഹ്ലിക്ക് നഷ്ടമായിരുന്നു. 2022 ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിൽ മുൻ ഇന്ത്യൻ ക്യാപ്റ്റന് വിശ്രമം അനുവദിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തിരിച്ചെത്തിയെങ്കിലും ഇപ്പോൾ നടക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ വിശ്രമം അനുവദിച്ചു. സിംബാബ്വെ പര്യടനത്തിലും കോഹ്ലി ഉണ്ടാകില്ല.

പരിക്കുമൂലം ചില പരമ്പരകൾ നഷ്ടമായത് കൂടാതെ രോഹിത്തിന് മതിയായ വിശ്രമവും നൽകിയിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റന് വർഷത്തിന്റെ തുടക്കത്തിൽ ദക്ഷിണാഫ്രിക്കൻ പര്യടനം പൂർണമായി നഷ്ടപ്പെടുത്തേണ്ടി വന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലും രോഹിത്തിന് വിശ്രമം അനുവദിച്ചിരുന്നു. രോഹിതിന്റെ അഭാവത്തിൽ ധവാനാണ് സിംബാബ്വെയിൽ ഇന്ത്യൻ ടീമിനെ നയിക്കുക.

2022 ഏഷ്യ കപ്പിൽ രണ്ടു താരങ്ങളും ടീമിൽ ശക്തരായി തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

ഇന്ത്യ - വെസ്റ്റിൻഡീസ് ട്വന്റി-20 പരന്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. അമേരിക്കയിലെ ഫ്ലോറിഡയിൽ ഇന്ത്യൻ സമയം രാത്രി 8 നാണ് മത്സരം.. ഇന്ന് ജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് പരമ്പര നേടാം.

ഒരിക്കൽ കൂടി അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരത്തിനായി ഇന്ത്യൻ ടീം അമേരിക്കയിലെത്തുമ്പോൾ പരമ്പര നേട്ടം എന്നതിലുമുപരി അമേരിക്കൻ മണ്ണിൽ ക്രിക്കറ്റിന്റെ പ്രചാരണം കൂടിയാണ് ലക്ഷ്യം. പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 2-1 ന് മുന്നിലാണ്. വിസാ നടപടികളിലെ അനിശ്ചിതത്വങ്ങൾ പരിഹരിച്ചാണ് ഇരു ടീമുകളും അമേരിക്കയിലെത്തിയത്.

കഴിഞ്ഞ മത്സരത്തിൽ പരിക്കിന്റെ പിടിയിലായ ക്യാപ്റ്റൻ രോഹിത് ശർമ ഇന്ന് കളിക്കുമോയെന്ന് ഉറപ്പില്ല. രോഹിത്തിന്റെ അഭാവത്തിൽ ഋഷഭ് പന്തോ ഹർദിക് പാണ്ഡ്യയോ ക്യാപ്റ്റനാകും. സഞ്ജു സാംസൺ, ദീപക് ഹൂഡ എന്നിവരിൽ ഒരാൾക്ക് അവസരം ലഭിക്കുകയും ചെയ്യും. ഫോം മങ്ങിയ ആവേശ് ഖാനും ശ്രേയസ് അയ്യറിനും വീണ്ടും അവസരം നൽകുമോയെന്നും കാത്തിരുന്ന് കാണണം.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News