ദേശീയ തൈക്കോണ്ടോ ചാമ്പൻഷിപ്പിൽ ഐഷ സംറീന് വെങ്കലം
ഡൽഹിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഐഷ സംറീൻ മലപ്പുറം മങ്കട സ്വദേശിയാണ്
Update: 2025-08-30 11:58 GMT
ന്യൂഡൽഹി: ഒഡീഷയിലെ കട്ടക്കിൽ നടന്ന നാലാമത് ദേശീയ സബ് ജൂനിയർ തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ മലയാളി വിദ്യാർഥിനിക്ക് വെങ്കലം. ഡൽഹിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മലപ്പുറം മങ്കട സ്വദേശി ഐഷ സംറീനാണ് നേട്ടം കരസ്ഥമാക്കിയത്. ഡൽഹി ജസോല ഗുഡ് സമരിറ്റൻ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. ഡൽഹി ജാമിഅ മില്ലിയ സർവകലാശാല അസോസിയേറ്റ് പ്രൊഫ. ഡോ. സമീർ ബാബുവിന്റെയും ജാമിഅ മില്ലിയ സർവകലാശാലയിൽ ഗവേഷകയായ ടി.ഫസീലയുടെയും മകളാണ്.
കട്ടക്ക് ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ എട്ട് സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് മത്സരാർഥികൾ പങ്കെടുത്തു. മത്സരത്തിൽ സിക്കിം മുഖ്യമന്ത്രി പി.എസ് തമാങിന്റെ മകൾ പ്രക്രിയ തമാങ് വെള്ളി മെഡൽ നേടി. കഴിഞ്ഞ വർഷം കാൺപൂരിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലും ഐഷ സംറീൻ വെങ്കലം കരസ്ഥമാക്കിയിരുന്നു.