ആവേശപ്പോരാട്ടത്തിൽ കൊല്ലം സെയിലേഴ്സിനെ രണ്ട് റൺസിന് തോല്പിച്ച് ആലപ്പി റിപ്പിൾസ്

Update: 2025-08-28 18:17 GMT
Editor : Harikrishnan S | By : Sports Desk

തിരുവനന്തപുരം: കെസിഎല്ലിൽ കൊല്ലം സെയിലേഴ്സിനെതിരെ ആലപ്പി റിപ്പിൾസിന് രണ്ട് റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് മാത്രമാണ് നേടാനായത്. ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങിയ കൌമാര താരം മുഹമ്മദ് ഇനാനാണ് പ്ലെയർ ഓഫ് ദി മാച്ച്.

ഈ സീസണിൽ ടീമിന് ലഭിച്ച ഏറ്റവും മികച്ച തുടക്കമായിരുന്നു ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും ജലജ് സക്സേനയും ചേർന്ന് ആലപ്പിക്ക് നല്കിയത്. പതിവിൽ നിന്ന് വ്യത്യസ്തമായി കൂറ്റൻ ഷോട്ടുകളിലൂടെ സ്കോർ ഉയർത്തിയത് ജലജ് സക്സേനയാണ്. ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 61 റൺസ് കൂട്ടിച്ചേർത്തു. അസറുദ്ദീൻ 24 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ അഭിഷേക് പി നായർക്കും മൊഹമ്മദ് കൈഫിനും അക്ഷയ് ടി കെയ്ക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. എന്നാൽ മറുവശത്ത് തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞ ജലജ് സക്സേനയുടെ ഇന്നിങ്സ് ആലപ്പിയ്ക്ക് കരുത്തായി. 50 പന്തുകളിൽ ഒൻപത് ഫോറും നാല് സിക്സുമടക്കം 85 റൺസായിരുന്നു ജലജ് സക്സേന നേടിയത്.

Advertising
Advertising

അവസാന ഓവറുകളിൽ തകർത്തടിച്ച കെ എ അരുണും മുഹമ്മദ് ഇനാനും ചേർന്ന കൂട്ടുകെട്ടാണ് ആലപ്പിയുടെ സ്കോർ 182ൽ എത്തിച്ചത്. ടൂർണ്ണമെൻ്റിലെ ആദ്യ മല്സരം കളിക്കാനിറങ്ങിയ കൌമാര താരം മുഹമ്മദ് ഇനാൻ്റെ പ്രകടനമായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം. ഒൻപത് പന്തുകളിൽ രണ്ട് ഫോറും രണ്ട് സിക്സുമടക്കം 21 റൺസാണ് ഇനാൻ നേടിയത്. ഇന്ത്യൻ അണ്ടർ 19 താരം കൂടിയാണ് മുഹമ്മദ് ഇനാൻ.കെ എ അരുൺ 10 റൺസുമായി പുറത്താകാതെ നിന്നു. കൊല്ലത്തിന് വേണ്ടി ഷറഫുദ്ദീൻ, എം എസ് അഖിൽ, എ ജി അമൽ, അജയഘോഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ കൊല്ലത്തിൻ്റെ കരുത്തുറ്റ ബാറ്റിങ് നിരയ്ക്ക് തുടക്കം മുതൽ പിഴച്ചു. രണ്ടാം ഓവറിൽ തന്നെ അഭിഷേക് ജെ നായർ മടങ്ങി. പതിവ് ബാറ്റിങ് വെടിക്കെട്ടിന് തുടക്കമിട്ട വിഷ്ണു വിനോദിനെയും സച്ചിൻ ബേബിയെയും ഒരേ ഓവറിൽ മടക്കി രാഹുൽ ചന്ദ്രൻ ആലപ്പിയ്ക്ക് മുൻതൂക്കം നല്കി. വിഷ്ണു വിനോദ് 22ഉം സച്ചിൻ ബേബി 18ഉം റൺസാണ് നേടിയത്. തുടർന്നെത്തിയവിൽ ആർക്കും നിലയുറപ്പിക്കാനായില്ല. വത്സൽ ഗോവിന്ദ് 13ഉം എം എസ് അഖിൽ 14ഉം സച്ചിൻ പി.എസ് 18 ഉം രാഹുൽ ശർമ്മ 16ഉം റൺസ് നേടി മടങ്ങി.

അവസാന ഓവറുകളിൽ കൂറ്റൻ അടികളുമായി ഷറഫുദ്ദീൻ കൊല്ലത്തിന് പ്രതീക്ഷ നല്കി. എന്നാൽ അവസാന ഓവറിലെ നാലാം പന്തിൽ ഷറഫുദ്ദീൻ പുറത്തായതോടെ ആലപ്പുഴ കളി വരുതിയിലാക്കി. 22 പന്തുകളിൽ ഒരു ഫോറും അഞ്ച് സിക്സുമടക്കം 41 റൺസാണ് ഷറഫുദ്ദീൻ നേടിയത്. നാലോവറിൽ 26 റൺസ് വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുൽ ചന്ദ്രനാണ് ആലപ്പിയുടെ ബൌളിങ് നിരയിൽ കൂടുതൽ തിളങ്ങിയത്.നാലോവറിൽ 40 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഇനാൻ്റെ പ്രകടനവും ശ്രദ്ധേയമായി. വിജയത്തോടെ അഞ്ച് മല്സരങ്ങളിൽ നിന്ന് നാല് പോയിൻ്റുമായി ആലപ്പി റിപ്പിൾസ് അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്നു.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News