2028 ഒളിമ്പിക്സിൽ ക്രിക്കറ്റും; ആറ് ടീമുകളെ പങ്കെടുപ്പിക്കും
ന്യൂയോർക്: 128 വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക് മടങ്ങിവരുന്നു. 2028 ലോസ് ആഞ്ചൽസ് ഒളിമ്പിക് മുതൽ ക്രിക്കറ്റിനെ മത്സര ഇനമാക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റിയുടെ എക്സിക്യൂട്ടീവ് ബോർഡ് അനുമതി നൽകി.
ട്വന്റി 20 ഫോർമാറ്റിൽ ആറ് ടീമുകളെയാകും പങ്കെടുപ്പിക്കുക. എന്നാൽ യോഗ്യത മാനദണ്ഡം എങ്ങനെയാകുമെന്ന് തീരുമാനമായിട്ടില്ല. കരീബിയൻ ദ്വീപ് രാജ്യങ്ങൾ ഒളിമ്പിക്സിൽ പ്രത്യേകമായി പങ്കെടുക്കുമ്പോൾ ക്രിക്കറ്റിൽ വെസ്റ്റിൻഡീസ് എന്ന പേരിലാണ് മത്സരിക്കുന്നത്. ഒളിമ്പിക്സിൽ യു.കെ എന്ന പേരിൽ മത്സരിക്കുമ്പോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ട് അടക്കമുള ടീമുകൾ വെവ്വേറെയാണ് മത്സരിക്കുന്നത്. ഇതടക്കമുള്ള പ്രതിസന്ധികളും ചർച്ചചെയ്യും.
1900 ഒളിമ്പിക്സിലാണ് ഏറ്റവും അവസാനമായി ക്രിക്കറ്റ് പങ്കെടുത്തത്. അന്ന് ബ്രിട്ടണും ഫ്രാൻസും മാത്രമാണ് പങ്കെടുത്തിരുന്നത്. ഏഷ്യൻ ഗെയിംസിൽ പുരുഷ വനിത വിഭാഗം ക്രിക്കറ്റ് മത്സരങ്ങളും കോമൺ വെൽത്ത് ഗെയിംസിൽ വനിത ക്രിക്കറ്റ് മത്സരങ്ങളും നടന്നുവരുന്നുണ്ട്.
ക്രിക്കറ്റിന് പുറമേ സ്ക്വാഷ്, ബേസ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ് അടക്കമുള്ള കായിക ഇനങ്ങളെയും 2028 മുതൽ മത്സര ഇനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.