പാകിസ്താനെതിരെ പരോക്ഷ പ്രതിഷേധത്തിന് ഇന്ത്യ; ബിസിസിഐ അംഗങ്ങൾ ഉണ്ടാകാനിടയില്ല
ദുബൈ: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്താൻ മത്സരത്തിൽ ഇന്ത്യൻ സംഘം പരോക്ഷ പ്രതിഷേധങ്ങൾ നടത്താൻ സാധ്യത. മത്സരം ബഹിഷ്കരിക്കാനുള്ള മുറവിളികൾ അന്തരീക്ഷത്തിൽ പൊങ്ങി നിൽക്കേ ഇന്ത്യ പാക് മത്സരത്തിൽ മിക്ക ബിസിസിഐ ഉദ്യോഗസ്ഥരും ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ താരങ്ങളുടെ ഭാഗത്ത് നിന്നും പരോക്ഷ പ്രതിഷേധങ്ങളുണ്ടാകാനും സാധ്യതയെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഏഷ്യ കപ്പിലെ ഇന്ത്യ പാക് മത്സരത്തെ ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്. മത്സരം ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ വലിയ ചർച്ചയാണ്. നേരത്തെ ദുബൈയിൽ വെച്ച് നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ പാകിസ്താനെ നേരിട്ടപ്പോൾ ബിസിസിഐയിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥരും എത്തിയിരുന്നു. എന്നാൽ ഇന്ന് അതിനു സാധ്യതകളില്ല എന്നാണ് റിപ്പോർട്ട്. മത്സരം ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾ നിലനിൽക്കെയാണ് ഈ തീരുമാനം. ഗ്രൗണ്ടിൽ ഇന്ത്യൻ ടീമിന്റെ ഭാഗത്ത് നിന്നും പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ സംഘത്തിലുള്ളവർക്ക് ഈ വിഷയത്തിന്റെ ഗൗരവം എത്രയെന്ന് അറിയാമെന്നും നമ്മുടെ നിയന്ത്രണത്തിലില്ലാത്ത വിഷയങ്ങൾ ആലോചിക്കാതെ പ്രൊഫഷണലായി സമീപിക്കാനാണ് ഗൗതം ഗംഭീർ പറഞ്ഞിരിക്കുന്നതെന്നും ഇന്ത്യൻ ടീമിന്റെ സഹ പരിശീലകനായ റയാൻ ടെൻ ഡൊഷാറ്റ് മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ പറഞ്ഞു.