വിഷ്ണു വിനോദിന് അർധ സെഞ്ച്വറി; കെസിഎല്ലിൽ തൃശൂരിനെതിരെ കൊല്ലത്തിന് അനായാസ ജയം
സച്ചിൻ ബേബി 32 റൺസുമായി പുറത്താകാതെ നിന്നു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ കൊല്ലം സെയ്‌ലേഴ്‌സിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത തൃശൂർ 19.5 ഓവറിൽ 144 റൺസിന് പുറത്തായി. മറുപടി ബാറ്റിങിൽ കൊല്ലം 15ാം ഓവറിൽ ലക്ഷ്യം മറികടന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ച്വറി സ്വന്തമാക്കിയ വിഷ്ണു വിനോദാണ് കളിയിലെ താരം. 38 പന്തിൽ ഏഴ് ഫോറും എട്ട് സിക്‌സറും സഹിതം 86 റൺസാണ് വിഷ്ണു അടിച്ചെടുത്തത്. സച്ചിൻ ബേബി 32 റൺസുമായി പുറത്താകാതെ നിന്നു. ബൗളർമാരുടെ മികച്ച പ്രകടനവും കൊല്ലത്തിന് തുണയായി. കഴിഞ്ഞ മാച്ചിൽ സെഞ്ച്വറി നേടിയ അഹ്‌മദ് ഇമ്രാൻ(16) തുടക്കത്തിൽ തന്നെ മടങ്ങിയത് തൃശൂരിന് തിരിച്ചടിയായി. എന്നാൽ മികച്ച ഷോട്ടുകളുമായി ആനന്ദ് കൃഷ്ണന്റെ മികവിൽ ഭേദപ്പെട്ടൊരു തുടക്കം തന്നെയായിരുന്നു തൃശൂരിന്റേത്. അഞ്ചോവർ പിന്നിടുമ്പോൾ ഒരു വിക്കറ്റിന് 44 റൺസെന്ന നിലയിലായിരുന്നു ടൈറ്റൻസ്. എന്നാൽ അനാവശ്യ ഷോട്ടിലൂടെ ഷോൺ റോജർ പുറത്തായത് തൃശൂരിന്റെ സ്‌കോറിങ് വേഗത്തെ ബാധിച്ചു.
ആനന്ദ് കൃഷ്ണനും അക്ഷയ് മനോഹറും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 40 റൺസ് പിറന്നു. മികച്ച രീതിയിൽ കളിച്ചു വന്ന ആനന്ദ് കൃഷ്ണൻ പുറത്തായത് തൃശൂരിന് തിരിച്ചടിയായി. 38 പന്തുകളിൽ 41 റൺസെടുത്ത ആനന്ദ് കൃഷ്ണനെ എ ജി അമലാണ് പുറത്താക്കിയത്. അക്ഷയ് മനോഹർ 24 റൺസും നേടി. അജയഘോഷും അമലും ബിജു നാരായണനും അടക്കമുള്ള കൊല്ലത്തിന്റെ ബൗളിങ് നിര അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ 144 റൺസ് മാത്രമാണ് തൃശൂരിന് നേടാനായത്. അജയഘോഷ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അമൽ മൂന്നും ഷറഫുദ്ദീൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങിന് ഇറങ്ങിയ കൊല്ലത്തിന്റെ ബാറ്റിങ് നിരയെ ഒരു ഘട്ടത്തിലും സമ്മർദ്ദത്തിലാക്കാൻ തൃശൂരിനായില്ല. രണ്ടാം ഓവറിൽ തന്നെ അഭിഷേക് ജെ നായർ പുറത്തായെങ്കിലും തകർത്തടിച്ച വിഷ്ണു വിനോദ് ഇന്നിങ്‌സ് അതിവേഗത്തിൽ മുന്നോട്ട് കൊണ്ടുപോയി. മൂന്നാം ഓവറിൽ രണ്ട് ഫോറും രണ്ട് സിക്‌സും നേടി തുടക്കമിട്ട വിഷ്ണു വിനോദ് വെറും 22 പന്തിൽ അൻപതിലെത്തി. തൃശൂരിന്റെ ക്യാപ്റ്റൻ സിജോമോൻ ജോസഫ് എറിഞ്ഞ ഒൻപതാം ഓവറിൽ നാല് സിക്‌സറുകളാണ് വിഷ്ണു നേടിയത്. വിഷ്ണു പുറത്താകുമ്പോൾ കൊല്ലത്തിന് ജയിക്കാൻ പത്ത് ഓവറിൽ വെറും 38 റൺസ് മാത്രമാണ് വേണ്ടിയിരുന്നത്. സച്ചിൻ ബേബിയും എം എസ് അഖിലും ചേർന്ന് 35 പന്തുകൾ ബാക്കി നിൽക്കെ ടീമിനെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.