ഷോൺ റോജർ നയിച്ചു; ആലപ്പി റിപ്പിൾസിനെ തോൽപ്പിച്ച് തൃശൂർ ടൈറ്റൻസ്

തൃശൂരിനായി നാല് വിക്കറ്റ് വീഴ്ത്തിയ സിബിൻ ഗിരീഷാണ് പ്ലെയർ ഓഫ് ദി മാച്ച്.

Update: 2025-09-01 16:30 GMT
Editor : Sharafudheen TK | By : Sports Desk

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെതിരെ നാല് വിക്കറ്റിന്റെ വിജയവുമായി തൃശൂർ ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറുകളിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ അവസാന ഓവറിൽ ലക്ഷ്യത്തിലെത്തി. തൃശൂരിന് വേണ്ടി നാല് വിക്കറ്റുകൾ വീഴ്ത്തിയ സിബിൻ ഗിരീഷാണ് പ്ലെയർ ഓഫ് ദി മാച്ച്. വിജയത്തോടെ പത്ത് പോയിന്റുമായി ടൈറ്റൻസ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ ആലപ്പിയ്ക്ക് പ്രഹരമേല്പിച്ചായിരുന്നു തൃശൂർ ടൈറ്റൻസ് തുടങ്ങിയത്. ഇല്ലാത്ത റണ്ണിനായോടിയ മുഹമ്മദ്  അസ്ഹറുദ്ദീൻ പുറത്തായത് ആലപ്പിയ്ക്ക് വലിയ തിരിച്ചടിയായി.

Advertising
Advertising

ചില കൂറ്റൻ ഷോട്ടുകളിലൂടെ അഭിഷേക് പി നായർ പ്രതീക്ഷ നല്കി. എന്നാൽ നാലാം ഓവറിൽ അഭിഷേകിനെയും ജലജ് സക്‌സേനയെയും വിനോദ് കുമാർ പുറത്താക്കിയതോടെ കളിയുടെ നിയന്ത്രണം തൃശൂരിന്റെ കൈകളിലേക്ക്. അഭിഷേക് 22ഉം ജലജ് സക്‌സേന ഒരു റണ്ണും നേടി. തുടർന്നെത്തിയ മുഹമ്മദ് കൈഫും നാല് റൺസുമായി മടങ്ങി. അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന ശ്രീരൂപിന്റെയും അക്ഷയ് ടി കെയുടെയും പ്രകടനമാണ് ആലപ്പിയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ശ്രീരൂപ് 24 റൺസുമായി മടങ്ങി. എന്നാൽ അവസാന ഓവർ വരെ ഉറച്ച് നിന്ന അക്ഷയ് ആണ് ആലപ്പിയുടെ ടോപ് സ്‌കോറർ. അക്ഷയ് 38 പന്തുകളിൽ നിന്ന് 49 റൺസ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് വേണ്ടി അഹമ്മദ് ഇമ്രാനൊപ്പം ഇന്നിങ്‌സ് തുറന്നത് പതിനേഴുകാരനായ കെ.ആർ രോഹിതാണ്. ടൂർണ്ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് രോഹിത്. ആറ് റൺസെടുത്ത അഹ്‌മദ് ഇമ്രാനും റണ്ണെടുക്കാതെ ആനന്ദ് കൃഷ്ണനും തുടക്കത്തിൽ തന്നെ മടങ്ങി. മുഹമ്മദ് നാസിലായിരുന്നു ഇരുവരുടെയും വിക്കറ്റുകൾ നേടിയത്. എന്നാൽ തുടക്കക്കാരന്റെ പതർച്ചകളില്ലാതെ ബാറ്റ് വീശിയ രോഹിത് ഷോൺ റോജർക്കൊപ്പം ചേർന്ന് അനായാസം ഇന്നിങ്‌സ് മുന്നോട്ട് നീക്കി. മൈതാനത്തിന്റെ നാലു ഭാഗത്തേയ്ക്കും ആധികാരികതയോടെ ഷോട്ടുകൾ പായിച്ച രോഹിത് 30 റൺസെടുത്തു. തുടർന്നെത്തിയ അക്ഷയ് മനോഹറും ഷോൺ റോജറും ചേർന്നുള്ള കൂട്ടുകെട്ടിൽ 43 റൺസ് പിറന്നു. കളി അവസാനത്തോടടുക്കെ തുടരെ വിക്കറ്റുകൾ വീണെങ്കിലും നാല് പന്തുകൾ ബാക്കി നിൽക്കെ തൃശൂർ ലക്ഷ്യത്തിലെത്തി. ഷോൺ റോജർ 49 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിയ്ക്കായി മുഹമ്മദ് നാസിൽ മൂന്നും ജലജ് സക്‌സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News