ഒന്നരകൊല്ലത്തിന് ശേഷം നായകനായി കോഹ്‌ലി; പഞ്ചാബിനെതിരെ ബാംഗ്ലൂരിന് 24 റൺസ് വിജയം

നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് പഞ്ചാബിന്റെ സ്വപ്‌നങ്ങളെ വരിഞ്ഞുകെട്ടിയത്

Update: 2023-04-20 14:28 GMT

RCB

Advertising

ഏകദേശം ഒന്നരകൊല്ലത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്‌ലി നായകനായെത്തിയ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ 24 റൺസിന് തോൽപ്പിച്ച് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നാലു വിക്കറ്റ് നഷ്ടത്തിൽ 174 റൺസാണ് നേടിയിരുന്നത്. എന്നാൽ ഈ സ്‌കോർ മറികടക്കാനുള്ള പഞ്ചാബിന്റെ പോരാട്ടം 18.2 ഓവറിൽ 150 റൺസിലൊതുങ്ങുകയായിരുന്നു. 46 റൺസ് നേടിയ പ്രബ്‌സിമ്രാൻ സിംഗും 41 റൺസ് നേടിയ ജിതേഷ് ശർമയും മാത്രമാണ് ടീമിനായി പൊരുതിയത്.

നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് പഞ്ചാബിന്റെ സ്വപ്‌നങ്ങളെ വരിഞ്ഞുകെട്ടിയത്. നാലു ഓവറിൽ 21 റൺസ് മാത്രമാണ് താരം വിട്ടുകൊടുത്തത്. സിറാജ് തന്നെയാണ് മത്സരത്തിലെ താരം. വാനിഡു ഹസരംഗ രണ്ടും വെയ്ൻ പാർനൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോന്നും വിക്കറ്റ് വീഴ്ത്തി.

കോഹ്ലിയും ഫാഫ് ഡുപ്ലെസിസും റൺമെഷീനുകളായതോടെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 174 റൺസാണ് നേടിയത്. കോഹ്ലി 47 പന്തിൽ 59 റൺസ് നേടിയപ്പോൾ ഡുപ്ലെസിസ് 56 പന്തിൽ 84 റൺസാണ് അടിച്ചുകൂട്ടിയത്. ഡുപ്ലെസിസ് അഞ്ച് വീതം സിക്സറും ഫോറുമടിച്ചപ്പോൾ കോഹ്ലി ഒരു സിക്സും അഞ്ച് ഫോറുമടിച്ചു. ഓപ്പണർമാർ തകർത്തുകളിച്ച മത്സരത്തിൽ പിന്നീട് വന്നവർക്കാർക്കും രണ്ടക്കം കാണാനാകാത്തത് റൺനിരക്കിനെ ബാധിച്ചു. വൺഡൗണായെത്തിയ ഗ്ലെൻ മാക്സ്വെൽ ഹർപ്രീത് ബ്രാറിന്റെ പന്തിൽ ഡക്കായി. തായ്ദെക്കായിരുന്നു ക്യാച്ച്. ദിനേഷ് കാർത്തികും മഹിപാൽ ലോംറോറും ഏഴ് വീതം റണ്ണാണ് നേടിയത്. കാർത്തിക് അർഷദീപ് സിംഗിന്റെ പന്തിൽ തായ്ദെയ്ക്ക് ക്യാച്ച് നൽകി പുറത്തായി. എന്നാൽ മഹിപാൽ പുറത്താകാതെ നിന്നു. ഷഹബാസ് അഹമ്മദ് മൂന്നു പന്തിൽ അഞ്ച് റണ്ണുമായി കൂടെ നിന്നു.

പഞ്ചാബിനായി ഹർപ്രീത് ബ്രാർ (2), അർഷദീപ്(1), നഥാൻ എല്ലിസ്(1) എന്നിവരാണ് വിക്കറ്റ് നേടിയത്. സാം കറൺ നാലു ഓവറിൽ 27ഉം രാഹുൽ ചാഹർ 24 റൺസ് മാത്രമാണ് വിട്ടുനൽകിയതെങ്കിലും വിക്കറ്റൊന്നും നേടിയില്ല.

സീസണിലെ കഴിഞ്ഞ കളികളിൽ ആർ.സി.ബിയെ ഫാഫ് ഡുപ്ലെസിസാണ് നയിച്ചിരുന്നതെങ്കിൽ പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ കോഹ്ലി വീണ്ടും നായകപദവി ഏറ്റെടുക്കുകയായിരുന്നു. 2021 ഒക്ടോബർ 11നാണ് ഏറ്റവും ഒടുവിൽ കോഹ്ലി ആർ.സി.ബിയെ നയിച്ചിരുന്നത്. 556 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് വീണ്ടും ബാംഗ്ലൂർ പടയുടെ നായകനായത്. 2022 ജനുവരി 11ന് ഇന്ത്യൻ ടെസ്റ്റ് ടീമിനെ കോഹ്ലി നയിച്ചിരുന്നു. അതുപ്രകാരം 15 മാസത്തിന് ശേഷമാണ് മറ്റൊരു ടീമിനെ നയിക്കുന്നത്. ടി20യിൽ നായകനെന്ന നിലയിൽ 6500 റൺസ് നേടുന്ന താരമായും കോഹ്ലി മാറിയിരിക്കുകയാണ്. വിജയകരമായ രണ്ട് റിവ്യൂകളാണ് നായകനെന്ന നിലയിൽ ഇന്ന് കോഹ്ലി നേടിയിരിക്കുന്നത്.

ഇന്നത്തെ മത്സരത്തിലെ പ്രകടനത്തിലൂടെ ഐ.പി.എല്ലിൽ 600 ഫോറുകളെന്ന നാഴികക്കല്ല് കോഹ്ലി പിന്നിട്ടു. 602 ഫോറുകളാണ് ഐ.പി.എല്ലിൽ കോഹ്ലി അടിച്ചുകൂട്ടിയിട്ടുള്ളത്. 730 ഫോറുകളുമായി പഞ്ചാബ് കിംഗ്സിന്റെ നായകൻ ശിഖർ ധവാനാണ് പട്ടികയിൽ ഒന്നാമൻ. രണ്ടാമതുള്ളത് ഡൽഹി ക്യാപിറ്റൽസ് നായകൻ ഡേവിഡ് വാർണറാണ്. 608 ഫോറുകളാണ് ആസ്ത്രേലിയൻ താരത്തിന്റെ പേരിലുള്ളത്. രോഹിത് ശർമ 535 ഫോറുകളാണ് ടി20 ടൂർണമെൻറിൽ അടിച്ചിട്ടുള്ളത്. 506 ഫോറുകളുമായി സുരേഷ് റെയ്നയാണ് അഞ്ചാമൻ. ഇവരിൽ റെയ്ന മാത്രമാണ് കളിക്കാനില്ലാത്തത്.

ആർ.സി.ബിക്കായി ഏറ്റവും കൂടുതൽ റൺസ്, ബാറ്റിംഗ് ശരാശരി, ഉയർന്ന സ്‌കോർ, കൂടുതൽ അർധസെഞ്ച്വറി, കൂടുതൽ ഫോറുകൾ എന്നിവയെല്ലാം വിരാട് കോഹ്ലിയുടെ പേരിലാണ്.

അതേസമയം, ഐ.പി.എൽ ചരിത്രത്തിൽ നൂറുവട്ടം 30ൽപ്പരം റൺസ് നേടുന്ന ഏകതാരമായി കിംഗ് കോഹ്ലി മാറി. 91 വട്ടം ഈ നേട്ടം കൈവരിച്ച ധവാനും 90 വട്ടം 30 കടന്ന ഡേവിഡ് വാർണറുമാണ് പിറകിലുള്ളത്. 85 വട്ടമാണ് മുംബൈ ഇന്ത്യൻസ് നായകൻ 30 കടന്നത്. സുരേഷ് റെയ്ന 77 വട്ടവും കടന്നു. ടി20യിൽ നായകനെന്ന നിലയിൽ 6500 റൺസ് നേടുന്ന താരമായും കോഹ്ലി മാറിയിരിക്കുകയാണ്.

2023 ഐ.പി.എൽ സീസണിൽ മികച്ച പ്രകടനമാണ് കോഹ്ലി നടത്തുന്നത്. മുംബൈ ഇന്ത്യൻസിനെതിരെ 49 പന്തിൽ പുറത്താകാതെ 82 , നൈറ്റ് റൈഡേഴ്സിനെതിരെ 18 പന്തിൽ 21 , ലഖ്നൗവിനെതിരെ 44 പന്തിൽ 61, ഡൽഹിക്കെതിരെ 34 പന്തിൽ 50, സി.എസ്.കെക്കെതിരെ നാലു പന്തിൽ ആറ്, പഞ്ചാബിനെതിരെ 47 പന്തിൽ 59 എന്നിങ്ങനെയാണ് കോഹ്ലിയുടെ ഈ സീസണിലെ റൺവേട്ട. ആറു ഇന്നിംഗ്സുകളിൽ നിന്നായി നാലു ഫിഫ്റ്റികളാണ് താരം കയ്യിലാക്കിയത്.

Royal Challengers Bangalore beat Punjab Kings by 24 runs.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News