'ഞങ്ങള്‍ റോബോട്ടുകളല്ല': ലോകകപ്പ് സമയ ക്രമത്തിനെതിരെ അര്‍ജന്‍റീനയും ആസ്ത്രേലിയയും

പ്രീക്വാർട്ടറിന് ഒരുങ്ങാൻ മതിയായ സമയമില്ലെന്നാണ് പരാതി

Update: 2022-12-02 02:40 GMT
Advertising

ലോകകപ്പ് ഫുട്ബോൾ മത്സര സമയ ക്രമത്തിനെതിരെ അർജന്‍റീനയും ആസ്ത്രേലിയയും. പ്രീക്വാർട്ടർ മത്സരത്തിനൊരുങ്ങാൻ മതിയായ സമയമില്ലെന്നാണ് പരാതി. നാളെ രാത്രിയാണ് അർജന്‍റീന - ആസ്ത്രേലിയ പ്രീക്വാർട്ടർ പോരാട്ടം.

ഇന്നലെ പുലർച്ചെയാണ് അർജന്‍റീന - പോളണ്ട് ഗ്രൂപ്പ് മത്സരം അവസാനിച്ചത്. അതിന് തൊട്ടുമുൻപ് ആസ്ത്രേലിയയും അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങി. ഈ രണ്ട് ടീമുകൾക്കും നാളെ പ്രീക്വാർട്ടറിൽ പരസ്പരം ഏറ്റുമുട്ടണം. ഇതിനെതിരെയാണ് അർജന്റീനയും ആസ്ത്രേലിയയും രംഗത്തെത്തിയത്. ഗ്രൂപ്പ് മത്സരങ്ങൾക്കിടയിൽ നാല് ദിവസം ഇടവിട്ടായിരുന്നു മത്സരം. പ്രീക്വാർട്ടറായപ്പോൾ ഇത് വീണ്ടും ചുരുങ്ങി. താരങ്ങൾക്ക് മാനസികമായും ശാരീരികമായും തയ്യാറെടുക്കാനുള്ള സമയം ലഭിക്കുന്നില്ലെന്ന് ആസ്ത്രേലിയൻ സഹപരിശീലകൻ റെനേ മുളെൻസ്റ്റീൻ പറഞ്ഞു. ഇത്രയും പ്രധാനപ്പെട്ട ടൂര്‍ണമെന്‍റില്‍ ഫിഫയ്ക്ക് എങ്ങനെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ കഴിയുന്നു എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം. 

താരങ്ങൾ റോബോട്ടുകളല്ലെന്നായിരുന്നു പ്രതിരോധതാരം മിലോസ് ഡിഗെനിക്കിന്റെ പ്രതികരണം- "ഇത് ഫിഫ പരിഗണിക്കേണ്ട കാര്യമാണ്. ഞങ്ങൾ റോബോട്ടുകളല്ല, മനുഷ്യരാണ്. ഞങ്ങൾക്ക് ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ട്. ദിവസം തോറും കളിക്കാൻ കഴിയില്ല. എന്‍റെ കാര്യം മാത്രമല്ല, തുടർച്ചയായി മൂന്ന് കളികളില്‍ പങ്കെടുത്തവരുടെ കാര്യമാണ്"

രണ്ടര ദിവസത്തിനിടയിൽ മത്സരത്തിന് ഇറങ്ങേണ്ടി വരുന്നതിനെ അർജന്റീനയുടെ പരിശീലകനും വിമർശിച്ചു. താരങ്ങൾക്ക് വിശ്രമിക്കാൻ അധിക സമയം വേണമായിരുന്നുവെന്ന് സ്കലോണി പറഞ്ഞു. ഗ്രൂപ്പില്‍ ഒന്നാമതായി പ്രീക്വാര്‍ട്ടറിലെത്തിയ ശേഷം രണ്ടര ദിവസം മാത്രമാണ് താരങ്ങള്‍ക്ക് വിശ്രമത്തിന് ലഭിച്ചത്. ഇത് ശരിയല്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സ്കലോണി പറഞ്ഞത്. കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് - പ്രീക്വാർട്ടർ മത്സരങ്ങൾക്കിടയിൽ നാല് ദിവസത്തെ ഇടവേളയുണ്ടായിരുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News