‘സുനില്‍ ചേത്രിക്കും ശമ്പളമില്ല’; ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ കളിക്കാരുടെ ശമ്പളം നിര്‍ത്തി ബെംഗളൂരു എഫ്‌സി

Update: 2025-08-05 11:46 GMT
Editor : Harikrishnan S | By : Sports Desk

ബെംഗളൂരു: ഇന്ത്യന്‍ ആഭ്യന്തര ഫുട്‌ബോളിൽ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ കളിക്കാരുടെ ശമ്പളം താൽകാലികമായി നിര്‍ത്താൻ തീരുമാനിച്ച് ബെംഗളൂരു എഫ്.സി. കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും ശമ്പളം താൽകാലികമായി നിര്‍ത്തുകയാണെന്ന് ഓഗസ്റ്റ് 4ന് സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. ഇത് ഇന്ത്യന്‍ ഫുട്‌ബോളിനെ തന്നെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. എ.ഐ.എഫ്.എഫും റിലയന്‍സ് കോര്‍പറേഷനു കീഴിലുള്ള സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ ഡെവലപ്‌മെന്റ് ലിമിറ്റഡും തമ്മിലെ അഭിപ്രായവ്യത്യാസങ്ങള്‍ മൂലമാണ് ഐഎസ്എല്‍ താൽകാലികമായി നിര്‍ത്തിയത്.

Advertising
Advertising

‘‘ഐഎസ്എൽ ഭാവിയുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥ മൂലം കളിക്കാരുടെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടെയും ശമ്പളം താല്കാലികമായി നിര്‍ത്തി വെക്കുക എന്നത് ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളില്‍ ഒരു ക്ലബ് നടത്തിക്കൊണ്ടു പോകുക എന്ന വെല്ലുവിളിയേറിയ ജോലി ഞങ്ങള്‍ എല്ലാ സീസണിലും ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്.' - ബിഎഫ്‌സി പ്രസ്താവനയില്‍ വ്യക്തമാക്കി.

‘‘ലീഗിന്റെ ഭാവിയെക്കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍ വേറെ നിവൃത്തിയില്ല. ഞങ്ങളുടെ താരങ്ങളുടെയും ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും ക്ഷേമമാണ് പ്രധാനം. ഇതിനൊരു പരിഹാരത്തിനായി കാത്തിരിക്കെ തന്നെ അവരുമായി ബന്ധം നിലനിര്‍ത്തുന്നുണ്ട്’’ - ബിഎഫ്‌സി കൂട്ടിചേര്‍ത്തു.

രാജ്യത്തെ ഫുട്‌ബോള്‍ വികസനത്തെയോ യുവ കളിക്കാര്‍ക്കായുള്ള ഫുട്‌ബോള്‍ സ്‌കൂളുകളെയോ ഇത് ബാധിക്കില്ലെന്നും ക്ലബ് പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കായികരംഗത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനുമായി ക്ലബ് തുടര്‍ന്നും പ്രവര്‍ത്തിക്കും. പുരുഷ, വനിതാ വിഭാഗങ്ങളിലെ യൂത്ത് ടീമുകളുടെയും, ബിഎഫ്‌സി സോക്കര്‍ സ്‌കൂളുകളുടെയും പ്രവര്‍ത്തനത്തെ ഈ തീരുമാനം ബാധിക്കില്ല. ഈ പ്രതിസന്ധി വേഗം പരിഹരിക്കുന്നതിന് എഐഎഫ്എഫിനോടും എഫ്എസ്ഡിഎലിനോടും അഭ്യര്‍ത്ഥിക്കുന്നു. അനിശ്ചിതാവസ്ഥ ആര്‍ക്കും ഗുണം ചെയ്യില്ല. ഈ പ്രതിസന്ധിക്ക് വേഗത്തില്‍ ഒരു പരിഹാരം ആവശ്യമാണ് -ബിഎഫ്‌സി പറഞ്ഞു.

ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രതിസന്ധിയെ വർധിക്കുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് ഏഴിന് ന്യൂഡല്‍ഹിയില്‍ എട്ട് ഐഎസ്എല്‍ ക്ലബുകളുടെ ചീഫ് എക്‌സിക്യൂട്ടീവുകളുമായി എഐഎഫ്എഫ് നിര്‍ണായക യോഗം ചേരുന്നുണ്ട്. ദേശീയ ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ്‌സ് കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം മൂലം 2025-26 ഐഎസ്എല്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.എ.ഐ.എഫ്.എഫും വാണിജ്യ വിപണന പങ്കാളിയായ എഫ്.എസ്.ഡി.എല്ലും തമ്മിലുള്ള 15 വര്‍ഷത്തെ എം.ആര്‍.ഐ ഈ വര്‍ഷം ഡിസംബര്‍ 18 ന് അവസാനിക്കും.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News