മെസ്സിയും നെയ്മറും എംബാപ്പെയും ഉണ്ടായിട്ടെന്തു കാര്യം; ക്ലബ് ബ്രുഗയോളം വരില്ല പിഎസ്ജി!

ഹോം ഗ്രൗണ്ടിൽ എതിർനിരയുടെ പെരുമയെ ഭയക്കാതെ പ്രസ്സിങ് ഗെയിമാണ് ബ്രുഗ കാഴ്ചവച്ചത്.

Update: 2021-09-16 07:44 GMT
Editor : abs | By : abs

മെസ്സി, നെയ്മർ, എംബാപ്പെ... ലോകത്തിലെ സ്വപ്‌നതുല്യമായ മുന്നേറ്റ നിര. ഇവർ ഒന്നിച്ചിറങ്ങുന്നത് കാണാൻ ഫുട്‌ബോൾ ലോകം കണ്ണിമ ചിമ്മാതെ കാത്തിരിക്കുകയായിരുന്നു ഇതുവരെ. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ അതു സംഭവിച്ചു. ക്ലബ് ബ്രുഗയ്ക്കെതിരെ മൂവരും ഒന്നിച്ച് കളത്തിൽ. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങൾ ഗോൾ മേളം തീർക്കുമെന്ന് കണക്കുകൂട്ടിയ ആരാധകർക്ക് പക്ഷേ, തെറ്റി. ബെൽജിയൻ ക്ലബിനെതിരെ നനഞ്ഞ പടക്കം പോലെയായി പിഎസ്ജിയുടെ വിഖ്യാതമായ മുന്നേറ്റ നിര.

കളി സമനിലയിലായെങ്കിലും താരസമ്പന്നമായ പിഎസ്ജിക്കെതിരെ 16 ഗോൾ ഷോട്ടുകളാണ് ക്ലബ് ബ്രുഗ ഉതിർത്തത്. അതിൽ ഏഴെണ്ണവും ടാർഗറ്റിലേക്കായിരുന്നു. എന്നാൽ മെസ്സിക്കും എംബാപ്പെയ്ക്കും നെയ്മറിനും പായിക്കാനായത് വെറും ഒമ്പത് ഷോട്ട്. ടാർഗറ്റിലേക്ക് നാലെണ്ണം മാത്രവും. എതിരാളികളേക്കാൾ മൂന്നു ഷോട്ട് കുറവ്. എന്നാൽ കളിയിലെ 64 ശതമാനം സമയവും പന്ത് പിഎസ്ജിയുടെ കാലിലായിരുന്നു. ക്ലബ് ബ്രുഗയുടെ പൊസഷൻ 36 ശതമാനം. ബ്രുഗ ആറു കോർണർ സ്വന്തമാക്കിയപ്പോൾ പിഎസ്ജിക്ക് കിട്ടിയത് രണ്ടെണ്ണം.

Advertising
Advertising

കളിയുടെ 15ാം മിനിട്ടിൽ ആൻഡർ ഹെരേരയിലൂടെ പി.എസ്.ജിയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 27-ാം മിനിട്ടിൽ ഹാൻസ് വനാകെനിലൂടെ ക്ലബ്ബ് ബ്രുഗ സമനില ഗോൾ നേടി. മെസ്സിയുടെ കർലിങ് ലോങ് റേഞ്ചറിന് ക്രോസ് ബാർ തടസ്സമായതും കളിയിൽ കണ്ടു. ഹോം ഗ്രൗണ്ടിൽ എതിർ നിരയുടെ പെരുമയെ ഭയക്കാതെ പ്രസിങ് ഗെയിമാണ് ബ്രുഗ കാഴ്ചവച്ചത്. 


ചാമ്പ്യൻസ് ലീഗിലെ മെസ്സിയുടെ 150-ാമത്തെ മത്സരമായിരുന്നു ഇന്നലത്തേത്. ബാഴ്‌സലോണയ്ക്ക് പുറമേ എതെങ്കിലും ക്ലബിനായി സൂപ്പർ താരം പന്തു തട്ടുന്നതും ആദ്യം. കളിയിൽ 85 ടച്ചുകളാണ് മെസ്സിയെടുത്തത്. 50 പാസും ചെയ്തു. ഒരു ടാർഗറ്റ് ഷോട്ടും താരത്തിന്റെ പേരിലുണ്ട്. ഒരു വലിയ അവസരം സൃഷ്ടിക്കുകയും മൂന്ന് പ്രധാന പാസുകൾ നൽകുകയും ചെയ്തു.

അതേസമയം, മെസ്സി വന്നതോടെ പിഎസ്ജി ടീം ദുർബലമായെന്ന് മുൻ ഇംഗ്ലീഷ് താരം മൈക്കൽ ഓവൻ പറഞ്ഞു. 'ഓരോ താരങ്ങളും മികച്ചതാണ്. എന്നാൽ അവർ ഒന്നിച്ചു ചേരുമ്പോൾ ദുർബലരായി മാറുന്നു. ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ടീമുകൾ ഏറെ മികച്ചതാണ് എന്നു തോന്നുന്നു.' - അദ്ദേഹം നിരീക്ഷിച്ചു.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News