ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം സഹൽ ഫൈനലില്‍ കളിക്കില്ല, സ്ഥിരീകരിച്ച് പരിശീലകന്‍ ഇവാന്‍ വുകുമാനോവിച്ച്

സഹലിന്‍റെ അഭാവത്തില്‍ ജംഷദ്പൂര്‍ എഫ്.സിക്കെതിരായ രണ്ടാം പാദ സെമിയില്‍ നിഷു കുമാറായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ നിരയില്‍ ഇറങ്ങിയത്

Update: 2022-03-19 03:22 GMT
Editor : ijas
Advertising

ജംഷദ്പൂരിനെതിരായ രണ്ടാം പാദ സെമിക്ക് മുന്നോടിയായി നടന്ന പരിശീലനത്തിനിടെ പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം സഹൽ അബ്ദുൾ സമദ് ഐ.എസ്.എൽ ഫൈനലിൽ കളിച്ചേക്കില്ലെന്ന് പരിശീലകൻ ഇവാൻ വുകുമാനോവിച്ച്. ഇന്നത്തെ പരിശീലന സെഷൻ കഴിഞ്ഞതിന് ശേഷമേ സഹല്‍ ഫൈനലിന്‍റെ ഭാഗമാകുമോ എന്ന കാര്യത്തില്‍ തീരുമാനമാകുവെന്നും ഇവാൻ വുകുമാനോവിച്ച് മീഡിയവണിനോട് പറഞ്ഞു. പരിക്ക് വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇന്ത്യൻ ടീമിനും ആവശ്യമുള്ള കളിക്കാരനാണ് സഹലെന്നും ഇവാൻ വുകുമാനോവിച്ച് പറഞ്ഞു. കഴിഞ്ഞ ദിവസം സഹൽ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല.

മാര്‍ച്ച് 14ന് നടന്ന പരിശീലനത്തിനിടെ സംഭവിച്ച ഹാംസ്ട്രിംഗ് പരിക്ക് മൂലമാണ് സഹല്‍ കളിക്കാനില്ലാത്തതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സഹലിന്‍റെ പേശികളില്‍ വലിവ് അനുഭവപ്പെട്ടതായും അത് കൂടുതല്‍ വശളാവാതിരിക്കാന്‍ താരത്തിന് വിശ്രമം അനുവദിച്ചുവെന്നുമാണ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് നേരത്തെ പറഞ്ഞിരുന്നത്.

സഹലിന്‍റെ അഭാവത്തില്‍ ജംഷദ്പൂര്‍ എഫ്.സിക്കെതിരായ രണ്ടാം പാദ സെമിയില്‍ നിഷു കുമാറായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ നിരയില്‍ ഇറങ്ങിയത്. ഫൈനലിലും ഇത് തന്നെ ആവര്‍ത്തിക്കാനാണ് സാധ്യത. നിഷുവിന് നറുക്ക് വീണില്ലെങ്കില്‍ മലയാളി താരമായ രാഹുലും സഹലിന്‍റെ സ്ഥാനത്ത് കളിച്ചേക്കും.

ഈ സീസണില്‍ 21 മത്സരങ്ങള്‍ കളിച്ച സഹല്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആറ് ഗോളുകള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. സഹലും ലൂണയും അടങ്ങുന്ന മധ്യനിരയായിരുന്നു ഈ സീസണില്‍ ടീമിന്‍റെ കരുത്ത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News