യുണൈറ്റഡിലെ മോശം പെരുമാറ്റം വിനയായി; ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം വൈകും

അൽ നസ്‌റിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് അൽ തായി ക്ലബ്ബിനെതിരെ നടക്കാനിരിക്കുന്ന മത്സരം സൂപ്പർ താരത്തിന് നഷ്ടമാവും

Update: 2023-01-05 12:59 GMT
Advertising

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സൗദി ക്ലബ്ബ് അൽ നസ്‌റിലേക്ക് ചേക്കേറിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റം വൈകും. അൽ നസ്‌റിന്റെ ഹോം ഗ്രൗണ്ടിൽ ഇന്ന് അൽ തായി ക്ലബ്ബിനെതിരെ നടക്കാനിരിക്കുന്ന മത്സരം സൂപ്പർ താരത്തിന് നഷ്ടമാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച് കൊണ്ടിരിക്കെ മോശം പെരുമാറ്റത്തിന് ഫുട്‌ബോൾ അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് താരത്തിന് വിനയായത്.

കഴിഞ്ഞ ഏപ്രിൽ 9 ന് എവർട്ടണെതിരെ നടന്ന മത്സരത്തിൽ യുണൈറ്റഡിന്റെ പരാജയത്തിന് ശേഷം ക്രിസ്റ്റ്യാനോ ഒരു ആരാധകനോട് മോശമായി പെരുമാറിയിരുന്നു. എവർട്ടന്റെ തട്ടകമായ ഗുഡിസൺ പാർക്കിൽ വച്ച് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ 1-0 നാണ് പരാജയമേറ്റു വാങ്ങിയത്. മത്സര ശേഷം എവർട്ടൻ ആരാധകന്റെ പ്രകോപനത്തിൽ ക്ഷുഭിതനായ റോണോ ആരാധകന്റെ കയ്യിൽ നിന്ന് മൊബൈൽ തട്ടിപ്പറിച്ചു. ഇതേ തുടർന്ന് മോശം പെരുമാറ്റത്തിന് ഫുട്‌ബോൾ അസോസിയേഷൻ കഴിഞ്ഞ നവംബറിലാണ് റോണോക്കെതിരെ നടപടിയെടുത്തത്. താരത്തിന് രണ്ട് മത്സരത്തിൽ വിലക്കും 50,000 പൗണ്ട് പിഴയും ചുമത്തി. സംഭവത്തിൽ റോണോ പിന്നീട് ക്ഷമാപണംനടത്തി.

റോണോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്ത് പോയെങ്കിലും താരത്തിനെതിരായ നടപടി നിലനിൽക്കും. ഇതോടെ അൽ നസർ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന സൂപ്പർ താരത്തിന്റെ അരങ്ങേറ്റം വൈകുമെന്നുറപ്പായി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News