ക്രിസ്റ്റൽ പാലസിന് യൂറോപ്പ ലീഗിൽ നോ എൻട്രി. യുവേഫയുടെ തരംതാഴ്ത്തൽ തീരുമാനം ശെരിവെച്ച് കോടതി.
ലുസാൻ : ഇന്നലെ ലിവർപൂളിനെ തോൽപ്പിച്ച് കമ്മ്യൂണിറ്റി ഷീൽഡ് കിരീടം സ്വന്തമാക്കിയ ഇംഗ്ലീഷ് ക്ലബിന് പക്ഷെ കളത്തിനുപുറത്ത് കനത്ത തിരിച്ചടി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിനെ കോൺഫ്രൻസ് ലീഗിലേക്ക് തരംതാഴ്ത്താനുള്ള യുവേഫയുടെ തീരുമാനം ശരിവെച്ച് കായിക തർക്കപരിഹാര കോടതി.
കഴിഞ്ഞ മെയ് മാസത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി ക്രിസ്റ്റൽ പാലസ് എഫ്.എ കപ്പ് കിരീടം നേടി യൂവേഫയുടെ രണ്ടാം ഡിവിഷൻ മത്സരമായ യൂറോപ്പ ലീഗിലേക്ക് യോഗ്യത നേടിയത്. അവരുടെ 120 വർഷത്തെ ചരിത്രത്തിൽ ഇംഗ്ലീഷ് ക്ലബ് നേടുന്ന ആദ്യ മേജർ ട്രോഫി ആയിരുന്നു അത്. എന്നാൽ യുവേഫയുടെ ബഹു ഉടമസ്ഥത നിയമപ്രകാരം ടീമിനെ മൂന്നാം ഡിവിഷൻ മത്സരമായ കോൺഫറൻസ് ലീഗിലേക്ക് തരംതാഴ്ത്തുകയായിരുന്നു. ക്രിസ്റ്റൽ പാലസ് ഉടമസ്ഥനായിരുന്ന ജോൺ ടെക്സ്റ്ററിന് ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോണിൽ ഉടമസ്ഥതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. നിയമ പ്രകാരം കഴിഞ്ഞ മാർച്ച് ഒന്നിന് മുമ്പായി ഇതുപോലുള്ള ഉടമസ്ഥത പ്രശ്നങ്ങൾ പരിഹരിക്കണമെന്നായിരുന്നു. അതിന് കഴിയാതെപോയ പാലസ് വെട്ടിലായി. അന്നു തന്നെ അതിനെതിരെ അപ്പീലിമായി കായിക തർക്ക പരിഹാര കോടതിയെ ക്ലബ് സമീപിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച കൂടിയ കോടതിയിൽ പത്ത് മണിക്കൂർ നീണ്ടു നിന്ന ഹിയറിങ്ങിന് ശേഷം ഇന്നാണ് വിധി പ്രഖ്യാപിച്ചത്. നിശ്ചിത വിധിയിൽ യൂവേഫയുടെ തരംതാഴ്‌ത്തൽ തീരുമാനം കോടതി ശരിവെക്കുകയായിരുന്നു. നിയമം നിയമമായി തന്നെ തുടരട്ടെ എന്നായിരുന്നു കോടതിയുടെ മറുപടി.
ക്രിസ്റ്റൽ പാലസ് ആരാധകർ യുവേഫ നടപടിക്കെതിരെ അവരുടെ സ്‌റ്റേഡിയത്തിന് പുറത്തായി പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. തുടർന്ന് ഇന്നലെ നടന്ന കമ്മ്യൂണിറ്റി ഷീൽഡ് ഫൈനലിനലിലും അത് തുടരുകയുണ്ടായി. 'യുവേഫ മാഫിയ' എന്നെഴുതിയ ബാനർ പാലസ് ആരാധകരുടെ ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്നു. നിലവിലെ തീരുമാനമനുസരിച്ച് പാലസ് യൂവേഫയുടെ മൂന്നാം തരം മത്സരമായ കോൺഫറൻസ് ലീഗിലും. കോൺഫറൻസ് ലീഗിലേക്ക് യോഗ്യത നേടിയ നോട്ടിങ്ങാം ഫോറസ്റ്റ് യൂറോപ്പ ലീഗിലും മത്സരിക്കും. ഈ മാസം 21 ന് നടക്കാനിരിക്കുന്ന കോൺഫറൻസ് ലീഗ് പ്ലേയ് ഓഫ് റൗണ്ടിലേക്കാണ് ക്രിസ്റ്റൽ പാലസ് യോഗ്യത നേടിയത്.