ക്ലബ് ലോകകപ്പ് : ഫ്ലുമിനൻസ് സെമിയിൽ
പാൽമിറസിനെ തകർത്ത് ചെൽസിയും സെമിയെലെത്തി
ന്യൂയോർക്ക് : ഫിഫ ക്ലബ് ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്ന് ഫ്ലുമിനൻസ്. സൗദി ക്ലബ് അൽ ഹിലാലിനെ തകർത്ത് ഫ്ലുമിനൻസ് സെമി ഫൈനലിന് യോഗ്യത നേടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടീമിന്റെ ജയം. 40 ആം മിനുട്ടിൽ മത്യാസ് മാർട്ടിനെല്ലിയുടെ ഗോളിൽ ഫ്ലുമിനൻസ് മുന്നിലെത്തി. രണ്ടാം പകുതിയിൽ ഹിലാൽ തിരിച്ചടിച്ചു. കൗലിബലിയുടെ പാസിൽ നിന്നും ലിയനാർഡോ ഹിലാലിനായി വല കുലുക്കി. ഹിലാൽ ഗോൾക്കീപ്പർ യസീൻ ബോണോ മികച്ച സേവുകളായും നിറഞ്ഞു കളിച്ചെങ്കിലും ഹെർക്കുലീസിന്റെ ഗോളിൽ ബ്രസീലിയൻ സംഘം സെമി ഫൈനൽ ബെർത്തുറപ്പിച്ചു.
ബ്രസീലിയൻ ക്ലബ് പാൽമിറസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ചെൽസി സെമിയിൽ പ്രവേശിച്ചു. കോൾ പാൽമറിലൂടെ ചെൽസിയാണ് മത്സരത്തിൽ ലീഡെടുക്കുന്നത്. രണ്ടാം പകുതിയിൽ എസ്റ്റാവിയോ പാൽമിറസിനെ ഒപ്പമെത്തിച്ചു. 83 ആം മിനുട്ടിൽ പാൽമിറാസ് പ്രതിരോധ താരം അഗസ്റ്റിന്റെ സെൽഫ് ഗോളാണ് ചെൽസിക്ക് സെമി ടിക്കറ്റ് നൽകിയത്.
റയൽ മാഡ്രിഡ് - ഡോർട്മുണ്ട്, പിഎസ്ജി - ബയേൺ മത്സരങ്ങൾ ഇന്ന് നടക്കും. ജൂലൈ 9,10 തീയതികളിലാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുന്നത്.