‘പ്രാർഥിക്കേണ്ടവർക്ക് പ്രാർഥിക്കാം’; സ്റ്റേഡിയത്തിൽ ആരാധനക്ക് സൗകര്യമൊരുക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഹോംഗ്രൗണ്ടായ ഓൾഡ് ട്രാഫോഡിൽ ഇനി പ്രാർഥന റൂമും. മൾട്ടി-ഫെയ്ത്ത് റൂം എന്ന പേരിലാണ് ആരാധനക്ക് സൗകര്യമൊരുക്കിയത്.
എല്ലാമതക്കാർക്കും ഇത് ഉപയോഗപ്പെടുത്താമെന്ന് യുനൈറ്റഡ് അധികൃതർ വ്യക്തമാക്കി. ആരാധക കൂട്ടായ്മകളായ ഫാൻസ് ഫോറം, മുസ്‍ലിം ഫാൻസ് ക്ലബ് എന്നിവരുമായി ഒത്തുചേർന്നാണ് ഇതൊരുക്കിയത്. പ്രാർഥനക്കാവശ്യമായ മാറ്റുകൾ അടക്കമുള്ള അത്യാവശ്യ സാധനങ്ങൾ മുസ്‍ലിം ഫാൻസ് ക്ലബാണ് ഒരുക്കിയത്.
മത്സരം നടക്കുന്ന ദിവസങ്ങളിലാണ് ഇത് തുറക്കുക. എല്ലാ വിഭാഗം ആരാധകരെയും ഉൾകൊള്ളുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും ക്ലബ് അറിയിച്ചു.
ഒരേ സമയം 20 പേർക്കാണ് ഇതിൽ പ്രവേശിക്കാൻ സാധിക്കുക. മത്സരത്തിന് 30 മിനുറ്റ് മുമ്പ് മുതൽ മത്സരത്തിന് ശേഷം 30 മിനുറ്റ് വരെ ഈ ആരാധനാലയം ഉപയോഗപ്പെടുത്താം. ഇന്നലെ എഫ്.എ കപ്പിൽ ഫുൾഹാമിനെതിരായ മത്സരത്തിന് മുന്നോടിയായി നിരവധി പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തി.