കളിച്ചത് സൗദി, ജയിച്ചത് പോളണ്ട്, തിരിച്ചടി അർജൻറീനയ്ക്ക്

മത്സരത്തിൽ രണ്ടു ഗോളടിച്ചത് 36 ശതമാനം സമയം മാത്രം പന്ത് കൈവശം വെച്ച പോളണ്ടായിരുന്നു

Update: 2022-11-26 15:56 GMT
Advertising

ഗ്രൂപ്പ് സിയിലെ ഇന്നത്തെ മത്സരത്തിൽ ജയിച്ചത് പോളണ്ടാണെങ്കിലും കളിച്ചത് സൗദി അറേബ്യ. ടാർഗറ്റിലേക്കുള്ള അഞ്ചെണ്ണമടക്കം 16 ഷോട്ടുകളാണ് ടീം അടിച്ചത്. 64 ശതമാനം സമയം പന്ത് കൈവശം വെച്ചതും സൗദിയായിരുന്നു. 533 പാസുകളും സാലിം അൽദൗസരിയും സംഘവും കൈമാറി. 84 ശതമാനം പന്തടക്കത്തോടെ നടത്തിയ നീക്കം ഗോളടിച്ച് വിജയിപ്പിക്കാൻ ടീമിനായില്ലെന്ന് മാത്രം.

മത്സരത്തിൽ രണ്ടു ഗോളടിച്ചത് 36 ശതമാനം സമയം മാത്രം പന്ത് കൈവശം വെച്ച പോളണ്ടായിരുന്നു. 299 പാസുകൾ കൈമാറിക്കളിച്ച സംഘം ടാർഗറ്റിലേക്ക് മൂന്ന് ഷോട്ടുകളാണ് ഉതിർത്തത്. പക്ഷേ അവയിൽ രണ്ടെണ്ണം ഗോൾവലയിലെത്തിക്കാൻ അവർക്കായി. അതോടെ വിജയവും അവർക്കൊപ്പം നിന്നു. എന്നാൽ മത്സരത്തിൽ തോറ്റത് ഏറെ ക്ഷീണം ചെയ്യുക അർജൻറീനയ്ക്കാണ്. നേരെത്തെ സൗദിയോട് തോറ്റ മെസ്സിപ്പടക്ക് ഇനിയുള്ള രണ്ടു മത്സരങ്ങളിലും വിജയിക്കണം. നിലവിൽ പോയൻറ് ടേബിളിൽ പോളണ്ടാണ് മുമ്പിൽ. നാല് പോയൻറാണ് അവർക്കുള്ളത്. സൗദിയ്ക്ക് മൂന്ന് പോയൻറാണുള്ളത്. മെക്‌സിക്കോക്ക് ഒരു പോയൻറും. അർജൻറീനയ്ക്ക് ഒരു പോയന്റെങ്കിലും നേടാൻ അടുത്ത കളിയിൽ പ്രകടനം മെച്ചപ്പെടുത്തണം. ഇതോടെ പ്രീക്വാർട്ടർ കാണാൻ ഗ്രൂപ്പ് സിയിൽ ഇനി മരണക്കളിയാകുമെന്ന് തീർച്ചയായി. 

സൗദിക്കെതിരെയുള്ള മത്സരത്തിൽ ആദ്യ പകുതിയിൽ ഒരു ഗോൾ ലീഡ് നേടിയ പോളണ്ട് രണ്ടാം പകുതിയിൽ വീണ്ടും ഗോളടിക്കുകയായിരുന്നു. 39ാം മിനുട്ടിൽ പിതോർ സിലിൻസ്‌കിയാണ് പോളണ്ടിനായി തീയുണ്ട പായിച്ചതെങ്കിൽ 82ാം മിനുട്ടിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി സൗദി ഡിഫൻഡറുടെ പിഴവ് മുതലെടുത്തു. ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാൽട്ടി സൗദി തുലച്ചിരുന്നു. സൗദി നായകൻ സാലിം അൽദൗസരിയെടുത്ത പെനാൽട്ടി കിക്ക് പോളിഷ് ഗോളി ചെഷ്നി തടഞ്ഞിടുകയായിരുന്നു. റീബൗണ്ടായെത്തിയ പന്ത് മുഹമ്മദ് അൽബുറെയ്ക് പോസ്റ്റിലേക്കടിച്ചെങ്കിലും ഗോളി വീണ്ടും തട്ടിയകറ്റി. നേരത്തെ ലെവൻഡോവ്‌സകിയുടെ പാസിൽ നിന്നായിരുന്നു സിലിൻസ്‌കി പോളണ്ടിന് ആദ്യ ലീഡ് നേടിക്കൊടുത്തത്.

അർജൻറീനക്കെതിരെ നേടിയ വിജയത്തിൽ നിന്ന് ഊർജമുൾക്കൊണ്ട് മികച്ച മുന്നേറ്റങ്ങളാണ് സൗദി നടത്തിയിരുന്നത്. എന്നാൽ കരുത്തുറ്റ പോളണ്ട് നിരയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിന്റെ 12ാം മിനുട്ടിൽ കന്നോയെടുത്ത ഷോട്ട് പോളണ്ട് ഗോളി ചെഷ്‌നി തട്ടിയകറ്റി. 54ാം മിനുട്ടി പോളണ്ടിന്റെ ഗോൾമുഖത്ത് സൗദി താരങ്ങളുടെ കൂട്ടപ്പൊരിച്ചിൽ തന്നെയുണ്ടായി. ഗോൾ പിറന്നേക്കുമെന്ന് തോന്നിച്ചെങ്കിലും സാലിമടക്കമുള്ളവർക്ക് പോസ്റ്റിലേക്ക് ഷോട്ടുതിർക്കാൻ കഴിഞ്ഞില്ല. 52ാം മിനുട്ടിൽ റിച്ചാലിസനെ അനുകരിച്ച് ബൈസിക്കിൾ കിക്കെടുക്കാനുള്ള കന്നോയുടെ ശ്രമവും വിജയിച്ചില്ല. 59ാം മിനുട്ടിൽ ഫെറാസിന് ലഭിച്ച തുറന്ന അവസരവും ഗോളാക്കാനായില്ല പോസ്റ്റിന് മുകളിലൂടെയാണ് ഷോട്ട് പോയത്. 60ാം മിനുട്ടിൽ സമാന സംഭവം നടന്നു.

ടൂർണമെൻറിലുടനീളം അതിശയകരമായ പ്രകടനമാണ് ചെഷ്‌നി നടത്തുന്നത്. 2022 ലോകകപ്പിൽ നേരിട്ട ഒമ്പതു ഷോട്ടുകളും ഗോൾവലയ്ക്കകത്ത് കയറാതെ സൂക്ഷിച്ചു പോളണ്ടിന്റെ വിശ്വസ്ത സൂക്ഷിപ്പുകാരൻ. മൂന്നു ഷോട്ടുകൾ അടിക്കപ്പെട്ടപ്പോൾ നാലു വട്ടമാണ് മഞ്ഞക്കാർഡ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. പോളണ്ട് നിരയിൽ മിലികിനും ജാകുബ് കിവിയോറിനും മാറ്റി കാഷിനും മഞ്ഞക്കാർഡ് കാണേണ്ടി വന്നു. സൗദി നിരയിൽ അൽമാലികിയാണ് നടപടി നേരിട്ടത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News