കൊടുങ്കാറ്റായി സ്റ്റാര്‍ക്ക്; നിലയുറപ്പിച്ച് രാഹുലും പാണ്ഡ്യയും

ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി

Update: 2023-03-17 13:25 GMT

മുംബൈ: ആസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ താരതമ്യേന ചെറിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ  ഇന്ത്യക്ക് ബാറ്റിങ് തകർച്ച. 50 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയുടെ നാല് മുൻ നിര ബാറ്റർമാർ കൂടാരം കയറി. മൂന്ന് വിക്കറ്റ് പിഴുത മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്.

വന്‍തകര്‍ച്ചക്ക് ശേഷം കെ.എല്‍ രാഹുലും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. 24 റണ്‍സ് വീതമെടുത്ത് ഇരുവരും ക്രീസിലുണ്ട്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലാണ്. 

Advertising
Advertising

രണ്ടാം ഓവറിൽ ഓപ്പണർ ഇഷാൻ കിഷനെ വിക്കറ്റിന് മുന്നിൽ കുടുക്കി മാർകസ് സ്റ്റോയ്‌നിസാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. അഞ്ചാം ഓവറിൽ വിരാട് കോഹ്ലിയേയും സൂര്യകുമാർ യാദവിനേയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി സ്റ്റാർക്ക് ഇന്ത്യയെ ഞെട്ടിച്ച് കളഞ്ഞു.പിന്നീട് കെ.എൽ രാഹുലിനെ കൂട്ടു പിടിച്ച് സ്‌കോർ പതിയെ ഉയർത്താനുള്ള ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ ശ്രമം. പത്താം ഓവറിൽ ഗില്ലിനെ ലബൂഷെയിനിന്റെ കയ്യിലെത്തിച്ച് സ്റ്റാർക്ക് ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നീടാണ്  പാണ്ഡ്യയും രാഹുലും ക്രീസില്‍ ഒത്തു ചേര്‍ന്നത്. 

നേരത്തേ ടോസ് നേടിയ ഇന്ത്യ ആസ്ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 35 ഓവറിൽ 188 റൺസെടുക്കുന്നതിനിടെ മുഴുവൻ ഓസീസ് ബാറ്റർമാരും കൂടാരം കയറി. ഇന്ത്യക്കായി മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. 81 റൺസെടുത്ത മിച്ചൽ മാർഷ് മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങിയത്.

രണ്ടാം ഓവറിൽ തന്നെ ട്രാവിസ് ഹെഡ്ഡിന്റെ കുറ്റി തെറിപ്പിച്ച് മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. എന്നാൽ പിന്നീട് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനൊപ്പം ചേർന്ന് മിച്ചൽ മാർഷ് വേഗത്തില്‍ സ്‌കോർ ബോർഡ് ഉയർത്തി. 12ാം ഓവറിൽ സ്മിത്തിനെ രാഹുലിന്റെ കയ്യിലെത്തിച്ച് ഹർദിക് പാണ്ഡ്യ നിർണായക കൂട്ടുകെട്ട് പൊളിച്ചു. അപ്പോഴും മാർഷ് ടോപ് ഗിയറിലായിരുന്നു. ഒടുക്കം 19ാം ഓവറിൽ ജഡേജക്ക് മുന്നിൽ മാർഷ് വീണു. 65 പന്തില്‍ പത്ത് ഫോറും അഞ്ച് സിക്സുമടക്കം 81 റണ്‍സെടുത്താണ് മാര്‍ഷിന്‍റെ മടക്കം.

പിന്നീടെത്തിയ ബാറ്റർമാർക്കൊന്നും ആസ്ട്രേലിയക്കായി അധിക സംഭാവനകൾ നൽകാനായില്ല. 26 റൺസെടുത്ത ജോഷ് ഇംഗ്ലിസിനെയും 12 റൺസെടുത്ത കാമറൂൺ ഗ്രീനിനെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി ഷമി കങ്കാരുക്കളെ കൂടുതൽ പ്രതിരോധത്തിലാക്കി. ഗ്ലെൻ മാക്‌സ്‌വെലിനെ ജഡേജ പുറത്താക്കിയപ്പോൾ മാർകസ് സ്‌റ്റോയിനിസിനെ ഷമി കൂടാരത്തിലെത്തിച്ചു. ആദം സാംപയെയും സീൻ ആബോട്ടിനെയും പുറത്താക്കി സിറാജ് കങ്കാരു വധം പൂർത്തിയാക്കി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News