നീരജ് ചോപ്ര; ആ ഗോള്‍ഡന്‍ ജാവ്‍ലിന് പിന്നിലെ നിശ്ചയദാര്‍ഢ്യത്തിന്‍റെ കഥ

ലോക കായിക ഭൂപടത്തിൽ രാജ്യത്തിന്റെ വരണ്ടുണങ്ങിയ അത്‌ലറ്റിക്സ് മെഡൽ സ്വപ്നങ്ങൾക്ക് മേൽ ടോക്കിയോ ഒളിമ്പിക്സിൽ പൊന്നു ചാർത്തിയാണ് നീരജ് ചോപ്ര ത്രിവർണ പതാക ഉയരെ പിടിച്ചത്

Update: 2023-08-28 01:12 GMT
Advertising

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആദ്യമായി ഒരു സ്വർണം ഇന്ത്യയ്ക്ക് ചാർത്തിത്തന്നാണ് നീരജ് ചോപ്ര വീണ്ടും ചരിത്രത്തിൽ ഇടം നേടുന്നത്. ഹരിയാനയിലെ പാനിപ്പത്തില്‍ ഒരു സാധാരണ ഗ്രാമത്തിൽ നിന്ന് ലോക കായിക രംഗത്ത് ഇന്ത്യൻ മേൽവിലാസമായി നീരജ് മാറുന്നത് ഏറെ കഠിനാധ്വാനം ചെയ്താണ്. 

ലോക കായിക ഭൂപടത്തിൽ രാജ്യത്തിന്റെ വരണ്ടുണങ്ങിയ അത്‌ലറ്റിക്സ് മെഡൽ സ്വപ്നങ്ങൾക്ക് മേൽ ടോക്കിയോ ഒളിമ്പിക്സിൽ പൊന്നു ചാർത്തിയാണ് നീരജ് ചോപ്ര ത്രിവർണ പതാക ഉയരെ പിടിച്ചത്. ടോക്കിയോ മുതൽ ബുഡാപ്പെസ്റ്റ് വരെയെത്തുമ്പോൾ ലുസൈൽ ഡയമണ്ട് ലീഗിലെ സ്വർണ്ണവും, കഴിഞ്ഞ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ വെള്ളിയും  മാത്രമല്ല ജാവലിൻ ത്രോ യിലെ ലോക ഒന്നാം നമ്പറുകാരൻ എന്ന പട്ടവും നീരജ് സ്വന്തമാക്കിയിരുന്നു. പതിനൊന്നാം വയസ്സിൽ 80 കിലോ ശരീര ഭാരം കളിയാക്കലുകൾക്ക് മുന്നിൽ തോറ്റു നിൽക്കാൻ ആയിരുന്നില്ല, പാനിപ്പത്തിലെ കുഞ്ഞു നീരജിന്റെ തീരുമാനം. തടി കുറയ്ക്കാൻ ജിമ്മിലേക്കുള്ള യാത്രയ്ക്കിടെ വഴിയരികിലെ മൈതാനത്ത് പരിശീലിക്കുന്നവരെ കണ്ട നീരജിന്റെ കണ്ണുടക്കിയത് ജാവലിൻ സ്റ്റിക്കിലേക്ക്. പിന്നെ വർഷങ്ങൾ നീണ്ട പരിശീലനം, തോൽവിയായിരുന്നു തുടക്കത്തിൽ കൂട്ടെങ്കിലും, കൈ കരുത്തും, ഏകാഗ്രതയും, ജാവലിൻ കൊണ്ട് ദൂരം കീഴടക്കാനുള്ള ആവേശവും നീരജിന് തുണയായി. കൗമാരം വിട്ട് യൗവനത്തിലേക്ക് മാറുമ്പോൾ നീരജിന്റെ പോരാട്ടവീര്യവും ഏറി. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന താരമായി മാറി. 85 മീറ്റർ എറിഞ്ഞ് 2017 ൽ ദേശീയ റെക്കോർഡ് മറികടന്നു.

പിന്നെ വിദേശ പരിശീലകനെ കണ്ടെത്തി കഠിനാധ്വാനം തുടർന്നു. കോവിഡ് ലോകം കീഴടക്കുന്ന നാളിൽ, അതിനെ മറികടന്ന് എത്തിയ ടോക്കിയോ ഒളിമ്പിക്സ് വേദിയിൽ നീരജിലൂടെ ആദ്യമായി ഇന്ത്യൻ ദേശീയ ഗാനം മുഴങ്ങി കേട്ടു. അവിശ്വസനീയമായ പ്രകടനത്തിലൂടെ നീരജ് ചോപ്ര സ്വർണ്ണ മെഡൽ അണിഞ്ഞപ്പോൾ, ഇന്ത്യൻ അത്‌ലറ്റിക് രംഗവും ഉണരുകയായിരുന്നു.ഇപ്പോഴിതാ,ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി ജാവലിൻ ത്രോയിൽ മത്സരിക്കാൻ എത്തി എന്നതും, നീരജ് ചോപ്ര നൽകിയ ആവേശത്തിന്റെ പിൻബലത്തിലാണ്. ബുഡാപെസ്റ്റിൽ നിന്ന് പാരീസിലേക്ക് ഇനി അധിക ദൂരമില്ല, നീരജിന്റെ ഫോം തുടർന്നാൽ, ഈഫൽ ടവറിന്റെ ഉയരത്തെക്കാൾ മുകളിൽ ഇന്ത്യൻ പതാക പാറും. പാരിസ് ഒളിമ്പിക് വേദിയിലും രാജ്യത്തിന്റെ ദേശീയ ഗാനം മുഴങ്ങി കേൾക്കും.  കാത്തിരിക്കാം ഒരിക്കല്‍ കൂടി നീരജ് മാജിക്കാനായി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News