പ്രൈം വോളിബോൾ: ഹൈദരാബാദിനെ തൂത്തുവാരി കാലിക്കറ്റ് ഹീറോസ് സെമിഫൈനലിൽ

ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 15-14, 15-10, 15-14, 15-14, 15-9 എന്ന സ്‌കോറിനാണ് കാലിക്കറ്റിന്റെ തകർപ്പൻ വിജയം.

Update: 2022-02-21 17:16 GMT

ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനെ അഞ്ചു സെറ്റുകൾക്ക് തകർത്തുവിട്ട് കാലിക്കറ്റ് ഹീറോസ് റുപേ പ്രൈം വോളിബോൾ ലീഗിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 15-14, 15-10, 15-14, 15-14, 15-9 എന്ന സ്‌കോറിനാണ് കാലിക്കറ്റിന്റെ തകർപ്പൻ വിജയം. കാലിക്കറ്റ് ഹീറോസിന്റെ ഡേവിഡ് ലീ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് സെറ്റ് വിജയത്തോടെ ബോണസ് പോയിന്റ് നേടിയ കാലിക്കറ്റ് ആറു മത്സരങ്ങളിൽ നിന്ന് ഏഴു പോയിന്റുമായി ലീഗ് പട്ടികയിൽ രണ്ടാമതെത്തി.

എസ്.വി ഗുരു പ്രശാന്തിന്റെ സ്പൈക്കിൽ ബ്ലാക്ക് ഹോക്സ് ആദ്യ സെറ്റിൽ 11-9ന് മുന്നിലെത്തി. ഉടൻ തന്നെ ഒരു സൂപ്പർ പോയിന്റ് നേടിയ കാലിക്കറ്റ് ഹീറോസ് സ്‌കോർ 11-11ന് സമനിലയിലാക്കി. കടുത്ത പോരാട്ടം തുടർന്ന ഇരുടീമുകളും 14-14ൽ നിൽക്കെ വിഘ്നേഷ് രാജിന്റെ തകർപ്പൻ സ്മാഷിലൂടെ കാലിക്കറ്റ് ആദ്യ സെറ്റ് 15-14 ന് കീഴടക്കി. ഡേവിഡ് ലീയുടെ മികവിൽ രണ്ടാം സെറ്റിൽ ഹീറോസ് 5-1ന് വൻ ലീഡ് നേടി. ക്യാപ്റ്റൻ ജെറോം വിനിത് തലയുയർത്തി നിന്നു, ഹീറോസ് കുതിപ്പ് തുടർന്നു. അജിത്ലാലിന്റെ ഒരു തകർപ്പൻ സ്മാഷ് സ്‌കോർ 12-8 ആക്കി. 15-10ന് രണ്ടാം സെറ്റ് അവസാനിപ്പിച്ച് കാലിക്കറ്റ് മത്സരത്തിൽ 2-0ന് മുന്നിലെത്തി.

Advertising
Advertising



മൂന്നാം സെറ്റിൽ ബ്ലാക്ക് ഹോക്സ് തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചു. അമിത് ഗുലിയയുടെ രണ്ട് മികച്ച സ്പൈക്കുകൾ അവർക്ക് 6-4ന് ലീഡ് നൽകി. എന്നാൽ അബിൽ കൃഷ്ണൻ, ജെറോം വിനിത് എന്നിവരിലൂടെ ഹീറോസ് തിരിച്ചടിച്ചു, 11-11ന് സമനില. ഇരുടീമുകളും പോയിന്റുകൾ നിലനിർത്തിയതോടെ സ്‌കോർ 14-14ലെത്തി. അബിൽ കൃഷ്ണയുടെ മറ്റൊരു മികച്ച സ്പൈക്കിലൂടെ 15-14ന് മൂന്നാം സെറ്റ് നേടിയ ഹീറോസ് മത്സരവും സ്വന്തമാക്കി.



 നാലാം സെറ്റിൽ ബ്ലാക്ക് ഹോക്സ് 9-6ന് മുന്നിലെത്തി. ഡേവിഡ് ലീയിലൂടെ തിരിച്ചടിച്ച ഹീറോസ് സ്‌കോർ 9-9ന് സമനിലയിലാക്കി. നിമിഷങ്ങൾക്കകം നിർണായക സൂപ്പർ പോയിന്റ് നേടിയ കാലിക്കറ്റ് 12-9ന് മൂന്ന് പോയിന്റ് ലീഡ് നേടി. അമിത ഗുലിയയുടെ പ്രകടനം സ്‌കോറുകൾ 14-14ന് സമനിലയിലാക്കാൻ ഹൈദരാബാദിനെ സഹായിച്ചെങ്കിലും ഹീറോസ് സെറ്റ് വിട്ടുകൊടുത്തില്ല. നാലാം സെറ്റ് 15-14ന് ടീം നേടി. ബോണസ് പോയിന്റ് ലക്ഷ്യമിട്ട് കളിച്ച ഹീറോസ് അവസാന സെറ്റിൽ വൻ ലീഡുമായി കുതിച്ചു. 10-4ന് ലീഡെടുത്ത കാലിക്കറ്റ് ക്യാപ്റ്റന്റെ സ്മാഷിൽ ആധിപത്യം തുടർന്ന് 15-9ന് അവസാന സെറ്റും അക്കൗണ്ടിലാക്കി. റുപേ പ്രൈം വോളിബോൾ ലീഗിൽ ആറ് മത്സരങ്ങളും പൂർത്തിയാക്കിയ കാലിക്കറ്റ് ഹീറോസ് മൂന്ന് മത്സരങ്ങൾ ജയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് 6.50ന് നടക്കുന്ന മത്സരത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ നേരിടും. അവശേഷിക്കുന്ന ഒരേയൊരു സെമി സ്പോട്ട് ഉറപ്പാക്കാൻ കൊ ബാക്കിയുള്ള രണ്ടു മത്സരങ്ങളിലും വൻ വിജയം അനിവാര്യമാണ്


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News