മെസിയെ വിടാതെ പി.എസ്.ജി അള്‍ട്രാസ്; അമേരിക്കയിലും താരത്തിനെതിരെ ബാനര്‍

കഴിഞ്ഞ ദിവസം ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിനെതിരെയും പി.എസ്.ജി ആരാധകര്‍ ബാനറുയര്‍ത്തിയിരുന്നു

Update: 2023-08-27 06:35 GMT
Advertising

മയാമി: ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽ നിന്ന് രണ്ട് സൂപ്പര്‍ താരങ്ങളാണ് ഇക്കുറി പടിയിറങ്ങിയത്. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർമയാമിയിലേക്ക് കൂടുമാറിയപ്പോൾ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാലിലേക്കാണ് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ കൂടുമാറിയത്.

 പി.എസ്.ജി ജഴ്സിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷം ലയണല്‍ മെസ്സിക്ക് കാര്യങ്ങള്‍ അത്രക്ക്  സുഖകരമായിരുന്നില്ല. പോയ വര്‍ഷം മാത്രം പലവുരു പി.എസ്.ജി ആരാധകര്‍ സ്വന്തം തട്ടകത്തില്‍ വച്ച് മെസ്സിക്കെതിരെ കൂവിയാര്‍ക്കുന്ന കാഴ്ചകള്‍  കണ്ടു. ക്ലബ്ബിനോട് വിടപറയുന്ന അവസാന നിമിഷങ്ങളിലും മെസ്സിയെ കൂവലുകളുമായാണ് ആരാധകര്‍ യാത്രയാക്കിയത്. ഇപ്പോഴിതാ മയാമിയിലും മെസ്സിയെ വിടാതെ പിന്തുടരുകയാണ് പി.എസ്.ജി അള്‍ട്രാസ് എന്ന ആരാധകക്കൂട്ടം. മയാമിയില്‍ മെസ്സിയുടെ കളി അരങ്ങേറുന്ന ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തിന് മുന്നില്‍ ''മെസ്സി ഫൈനലി റിഡ് ഓഫ് ദ റൂഡ്'' എന്നെഴുതിയ ബാനര്‍ പി.എസ്.ജി ആരാധകര്‍ ഉയര്‍ത്തി. സോഷ്യല്‍ മീഡിയയില്‍ ഇത് പെട്ടെന്ന് തന്നെ ചര്‍ച്ചയാവുകയും ചെയ്തു.

നേരത്തേ ലീഗ് വണ്ണില്‍ ലെന്‍സിനെതിരായ മത്സരത്തിനിടെ ടീം വിട്ട് പോയ നെയ്മറിനെതിരേയും പി.എസ്.ജി അള്‍ട്രാസ് ഗാലറിയില്‍ ബാനറുയര്‍ത്തിയിരുന്നു. ''നെയ്മര്‍ ഫൈനലി റിഡ് ഓഫ് റൂഡ്'' എന്നായിരുന്നു ഗാലറിയിലെ ബാനറുകളില്‍ എഴുതിയിരുന്നത്. ടീം വിട്ട് പോയിട്ടും താരങ്ങളെ ഇങ്ങനെ വിടാതെ പിന്തുടരുന്നതില്‍ കടുത്ത വിമര്‍ശനമാണ് പി.എസ്.ജി അള്‍ട്രാസിനെതിരെ ഉയരുന്നത്. 

മെസി ക്ലബ്ബ് വിടാൻ തീരുമാനിച്ച ഘട്ടത്തിലും പി.എസ്.ജി അൾട്രാസ് ക്ലബ്ബ് ആസ്ഥാനത്ത് പ്രതിഷേധം നടത്തിയിരുന്നു. മെസ്സിക്കെതിരെ അസഭ്യമുദ്രാവാക്യങ്ങൾ  മുഴക്കിയ ആരാധകർ മെസ്സി കാര്യങ്ങൾ പ്രയാസമാകുമ്പോൾ തടിയൂരുകയാണ് എന്നാരോപിച്ചു. കഴിഞ്ഞ വർഷം യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ് പി.എസ്.ജി പുറത്തായതിന് പിറകേ അരങ്ങേറിയ ലീഗ് മത്സരത്തിൽ കൂവലുകളുമായാണ് താരത്തെ ആരാധകർ മൈതാനത്തേക്ക് വരവേറ്റത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News