ഇന്ത്യയുടെ എക്കാലത്തേയും മികച്ച ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ശ്രീശാന്ത്; എയറിൽ കയറ്റി ആരാധകർ

സ്പോര്‍ട്സ് കീഡക്ക് വേണ്ടിയാണ് ശ്രീശാന്ത് ടീമിനെ തെരഞ്ഞെടുത്തത്

Update: 2023-09-28 09:46 GMT
Advertising

21ാം നൂറ്റാണ്ടിൽ ഇന്ത്യയുടെ രണ്ട് ലോകകപ്പ് കിരീട നേട്ടങ്ങളിൽ പങ്കുവഹിച്ച താരമാണ് എസ്.ശ്രീശാന്ത്. 2007 ൽ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടുമ്പോഴും 2011 ൽ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം  ചൂടുമ്പോഴും മലയാളിയായ ശ്രീശാന്ത് ഇന്ത്യൻ ടീമിലുണ്ടായിരുന്നു. ടി20 ലോകകപ്പ് കലാശപ്പോരിൽ മിസ്ബാഉൽ ഹഖിന്റെ ക്യാച്ചെടുത്ത് ഇന്ത്യയെ വിജയ തീരമണച്ചത് ശ്രീശാന്തായിരുന്നു.

ഇപ്പോഴിതാ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഏകദിന ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് താരം. ശ്രീശാന്തിന്റെ ടീമിൽ ശ്രീശാന്ത് സ്വന്തം പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ ഒറ്റ ഏകദിന ലോകകപ്പിൽ മാത്രം കളിച്ച ശ്രീശാന്തിന് അത്ര മികച്ച പ്രകടനമൊന്നും ടീമിനായി പുറത്തെടുക്കാനായിട്ടില്ല. എന്നിട്ടും താരം ടീമിൽ സ്വന്തം പേരെഴുതിച്ചേർത്തതിനെ ട്രോളി ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിക്കഴിഞ്ഞു. സ്പോര്‍ട്സ് കീഡക്ക് വേണ്ടിയാണ് ശ്രീശാന്ത് ടീമിനെ തെരഞ്ഞെടുത്തത്.

തന്റെ സമകാലികരായ കളിക്കാരിൽ നിന്നാണ് ഭൂരിപക്ഷം കളിക്കാരേയും ശ്രീശാന്ത് ഓൾ ടൈം ഇലവനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 1983 ൽ ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച ടീമില്‍ നിന്ന് നായകൻ കപിൽ ദേവൊഴികെ മറ്റാരും  ശ്രീശാന്തിന്റെ ഇലവനില്‍ ഇടംപിടിച്ചിട്ടില്ല‍. കപിൽ ദേവ് നായകനാവുന്ന ടീമിൽ നിലവിലെ ഇന്ത്യൻ നായകൻ രോഹിത് ശർമയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുമാണ് ഓപ്പണർമാർ.

ശ്രീശാന്തിന്റെ ഓൾ ടൈം ഏകദിന ലോകകപ്പ് ഇലവൻ

രോഹിത് ശർമ, സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ്ലി,സൗരവ് ഗാംഗുലി, യുവരാജ് സിങ്, എം.എസ് ധോണി(വിക്കറ്റ് കീപ്പര്‍) കപിൽദേവ് (ക്യാപ്റ്റന്‍) ഹർഭജൻ സിങ്, അനിൽ കുംബ്ലേ, സഹീർ ഖാൻ, എസ്.ശ്രീശാന്ത്, പ്രഗ്യാൻ ഓജ (12ാമൻ)

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News