Writer - അൻഫസ് കൊണ്ടോട്ടി
anfas123
Photo: MediaOne
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ കിരീടത്തിലേക്ക് കുതിപ്പ് തുടരുന്നു. 1472 പോയിന്റുമായി ബഹുദൂരം മുൻപിൽ ആണ് തിരുവനന്തപുരം. 694 പോയിന്റുമായി തൃശ്ശൂർ പോയിന്റുമായി രണ്ടാമതും പാലക്കാട് 615 പോയിന്റുമായി മൂന്നാമതുമായാണ് പോയിന്റ്‍പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. അത്‌ലറ്റിക്സ് മത്സരങ്ങളിലെ മികവാണ് പാലക്കാടിനെ മൂന്നാമത് എത്തിച്ചത്. അത്‌ലറ്റിക്സിൽ പാലക്കാട് ആണ് ഒന്നാമത്.
ഗെയിംസിലും അത്ലറ്റിക്സിലും മികവാർന്ന പ്രകടനം കാഴ്ച വെച്ചതോടെയാണ് തിരുവനന്തപുരം എതിരാളികളെ ബഹുദൂരം പിന്നിലാക്കിക്കൊണ്ട് പോയിന്റ്പട്ടികയിൽ മുന്നോട്ട് കുതിച്ചത്. അത്ലറ്റിക്സ് മത്സരങ്ങളിൽ 114 പോയിന്റിന്റെ ലീഡ് പാലക്കാടിനുണ്ടെങ്കിലും പട്ടികയിൽ ഉയർച്ച താഴ്ചകൾക്കുള്ള സാധ്യത ഇനിയുമേറെയാണ്.
സ്കൂളുകൾ തമ്മിൽ നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ 40 പോയിന്റുമായി പുനലുംപാറ ഒന്നാമതും 34 പോയിന്റുമായി മുണ്ടൂർ രണ്ടാമതുമാണുള്ളത്. 33 പോയിന്റുള്ള നാവാമുകുന്ദയാണ് മൂന്നാം സ്ഥാനത്തുള്ളത്.
സമയക്കുറവ് മൂലം ഇന്നലെ മാറ്റിവെച്ച ത്രോ മത്സരങ്ങളും ഫുട്ബോളിന്റെ ഫൈനലും ഇന്ന് നടക്കും. ഇന്ന് നടക്കാനിരിക്കുന്ന കലാശപ്പോരിൽ മലപ്പുറവും കോഴിക്കോടും തമ്മിൽ ഏറ്റുമുട്ടും. കളരിപ്പയറ്റ് മത്സരങ്ങൾക്കും ഇന്ന് തുടക്കമാകും.