തീപ്പൊരി ത്രോ, നിര്‍ണായക റണ്ണൗട്ട്‌... കളി തിരിച്ചത് കെ.എല്‍ രാഹുല്‍; അഭിനന്ദനപ്രവാഹം

മിന്നും ഫോമിലുണ്ടായിരുന്ന ലിറ്റണ്‍ ദാസിനെ ഡയറക്ട് ത്രോയിലൂടെ രാഹുല്‍ റണ്ണൌട്ടാക്കിയതാണ് കളിയിലെ വഴിത്തിരിവായത്.

Update: 2022-11-02 14:15 GMT

ബംഗ്ലാദേശിനെതിരെ വീണ്ടും ഒരു ലോകകപ്പ് ദുരന്തം കണ്‍മുന്നിലെത്തിനില്‍ക്കേ രക്ഷകനായത് കെ.എല്‍ രാഹുലിന്‍റെ നിര്‍ണായക നീക്കം. മിന്നും ഫോമിലുണ്ടായിരുന്ന ലിറ്റണ്‍ ദാസിനെ ഡയറക്ട് ത്രോയിലൂടെ രാഹുല്‍ റണ്ണൌട്ടാക്കിയതാണ് കളിയിലെ വഴിത്തിരിവായത്. വിജയപ്രതീക്ഷയില്‍ നിന്ന ബംഗ്ലാദേശ് ഇതോടെ അപ്രതീക്ഷിത തിരിച്ചടയില്‍ വീണു. മത്സരഫലം തന്നെ മാറിമറിഞ്ഞു. ഒടുവില്‍ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിന് ഇന്ത്യ വിജയമുറപ്പിച്ചു. 

നേരത്തെ ഡക്വര്‍ത്ത് ലൂയിസ്  നിയമപ്രകാരം ബംഗ്ലാദേശ് ലക്ഷ്യത്തേക്കാള്‍ 17 റണ്‍സകലെ നില്‍ക്കുമ്പോള്‍ മഴ വന്ന് കളി മുടക്കുകയായിരുന്നു. ബംഗ്ലാദേശ് ഇന്നിങ്‌സിൽ 7 ഓവർ പിന്നിട്ടപ്പോഴാണ് മഴയെത്തിയത്. 59 റൺസുമായി ലിറ്റൺ ദാസും ഏഴ് റൺസുമായി നജ്മുലും ക്രീസിൽ നില്‍ക്കെയാണ് ബംഗ്ലാദേശിന് അനുകൂലമായി മഴയെത്തിയത്.

Advertising
Advertising

മത്സരം നിര്‍ത്തിവെക്കേണ്ടി വന്നാല്‍ ഇന്ത്യ കളി തോല്‍ക്കും. അങ്ങനെയൊരു സാഹചര്യം നിലനില്‍ക്കെ പരാജയം മണത്ത ഇന്ത്യക്ക് ആശ്വാസമായി കളി വീണ്ടും പുനരാരംഭിച്ചു. വീണുകിട്ടിയ രണ്ടാം അവസരത്തില്‍ ഇന്ത്യ സാഹസത്തിന് മുതിര്‍ന്നില്ല. ലിറ്റണ്‍ ദാസിനെ ഉഗ്രന്‍ റണ്ണൌട്ടിലൂടെ മടക്കി രാഹുല്‍ ഇന്ത്യക്ക് ജീവശ്വാസം നല്‍കി.  മിഡ് വിക്കറ്റിലേക്ക് നജ്മുല്‍ ഹുസൈന്‍ തട്ടിയിട്ട പന്തില്‍ ഡബിളിന് ശ്രമിക്കുമ്പോഴായിരുന്നു നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലേക്ക് രാഹുലിന്‍റെ തീപ്പൊരി ത്രോ. ഫുള്‍ലെങ്ത് ഡൈവ് ചെയ്തിട്ടും ലിറ്റണ്‍ ദാസിന് ക്രീസിന്‍റെ കുമ്മായ വര കടക്കാനായില്ല. 27 പന്തില്‍ 60 റണ്‍സോടെ ബംഗ്ലാ ഇന്നിങ്സിനെ നയിച്ച ലിറ്റണ്‍ ദാസിന്‍റെ വിക്കറ്റ് വീണതോടെ ഇന്ത്യ കളിയില്‍ പിടിമുറുക്കി. 

വീണുകിട്ടിയ രണ്ടാം അവസരത്തില്‍ പിഴവ് വരുത്താതെ ഇന്ത്യന്‍ ബൌളര്‍ പന്തെറിഞ്ഞപ്പോള്‍ കളി ഇന്ത്യ പിടിച്ചടക്കി. അര്‍ഷ്ദീപ് സിങും ഹര്‍ദിക് പാണ്ഡ്യയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി ഒരു വിക്കറ്റ് വീഴ്ത്തി. നൂറുല്‍ ഹസനും തസ്കിന്‍ അഹമ്മദും ചേര്‍ന്ന് അവസാന ഓവറുകളില്‍ ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും ലക്ഷ്യത്തിന് അഞ്ച് റണ്‍സകലെ ബംഗ്ലാ ഇന്നിങ്സ് അവസാനിച്ചു.

ജയത്തോടെ ഇന്ത്യ സെമിഫൈനല്‍ സാധ്യത സജീവമാക്കി. ഗ്രൂപ്പ് ബിയില്‍ നാല് കളികളില്‍ നിന്ന് ആറ് പോയിന്‍റുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. അഞ്ച് പോയിന്‍റുള്ള സൌത്താഫ്രിക്ക രണ്ടാം സ്ഥാനത്തും തോല്‍വിയോടെ ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തുമാണ്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News