യൂറോപ്പിൽ പ്രതിമാസം 1.5 ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന ഒരു ഇന്ത്യൻ വിദ്യാർഥിയുടെ അവകാശവാദം സമൂഹമാധ്യമങ്ങളിൽ പുതിയ തർക്കത്തനിന് തുടക്കമിട്ടു. എക്സിൽ പങ്കുവെച്ച വീഡിയോയിലാണ് യൂറോപ്യൻ യൂണിയൻ തനിക്ക് ഓരോ മാസവും 1,400 യൂറോ നൽകുന്നുണ്ടെന്ന് വിദ്യാർഥി പറഞ്ഞത്.
വാടക, യാത്ര, ദൈനംദിന ചെലവുകൾ എന്നിവയ്ക്ക് ഈ തുക ധാരാളമാണെന്നും യുവാവ് വീഡിയോയിൽ വിശദീകരിച്ചു. മാത്രമല്ല, ഓരോ മാസവും ഏകദേശം 600 യൂറോ (ഏകദേശം 64,000 രൂപ) ലാഭിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു. ഇത്തരം അവസരങ്ങൾ ലഭിക്കാൻ വെറും മൂന്ന് അടിസ്ഥാന കാര്യങ്ങൾ മാത്രം മതി. ഒരു ബാച്ചിലർ ബിരുദം, സാധുവായ പാസ്‌പോർട്ട്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എന്നിവയാണത്. എന്നാൽ, ഐഇഎൽടിഎസ് (IELTS) പരീക്ഷ എല്ലായ്പ്പോഴും നിർബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ പെട്ടെന്നുതന്നെ ഓൺലൈനിൽ വൈറലായി, യൂറോപ്പിലുള്ള ഉപയോക്താക്കളുടെ ശക്തമായ പ്രതികരണങ്ങൾക്കും കാരണമായി. പ്രാദേശിക വിദ്യാർഥികൾ പോലും വർധിച്ചുവരുന്ന ജീവിതച്ചെലവ് കാരണം ബുദ്ധിമുട്ടുമ്പോൾ ഇത്തരം ധനസഹായങ്ങൾ നൽകുന്നത് നീതിയുക്തമാണോ എന്നാണ് പലരും ചോദ്യം ചെയ്തത്. വെസ്റ്റേൺ രാജ്യങ്ങളിലെ ഹൈസ്കൂൾ ഡിപ്ലോമയേക്കാൾ കുറഞ്ഞ മൂല്യമുള്ള ഒരു ബിരുദവും കൊണ്ട് സിസ്റ്റത്തെ കബളിപ്പിക്കുന്നതിനെക്കുറിച്ച് ഈ വ്യക്തി പരസ്യമായി വീമ്പു പറയുകയാണെന്നാമ് ആക്ഷേപം.
എന്നാൽ ഈ വാദത്തെ എതിർത്ത് പലരും രംഗത്തെത്തി. വിദ്യാർഥികൾ വളരെ കഴിവുള്ളവരാണെങ്കിൽ, പഠനം കഴിഞ്ഞ് ആ രാജ്യത്ത് ഉയർന്ന ശമ്പളമുള്ള സാങ്കേതിക ജോലികൾ ലഭിക്കുമ്പോൾ, അവർ ജീവിതകാലം മുഴുവൻ നൽകുന്ന നികുതി വിഹിതം ലഭിച്ച സ്കോളർഷിപ്പ് തുകയേക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് ഇവർ പറയുന്നു. യഥാർത്ഥ വെല്ലുവിളി കഴിവുള്ളവരെ തിരഞ്ഞെടുക്കുന്നതും അവരെ നിലനിർത്തുന്നതുമാണെന്നും, അല്ലാതെ അവർക്ക് നൽകുന്ന ആനുകൂല്യങ്ങളല്ലെന്നും യുവാവിനെ അനുകൂലിച്ച് പലരും പറഞ്ഞു.
യൂറോപ്യൻ യൂണിയൻ തന്നെ പണം നൽകുമ്പോൾ അദ്ദേഹം എങ്ങനെയാണ് അവരെ കബളിപ്പിക്കുന്നത് ചോദിച്ച ഒരു ഉപഭോക്താവ് ഒരുപക്ഷേ അദ്ദേഹത്തിന്റെ കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കാം ഈ സ്കോളർഷിപ്പ് ലഭിച്ചതെന്നും പറഞ്ഞു.
യുവാവ് വീഡിയോയിൽ പരാമർശിച്ചിരിക്കുന്ന ധനസഹായം ഇറാസ്മസ് മുണ്ടസ് (Erasmus Mundus) പ്രോഗ്രാമുമായി ബന്ധപ്പെട്ടതാണെന്ന് വിവാദത്തിന് പിന്നാലെ റിപ്പോർട്ട് ചെയ്യപ്പെട്ടു. വിവിധ രാജ്യങ്ങളിലായി ജോയിന്റ് മാസ്റ്റേഴ്സ് ഡിഗ്രികൾ പഠിക്കുന്ന വിദ്യാർഥികളെ സഹായിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ നടപ്പിലാക്കുന്ന ഒരു സ്കോളർഷിപ്പ് പദ്ധതിയാണിത്. ഈ പദ്ധതിക്ക് കീഴിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസ സ്റ്റൈപ്പൻഡ്, ട്യൂഷൻ ഫീസ്, യാത്രാ ചെലവുകൾ, ഇൻഷുറൻസ് എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക സഹായം ലഭിക്കും. സാമ്പത്തിക സമ്മർദ്ദമില്ലാതെ വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരമൊരുക്കുക എന്നതാണ് ലക്ഷ്യം.
ഓരോ വർഷവും വളരെ കുറഞ്ഞ എണ്ണം വിദ്യാർഥികളെ മാത്രമേ ഇതിലേക്ക് തിരഞ്ഞെടുക്കാറുള്ളൂ. ഫസ്റ്റ്പോസ്റ്റ് അമേരിക്ക പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022-ൽ 161 ഇന്ത്യൻ വിദ്യാർഥികൾക്കാണ് ഈ സ്കോളർഷിപ്പ് ലഭിച്ചത്. 2024-ൽ ഈ എണ്ണം 146 ആയി കുറയുകയും കഴിഞ്ഞ വർഷം അത് 101 ആയി വീണ്ടും താഴുകയും ചെയ്തു. 2004-ൽ ഈ പദ്ധതി ആരംഭിച്ചതുമുതൽ 2,200-ലധികം ഇന്ത്യൻ വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.