ഗസ്സ പുനർനിർമാണത്തിനുള്ള അറബ് പദ്ധതിയെ പിന്തുണക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങൾ
ഫ്രാൻസ്, ജർമനി, ഇറ്റലി, യുകെ വിദേശകാര്യ മന്ത്രിമാരാണ് 53 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയത്.
ഗസ്സ: അറബ് രാജ്യങ്ങൾ മുന്നോട്ടുവെച്ച ഗസ്സ പുനർനിർമാണ പദ്ധതിയെ പിന്തുണക്കുമെന്ന് പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ. ഫ്രാൻസ്, ജർമനി, ഇറ്റലി, യുകെ വിദേശകാര്യ മന്ത്രിമാരാണ് 53 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയത്. ഗസ്സ മുമ്പിൽ നിന്ന് ഫലസ്തീനികളെ പുറത്താക്കുന്നത് ഒഴിവാക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി.
ഗസ്സയുടെ പുനർനിർമാണത്തിലേക്ക് യാഥാർഥ്യബോധമുള്ള ഒരു പാത ഈ പദ്ധതി കാണിക്കുന്നു. ഇത് നടപ്പാക്കിയാൽ ഗസ്സയിൽ താമസിക്കുന്ന ഫലസ്തീനികളുടെ വിനാശകരമായ ജീവിത സാഹചര്യങ്ങൾ വേഗത്തിലും സുസ്ഥിരമായും മെച്ചപ്പെടുത്താനാവും. ഹമാസ് ഗസ്സ ഭരിക്കുകയോ ഇസ്രായേലിന് ഇനി ഒരു ഭീഷണിയാവുകയോ ചെയ്യരുതെന്നും വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഈജിപ്ത് തയ്യാറാക്കിയ പദ്ധതി ഈ മാസം ആദ്യത്തിൽ അറബ് നേതാക്കൾ അംഗീകരിച്ചിരുന്നു. എന്നാൽ ഇസ്രായേലും യുഎസും ഇത് തള്ളിക്കളഞ്ഞിരുന്നു. ഫലസ്തീനികളെ ജോർദാനിലേക്കും ഈജിപ്തിലേക്കും മാറ്റി ഗസ്സയുടെ നിയന്ത്രണം പൂർണമായും യുഎസ് ഏറ്റെടുക്കുക എന്ന നിർദേശമാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ചത്.
ഗസ്സയുടെ ഭരണത്തിൽ നിന്ന് ഹമാസിനെ മാറ്റിനിർത്തിക്കൊണ്ടുള്ള പദ്ധതിയാണ് ഈജിപ്ത് അവതരിപ്പിച്ചത്. സ്വതന്ത്രരായ ഫലസ്തീൻ ടെക്‌നോക്രാറ്റുകൾ നേതൃത്വം നൽകുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ ഗസ്സയുടെ ഭരണം ഏൽപ്പിക്കണമെന്നാണ് ഈജിപ്ത് നിലപാട്. ഗസ്സയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും ഗസ്സ പുനർനിർമാണത്തിനും ഫലസ്തീൻ അതോറിറ്റിയുടെ നേതൃത്വത്തിൽ ഈ കമ്മിറ്റി നേതൃത്വം നൽകണമെന്നാണ് പദ്ധതിയിൽ പറയുന്നത്.