വടക്കൻ ഗസ്സയിലെ അവസാനത്തെ ആശുപത്രിയും ലക്ഷ്യമിട്ട് ഇസ്രായേൽ; ഐസിയുവിന് നേരെ വെടിയുതിർത്തു

ഇന്തോനേഷ്യൻ ആശുപത്രികൂടി അടച്ചുപൂട്ടുന്നതോടെ വടക്കൻ ഗസ്സയിൽ ആശുപത്രികൾ പൂർണമായും ഇല്ലാതാകും

Update: 2025-05-19 02:24 GMT
Editor : rishad | By : Web Desk

ഗസ്സസിറ്റി: ഗസ്സയിലെ ആശുപത്രികളടക്കം ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വ്യാപക ആക്രമണം. ആശുപത്രികളെ നേരിട്ട് ലക്ഷ്യംവെക്കുന്നുവെന്ന് വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയരക്ടർ ഡോ. മർവാൻ അൽ-സുൽത്താൻ വ്യക്തമാക്കുന്നു.

ഇസ്രായേല്‍ സൈന്യം നേരിട്ട് എത്തിയാണ് ആശുപത്രികള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതെന്നും നിർബന്ധിച്ച് അടച്ചുപൂട്ടിച്ചതായും അദ്ദേഹം പറഞ്ഞു. ഏകദേശം 55ലധികം രോഗികള്‍ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇന്തോനേഷ്യൻ ആശുപത്രി ഡയരക്ടർ വ്യക്തമാക്കുന്നു. 

വടക്കൻ ഗസ്സയില്‍ അവശേഷിക്കുന്ന അവസാനത്തെ മെഡിക്കൽ സെന്ററിന് നേരെയാണ് ഇസ്രായേലിന്റെ ആക്രമണം. ഇന്തോനേഷ്യൻ ആശുപത്രിക്കുള്ളിലെ ഒരു രോഗിയെ  ലക്ഷ്യമാക്കി ഇസ്രായേലി വിമാനം ആക്രമണം നടത്തിയതായി ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ മുനീർ അൽ-ബർഷ് അൽ ജസീറ ടിവിയോട് പറഞ്ഞു.

Advertising
Advertising

മുന്‍കൂര്‍ അറിയിപ്പുകളൊന്നുമില്ലാതെയായിരുന്നു ആക്രമണം. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന് നേരെയും സൈന്യം വെടിയുതിർത്തതായും അദ്ദേഹം പറഞ്ഞു.  ഇന്തോനേഷ്യൻ ആശുപത്രി അടച്ചുപൂട്ടുന്നതോടെ ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൺ എന്നിവ അടക്കമുള്ള വടക്കൻ ഗസ്സയിലെ മറ്റു ആതുരസേവനകേന്ദ്രങ്ങള്‍ കൂടി ഇല്ലാതാകും. കമാൽ അദ്വാൻ, ബെയ്ത്ത് ഹനൂൺ ആശുപത്രികൾ നേരത്തെ ഇസ്രായേൽ സൈന്യം തകര്‍ത്തിരുന്നു. 

അതേസമയം ഗസ്സയിൽ കൊടുംക്രൂരതകളുടെ പരമ്പര തുടരുകയാണ്​ ഇസ്രായേൽ. ഇന്നലെ മാത്രം കൊന്നുതള്ളിയത്​ 144 ഫലസ്തീനികളെയാണ്. ഇതോടൊപ്പം കൂടുതൽ സൈനികരെ വിന്യസിച്ച്​ കരയാക്രമണവും ശക്​തമാക്കിയിരിക്കുകയാണ് ഇസ്രായേൽ സേന. ഗസ്സയെ നിരായുധീകരിക്കും ​വരെ ആക്രമണം നിർത്തില്ലെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News