ഇസ്രായേലിനെ ഭീതിയിലാഴ്ത്തിയ കാട്ടുതീ നിയന്ത്രണവിധേയമാക്കി; അണച്ചത് രണ്ടു ദിവസം നീണ്ട കടുത്ത പരിശ്രമത്തിനൊടുവില്‍

തീപിടിത്തത്തിൽ ഏകദേശം 5,000 ഏക്കർ ഭൂമി നശിച്ചുവെന്നും 17 ഫയര്ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റെന്നും റിപ്പോര്‍ട്ട്

Update: 2025-05-02 03:41 GMT
Editor : Lissy P | By : Web Desk

ജറുസലേം: ഇസ്രായേലിനെ ഭീതിയിലാഴ്ത്തി പടർന്നു പിടിച്ച കാട്ടുതീ നിയന്ത്രണവിധേയമായി. രണ്ടു ദിവസം നീണ്ട കടുത്ത പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രിക്കാനായത്.

ജറുസലേമിനും തെല് അവീവിനുമിടയിൽ 20 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവ് കത്തിനശിച്ചു. ആളപായമൊന്നും ഉണ്ടായില്ലെങ്കിലും തീഅണക്കാനുള്ള ശ്രമത്തില്‍ 17 ഫയര്ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റു. ഏകദേശം 30 മണിക്കൂറിന് ശേഷമാണ് കാട്ടുതീ നിയന്ത്രണ വിധേയമാക്കിയതെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു.

റോഡുകളും ട്രെയിൻ ലൈനുകളും വീണ്ടും തുറക്കുകയും പ്രദേശത്ത് നിന്ന് ഒഴിപ്പിക്കപ്പെട്ടവർക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാൻ അനുമതി നൽകുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തങ്ങളിൽ ഒന്നാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.

Advertising
Advertising

നിയന്ത്രണവിധേയമാക്കിയെങ്കിലും തീപിടിത്തം ഇനിയും ഉണ്ടാകുന്നത് തടയാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്നും അഗ്നിശമന സേന അറിയിച്ചു.

ഫ്രാൻസ് , ഇറ്റലി, സ്പെയിന് അടക്കമുള്ള വിദേശരാജ്യങ്ങളുടെ പിന്തുണയോടെയാണ് രാജ്യം കണ്ടതില്‍ വെച്ചേറ്റവും വലിയ തീപിടിത്തം ഇസ്രായേലിന് നിയന്ത്രിക്കാനായത്. 

തീപിടിത്തത്തിൽ ഏകദേശം 5,000 ഏക്കർ  ഭൂമി നശിച്ചുവെന്നും അതിൽ ഏകദേശം 3,000 ഏക്കർ വനമാണെന്നും ജൂത ദേശീയ ഫണ്ട് പറഞ്ഞു. വെസ്റ്റ് ബാങ്കിലെ കാനഡ പാർക്കിന്റെ ഏകദേശം 70 ശതമാനം ഉള്‍പ്പടെ തീപിടിത്തത്തില്‍ നശിച്ചിട്ടുണ്ട്.  അതേസമയം, തീപിടിത്തം ആരെങ്കിലും മനഃപ്പൂര്‍വം ചെയ്തതല്ലെന്നും, കാല്‍നടയാത്രക്കാരുടെ അശ്രദ്ധ മൂലമുണ്ടായതാകാമെന്നുമാണ് അഗ്നിശമനസേനയുടെ പ്രാഥമിക വിലയിരുത്തലെന്ന് ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News