വെടിനിർത്തൽ അംഗീകരിക്കാതെ ഗസ്സയുടെ സർവനാശം ലക്ഷ്യമിടുന്ന ഇസ്രായേൽ
ഗസ്സയിൽ വെടിനിർത്തൽ അംഗീകരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുതന്നെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള ഇസ്രായേലി നേതാക്കൾ നടത്തുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള ഇസ്രായേലി നേതാക്കൾ നടത്തുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത് ഒരേയൊരു കാര്യമാണ്:- അത് ഗസ്സയിൽ വെടിനിർത്തൽ അംഗീകരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുതന്നെയാണ്. ഈജിപ്തും ഖത്തറും അമേരിക്കയും മധ്യസ്ഥത വഹിക്കുന്ന ചർച്ചയിൽ മുന്നോട്ടുവച്ച കരാർ ഹമാസ് അംഗീകരിച്ചിരുന്നു. എന്നാൽ ഇസ്രായേൽ അതിനോട് അനുകൂല സമീപനമല്ല സ്വീകരിച്ചത്. ഇപ്പോഴിതാ തങ്ങളുടെ വരുതിക്ക് വന്നില്ലെങ്കിൽ സകലതും നശിപ്പിച്ചുകളയും എന്ന ഭീഷണി കൂടി പുറപ്പെടുവിച്ചിരിക്കുകയാണ് സയണിസ്റ്റ് ഭരണകൂടം.
ഇസ്രായേൽ മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കാൻ ഹമാസ് തയാറായില്ലെങ്കിൽ ഗസ്സ നഗരം ഒന്നടങ്കം നശിപ്പിക്കുമെന്നാണ് ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേലി കാറ്റ്സിന്റെ ഭീഷണി. ഗസ്സ പിടിച്ചടക്കാനുള്ള നടപടികൾ ഇസ്രായേൽ ആരംഭിച്ചുവെന്ന അറിയിപ്പിന് പിന്നാലെയാണ് പുതിയ ഭീഷണികളും പുറത്തുവരുന്നത്.
ഗസ്സ നഗരത്തെ നരകമാക്കി മാറ്റുമെന്നാണ് കാട്സ് പറയുന്നത്. റഫയുടെയും ബെയ്ത്ത് ഹാനൂനിന്റെയും വിധിയായിരിക്കും ഗസ്സ നഗരത്തിനും എന്നാണ് കാറ്റ്സിന്റെ മുന്നറിയിപ്പ്. മുഴുവൻ ബന്ധികളെയും മോചിപ്പിക്കാതെ വെടിനിർത്തൽ സാധ്യമാകില്ലെന്നും ഇസ്രായേലി പ്രതിരോധ മന്ത്രി പറയുന്നു. അതേസമയം, സമ്പൂർണ യുദ്ധവിരാമം ഉണ്ടായാൽ മാത്രമേ മുഴുവൻ ബന്ദികളെയും കൈമാറുവേണന്ന് ഹമാസിന്റെ നിലപാട്.
നിലവിൽ ഹമാസ് അംഗീകരിച്ച വെടിനിർത്തൽ കരാർ പ്രകാരം, 60 ദിവസത്തെ പ്രാരംഭ വെടിനിർത്തലിനിടെ ബന്ദികളിൽ പകുതി പേരുടെയും കുറച്ച് ഫലസ്തീൻ തടവുകാരുടെയും മോചനം സാധ്യമാക്കും. ഒപ്പം ഗസ്സയിലേക്കുള്ള സഹായവിതരണം കൂടുതലായി അനുവദിക്കുകയും ചെയ്യും ,
അന്താരാഷ്ട്ര, ആഭ്യന്തര എതിർപ്പുകൾ വ്യാപകമായിരുന്നിട്ടും, ഗസ്സ നഗരത്തിൽ വൻതോതിലുള്ള ആക്രമണ പദ്ധതികൾക്ക് ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഇസ്രായേൽ കാറ്റ്‌സിന്റെ ഭീഷണി. നേരത്തെ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും കാറ്റ്സിന്റേതിന് സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഭീഷണി ആയിരുന്നില്ലെങ്കിൽ പോലും ബന്ദികളെ പൂർണമായി മോചിപ്പിക്കാതെ വെടിനിർത്തൽ ഇല്ല എന്നായിരുന്നു നെതന്യാഹുവിന്റേയും നിലപാട്.
22 മാസങ്ങളായി ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ, 62192 പേർ കൊല്ലപ്പെട്ടിരുന്നു. ഗസ്സ സമ്പൂർണ പട്ടിണിയിലാണെന്ന് കഴിഞ്ഞ ദിവസം യു എൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഭക്ഷ്യ ലഭ്യത നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന ഐക്യരാഷ്ട്രസഭയുടെ സംവിധാനങ്ങൾ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഗസ്സയിൽ യു എൻ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അഞ്ചുലക്ഷത്തിലധികം ഫലസ്തീനികൾ പട്ടിണിയിലും ദാരിദ്ര്യത്തിലുമാണെന്നും മരണത്തിന് വക്കിലാണെന്നുമാണ് യു എൻ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, ഗസ്സയിൽ പട്ടിണിയില്ലെന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം വാദിക്കുന്നത്. യു എന്നിന്റെ കണ്ടെത്തലുകൾ ഹമാസിന്റെ കള്ളത്തരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അവകാശപ്പെടുന്നുണ്ട് സയണിസ്റ്റ് ഭരണകൂടം. ഗസ്സ നഗരം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി, മേഖലയിലെ മുഴുവൻ ആളുകളോടും, അതായത് പത്തുലക്ഷം മനുഷ്യരോട് ഗസ്സയുടെ തെക്ക് ഭാഗത്തേക്ക് പോകാൻ നിർദേശിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഇത് നിലവിൽ അവശേഷിക്കുന്ന ആരോഗ്യ സംവിധാനങ്ങളെ പോലും തകർക്കുന്നതാണ് എന്നാണ് ഗസ്സൻ ആരോഗ്യ മന്ത്രാലയം പറയുന്നത്.
ഗസ്സൻ നഗരത്തിൽ വൻ തോതിലുള്ള ആക്രമണം നടത്തുന്നത് നിരപരാധികളുടെ മരണനിരക്ക് കൂട്ടാൻ കാരണമാകുമെന്നാണ് യു എൻ പറയുന്നത്. ഗാസ നഗരത്തിലെ പുതിയ സൈനിക നടപടി മാനുഷിക പ്രതിസന്ധിയെ കൂടുതൽ ആഴത്തിലാക്കുമെന്ന് ആശങ്കയും യു എൻ പങ്കുവയ്ക്കുന്നുണ്ട്. അതിനിടെയാണ് എല്ലാത്തരം വെടിനിർത്തൽ ചർച്ചകളെയും അട്ടിമറിക്കുന്ന തരത്തിൽ സയണിസ്റ്റ് ഭരണകൂടത്തിന്റെ ഭീഷണി കൂടി പുറത്തുവരുന്നത്