കർണാടകയിൽ ചാമുണ്ഡി ഉത്സവത്തിൽ ബലൂൺ വിറ്റ ശേഷം മാതാവിനൊപ്പം ഉറങ്ങിയ ബാലികയെ പീഡിപ്പിച്ച് കൊന്നു
കലബുറുഗി സ്വദേശിനിയായ പത്ത് വയസുകാരിയാണ് ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
Photo| Special Arrangement
ബംഗളൂരു: മൈസൂരു ദസറ ആഘോഷത്തോട് അനുബന്ധിച്ച് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ തെപ്പോത്സവത്തിൽ ബലൂണുകൾ വിറ്റ് ക്ഷീണിച്ച് രാത്രി മാതാവിനൊപ്പം ടെന്റിൽ ഉറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. കലബുറുഗി സ്വദേശിനിയായ പത്ത് വയസുകാരിയാണ് ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
കിടന്നുറങ്ങിയ ടെന്റിൽ നിന്ന് 50 മീറ്റർ അകലെ മാലിന്യക്കൂനയ്ക്കരികിലാണ് വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. മൈസൂരു ദൊഡ്ഡക്കെരെ മൈതാനത്ത് മാതാപിതാക്കൾക്കൊപ്പം താത്കാലിക ടെന്റിൽ താമസിച്ചിരുന്ന പെൺകുട്ടി മേളയിൽ സന്ദർശകർക്ക് ബലൂണുകൾ വിറ്റ് ഉപജീവനമാർഗം കണ്ടെത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'ബുധനാഴ്ച രാത്രി ചാമുണ്ഡി കുന്നുകളിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ തെപ്പോത്സവത്തിന് പെൺകുട്ടി മാതാപിതാക്കളോടൊപ്പം പോയിരുന്നു. തിരിച്ചെത്തിയ ശേഷം അവൾ അമ്മയുടെ അരികിൽ ടെന്റിൽ ഉറങ്ങി. പിറ്റേന്ന് രാവിലെ അവളെ കാണാതായി'.
'ടെന്റിൽ നിന്ന് ഏകദേശം 50 മീറ്റർ അകലെയുള്ള ഒരു മാലിന്യക്കൂനയ്ക്ക് സമീപം കുടുംബം നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. ലൈംഗികാതിക്രമവും തുടർന്ന് കൊലപാതകവും നടന്നതായി സാഹചര്യങ്ങൾ സൂചിപ്പിക്കുന്നു'. പൊലീസ് സംഘം, ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.