വിദ്യാര്‍ഥിനികളെ മാസങ്ങളോളം പീഡനത്തിനിരയാക്കി; 9 അധ്യാപകര്‍ക്കും പ്രിന്‍സിപ്പാളിനുമെതിരെ കേസ്

എന്തുകൊണ്ടാണ് സ്‌കൂളിൽ പോകാത്തതെന്ന് പെൺകുട്ടിയുടെ പിതാവ് ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്

Update: 2021-12-08 04:58 GMT
Editor : Jaisy Thomas | By : Web Desk

രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിൽ നാല് വിദ്യാർഥിനികളെ മാസങ്ങളോളം പീഡിപ്പിച്ച സംഭവത്തില്‍ ഒന്‍പത് അധ്യാപകര്‍ക്കും പ്രിന്‍സിപ്പാളിനുമെതിരെ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് കേസ് അന്വേഷിക്കുന്നുണ്ടെന്നും മന്ദാന പോലീസ് സ്റ്റേഷൻ ഓഫീസർ മുകേഷ് യാദവ് പറഞ്ഞു.

എന്തുകൊണ്ടാണ് സ്‌കൂളിൽ പോകാത്തതെന്ന് പെൺകുട്ടിയുടെ പിതാവ് ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു വർഷത്തിലേറെയായി സ്‌കൂൾ പ്രിൻസിപ്പാളും മറ്റ് മൂന്ന് അധ്യാപകരും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി രക്ഷിതാക്കളോടു പറഞ്ഞു. രണ്ട് അധ്യാപികമാര്‍ പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയതായും വിദ്യാര്‍ഥിനി പറഞ്ഞു. 3,4,6 ക്ലാസ് വിദ്യാര്‍ഥിനികളെയും അധ്യാപകര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസിന്‍റെ അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും കുട്ടികള്‍ പറഞ്ഞു.

Advertising
Advertising

ഇക്കാര്യം വനിതാ അധ്യാപകരെ അറിയിച്ചപ്പോൾ, ഫീസും പുസ്തകങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വശീകരിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. വിഷയത്തിൽ ആരോടും പരാതിപ്പെടരുതെന്നും അധ്യാപകർ ആവശ്യപ്പെട്ടു. ഇതിനുശേഷം, അധ്യാപിക പെണ്‍കുട്ടികളെ പലതവണ പ്രിൻസിപ്പാളുള്‍പ്പെടെ മൂന്ന് അധ്യാപകരുടെ വീട്ടിൽ കൊണ്ടുപോയതായും പരാതിയില്‍ പറയുന്നു. അധ്യാപകരെല്ലാം മദ്യപിക്കുമായിരുന്നുവെന്നും കുട്ടികള്‍ പറയുന്നു. അതേസമയം, സംഭവത്തെക്കുറിച്ച് അധ്യാപകനോട് പരാതിപ്പെടാൻ സ്‌കൂളിലെത്തിയപ്പോൾ തന്‍റെ സഹോദരൻ മന്ത്രിയാണെന്ന് പ്രിൻസിപ്പാള്‍ പറഞ്ഞതായി ഇരകളിലൊരാളുടെ പിതാവ് പറഞ്ഞു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ പ്രിന്‍സിപ്പാള്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News