മംഗളൂരു: പരമാധികാര രാഷ്ട്രമായ വെനസ്വേലക്കെതിരായ അമേരിക്കയുടെ നടപടികളെ അപലപിച്ച് മംഗളൂരുവിൽ പ്രതിഷേധം. വെനസ്വേലയെ ആക്രമിച്ചതിനും പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയതിനും അപ്രഖ്യാപിത യുദ്ധം നടത്തിയതിനും പ്രതിഷേധമുയര്‍ന്നു.
ആഗോള എണ്ണ വിപണിയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനായി വെനസ്വേല എന്ന ചെറിയ രാഷ്ട്രത്തിനെതിരെ അമേരിക്ക ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത സിപിഎം ദക്ഷിണ കന്നട ജില്ല സെക്രട്ടറി മുനീര്‍ കട്ടിപ്പള്ള ആരോപിച്ചു. രാജ്യത്തിന്റെ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയ സംഭവം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും അക്രമത്തിലൂടെ അമേരിക്ക ആഗോള സമാധാനത്തിന് തടസ്സം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള എണ്ണ വിപണിയില്‍ നിയന്ത്രണം നേടുന്നതിനായി അമേരിക്ക ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും സംഘര്‍ഷങ്ങളും യുദ്ധങ്ങളും സൃഷ്ടിച്ചിട്ടുണ്ടെന്ന് ലേബര്‍ യൂണിയൻ നേതാവ് സുകുമാര്‍ തൊക്കോട്ടു പറഞ്ഞു. നിരവധി രാജ്യങ്ങള്‍ക്കെതിരെ യുഎസ് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും അവരുടെ വിഭവങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇന്ത്യ അത്തരം നടപടികളെ എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമുദായ സംഘടനാ പ്രതിനിധി വാസുദേവ ഉച്ചില്‍, ദലിത് നേതാവ് എം. ദേവദാസ് എന്നിവരും പ്രസംഗിച്ചു.
മംഗളൂരുവിൽ ക്ലോക്ക് ടവറിന് സമീപം നടന്ന പ്രതിഷേധത്തിന് യാദവ് ഷെട്ടി, ബാലകൃഷ്ണ ഷെട്ടി, ഡോ. കൃഷ്ണപ്പ കൊഞ്ചാടി, ബി.കെ ഇംതിയാസ്, ജയന്തി ഷെട്ടി, പ്രമീള, ഭാരതി ബൊളാറ, പ്രമോദിനി, യോഗിത സുവർണ വിലാസിനി, സുഹാസിനി, സുനിൽ കുത്താർ, ജഗദീഷ് ബജാൽ, പി.ജി. റഫീഖ്, ബിലാൽ ബെൻഗ്രേവി, എൻ. വിശ്വനാഥ് മഞ്ഞനാടി, റഫീഖ് ഹരേക്കൽ, കെ.എച്ച്.ഇക്‌സൽ, നാഗേഷ് കൊറ്റ്യൻ, തിമ്മപ്പ കൊഞ്ചാടി, ശ്രീനാഥ് കുലാൽ, രോഹിദാസ് ഭട്‌നാഗർ, മുസാഫർ അഹമ്മദ്, എം.എൻ.ശിവപ്പ, മൈക്കിൾ ഡിസൂസ, രമേഷ് ഉള്ളാൽ, രമേഷ് സുവർണ മുൽക്കി എന്നിവർ നേതൃത്വം നൽകി.